US-Iran Conflict: ഇറാൻ്റെ വിമാനക്കമ്പനികൾക്ക് അന്താരാഷ്ട്ര വിലക്ക്; സഹായിക്കുന്നവർക്കും ഉപരോധമെന്ന് അമേരിക്ക
Global Ban on Iranian Airlines: വിമാനക്കമ്പനികളെ മാത്രമല്ല, അവർക്ക് വിദേശത്ത് പ്രവർത്തിക്കാൻ സഹായം നൽകുന്ന വിമാനത്താവളങ്ങൾ, ടിക്കറ്റിംഗ് കമ്പനികൾ, ഇന്ധന വിതരണക്കാർ, മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവരെയും ലക്ഷ്യം വെച്ചാണ് അമേരിക്കയുടെ പുതിയ നീക്കം. ഇറാനിയൻ വിമാനങ്ങൾക്ക് ഇന്ധനമോ ലാൻഡിംഗ് സേവനങ്ങളോ നൽകാൻ പാടില്ലെന്നും ടിക്കറ്റുകൾ വിൽക്കാൻ പാടില്ലെന്നും ബെസ്സെൻ്റ് വ്യക്തമാക്കി
വാഷിംഗ്ടൺ: ഇറാനിയൻ വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര സർവീസുകൾ ഈ ആഴ്ച മുതൽ പൂർണ്ണമായും നിർത്തലാക്കേണ്ടി വരുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. ഇറാനിയൻ വിമാനങ്ങൾക്ക് സേവനം നൽകുന്നത് തുടർന്നാൽ വിദേശ കമ്പനികൾക്ക് മേൽ കർശന ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെൻ്റ് മുന്നറിയിപ്പ് നൽകി. സി.എൻ.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് ബെസ്സെൻ്റ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകമെമ്പാടുമുള്ള എല്ലാ ഇറാനിയൻ എയർലൈനുകളും ഉടൻ അടച്ചു പൂട്ടും എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
വിമാനക്കമ്പനികളെ മാത്രമല്ല, അവർക്ക് വിദേശത്ത് പ്രവർത്തിക്കാൻ സഹായം നൽകുന്ന വിമാനത്താവളങ്ങൾ, ടിക്കറ്റിംഗ് കമ്പനികൾ, ഇന്ധന വിതരണക്കാർ, മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവരെയും ലക്ഷ്യം വെച്ചാണ് അമേരിക്കയുടെ പുതിയ നീക്കം. ഇറാനിയൻ വിമാനങ്ങൾക്ക് ഇന്ധനമോ ലാൻഡിംഗ് സേവനങ്ങളോ നൽകാൻ പാടില്ലെന്നും ടിക്കറ്റുകൾ വിൽക്കാൻ പാടില്ലെന്നും ബെസ്സെൻ്റ് വ്യക്തമാക്കി. ഈ നിർദ്ദേശങ്ങൾ ലംഘിക്കുന്നവരെ ഡോളർ വിനിമയ വ്യവസ്ഥയിൽ നിന്ന് തന്നെ പുറത്താക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനെ സാമ്പത്തികമായി ഞെരുക്കുക എന്ന ലക്ഷ്യത്തോടെ അമെരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നടപ്പിലാക്കുന്ന സാമ്പത്തിക യുദ്ധത്തിൻ്റെ അടുത്ത ഘട്ടമെന്ന നിലയിലാണ് പുതിയ ഉപരോധം..
Also Read: US – Iran Conflict: അമേരിക്കയുമായി സമാധാന ധാരണയ്ക്ക് ഇറാൻ ശ്രമം; പാക് ആഭ്യന്തര മന്ത്രി ഇറാനിലേക്ക്
അമേരിക്കയുടെ ഈ പുതിയ ഭീഷണിയോട് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, അമേരിക്കൻ ഭീഷണിയെ തുടർന്ന് പല രാജ്യങ്ങളും ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. പ്രഖ്യാപനത്തിന് പിന്നാലെ ഇറാനിയൻ വിമാനക്കമ്പനികളുടെ സർവീസുകൾ നിർത്തിവയ്ക്കുമെന്ന് ഇറാഖ് വൃത്തങ്ങൾ അറിയിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജസികൾ റിപ്പോർട്ട് ചെയ്യുന്നു. ജോർജിയയും ഇറാനിയൻ വിമാനങ്ങൾക്ക് തങ്ങളുടെ രാജ്യത്ത് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തുർക്കി സർക്കാരിൻ്റെ അഭ്യർത്ഥന മാനിച്ച് തുർക്കിയിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചതായി ഇറാനിയൻ എയർലൈനായ മഹാൻ എയർ അറിയിച്ചു.
ഫെബ്രുവരി അവസാനത്തോടെ അമേരിക്ക-ഇസ്രായേൽ സഖ്യം നടത്തിയ ആക്രമണത്തിൽ ഇറാൻ്റെ പരമോന്നത നേതാവും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം ആരംഭിച്ചത്. ഇതിന് മറുപടിയായി, ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ലോകമെമ്പാടും എണ്ണവില കുത്തനെ ഉയർന്നിരുന്നു. ഫെബ്രുവരി അവസാനം നടന്ന ആക്രമണങ്ങൾക്ക് ശേഷം ഇറാൻ്റെ വ്യോമപാത പൂർണ്ണമായും അടച്ചിരുന്നു. പിന്നീട് ചില സർവീസുകൾ പുനരാരംഭിച്ചെങ്കിലും നിലവിൽ ഇറാനിയൻ വിമാനക്കമ്പനികൾക്ക് മാത്രമാണ് സർവീസ് നടത്താൻ സാധിക്കുന്നത്.
English Summary
The US Treasury warned of shutting down Iranian airlines globally, threatening secondary sanctions against any foreign entities providing them fuel, landing services, or tickets amidst the ongoing US-Iran conflict.