US deports Indian Migrants: യുഎസ് നാടുകടത്തൽ: അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കയുടെ മൂന്നാം വിമാനം ഇന്നെത്തും
US Third Batch of Deported Indian Immigrants: ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ടാമത്തെ ബാച്ച് അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി അമേരിക്കൻ സേന വിമാനം അമൃതസറിൽ എത്തിയത്. വിമാനത്തിൽ 119 പേരാണ് ഉണ്ടായിരുന്നത്.

ന്യൂഡൽഹി: അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള അമേരിക്കൻ സേനാ വിമാനം ഇന്നെത്തും. അമേരിക്ക ഇന്ത്യയിലേക്ക് തിരികെ അയക്കുന്ന മൂന്നാമത്തെ ബാച്ച് കുടിയേറ്റക്കാരെയും കൊണ്ടുള്ള വിമാനമാണ് ഇന്ന് അമൃതസറിൽ എത്തുക. ഇന്ന് വൈക്കീട്ട് എത്തുന്ന വിമാനത്തിൽ 157 പേരുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ഭൂരിഭാഗം പേരും ഹരിയാന സ്വദേശികളാണ്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ടാമത്തെ ബാച്ച് അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി അമേരിക്കൻ സേനാ വിമാനം അമൃതസറിൽ എത്തിയത്. വിമാനത്തിൽ 119 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 67 പേര് പഞ്ചാബ് സ്വദേശികളും 33 പേര് ഹരിയാന സ്വദേശികളും ആയിരുന്നു. കൂടാതെ ഗുജറാത്തിൽ നിന്ന് എട്ട് പേരും, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗോവ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് മൂന്ന് പേര് വീതവും ശനിയാഴ്ച ഇന്ത്യയിൽ എത്തിയ വിമാനത്തിൽ ഉണ്ടായിരുന്നു.
ALSO READ: ലോകത്ത് ആദ്യം സ്വവർഗാനുരാഗം തുറന്നുപറഞ്ഞ ഇമാം; മുഹ്‌സിൻ ഹെൻഡ്രിക്‌സ് വെടിവെപ്പിൽ കൊല്ലപ്പെട്ടു
ഫെബ്രുവരി മാസം അഞ്ചാം തീയതി ആണ് അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുടെ ആദ്യ ബാച്ചുമായി അമേരിക്കൻ സേനാ വിമാനം ഇന്ത്യയിൽ എത്തിയത്. ഇവരെ കൈകളിൽ വിലങ്ങ് അണിയിച്ച് സീറ്റിൽ ബന്ധിച്ചാണ് കൊണ്ടു വന്നിരുന്നത്. ഇതിനെതിരെ രാജ്യത്ത് ഉടനീളം വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഈ പശ്ചാത്തലത്തിലാണ് അടുത്ത വിമാനം എത്തിയത്. ഈ ആഴ്ചയ്ക്കുള്ളിൽ തന്നെ മൂന്ന് ബാച്ചുകളായി ഇന്ത്യൻ കുടിയേറ്റക്കാരെ എത്തിക്കും എന്നാണ് വിവരങ്ങൾ.
അതേസമയം, ശനിയാഴ്‌ച എത്തിയ സംഘത്തിലെ രണ്ടു പേരെ ഒരു കൊലപാതക കേസിൽ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശനിയാഴ്ച രാത്രി അമേരിക്കയുടെ സി-17 സൈനിക വിമാനത്തിൽ എത്തിച്ച 116 പേരിലെ പട്യാല ജില്ലയിലെ രാജ്‌പുരയിൽ നിന്നുള്ള രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2023ൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസിലെ പ്രതികളാണ് അറസ്റ്റിലായ സന്ദീപ് സിങ്ങും പ്രതീപ് സിങ്ങും. നാടുകടത്തപ്പെട്ട് അമൃത്സറിൽ എത്തുന്ന ഇന്ത്യക്കാരിൽ കൊലപാതക കേസിലെ പ്രതികളും ഉണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കൃത്യമായി നടത്തിയ ഇടപെടലിലാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. ഇരുവർക്കുമെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് പോലീസ് വ്യക്തമാക്കി.