Donald Trump: ‘ഇന്ത്യയുമായി വമ്പൻ വ്യാപാര കരാർ’; സൂചന നൽകി ട്രംപ്
India US Trade Deal: എല്ലാ രാഷ്ട്രങ്ങളുമായും കരാറുകൾ ഉണ്ടാക്കില്ലെന്ന് ട്രംപ് ഉറപ്പിച്ചു പറഞ്ഞു. യുഎസുമായി വ്യാപാര കരാറിൽ ഏർപ്പെടാത്ത രാജ്യങ്ങൾക്ക് കനത്ത നികുതി ചുമത്താനും സാധ്യതയുള്ളതായി സൂചന നൽകി.
ഇന്ത്യയുമായി വളരെ വലിയ കരാർ ഉണ്ടാകുമെന്ന് സൂചന നൽകി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ചൈനയുമായി കരാർ ഒപ്പിട്ടുവെന്നും ഇന്ത്യയുമായി കരാർ ഒപ്പിടാൻ പോകുന്നുവെന്നുമാണ് ട്രംപ് പറഞ്ഞത്. ബിഗ് ബ്യൂട്ടിഫുൾ ബിൽ പരിപാടിയിൽ സംസാരിക്കവെയാണ് പരാമർശം.
“എല്ലാവരും ഒരു കരാർ ഉണ്ടാക്കാനും അതിൽ പങ്കാളികളാകാനും ആഗ്രഹമുണ്ട്. നിങ്ങൾക്ക് കരാറിൽ ഏർപ്പെടാൻ താത്പര്യമുള്ള ആരെങ്കിലും ഉണ്ടോ? എന്ന് കുറച്ച് മാസങ്ങൾക്ക് മുമ്പ് മാധ്യമങ്ങൾ ചോദിച്ചിരുന്നു, ഇന്നലെ ഞങ്ങൾ ചൈനയുമായി ഒപ്പുവച്ചു. ഞങ്ങൾക്ക് ചില മികച്ച കരാറുകൾ ഉണ്ട്. ഒരു വലിയ കരാർ വരാനിരിക്കുന്നു, ഒരുപക്ഷേ ഇന്ത്യയുമായിട്ടായിരിക്കാം, ട്രംപ് പറഞ്ഞു.
അതേസമയം എല്ലാ രാഷ്ട്രങ്ങളുമായും കരാറുകൾ ഉണ്ടാക്കില്ലെന്ന് ട്രംപ് ഉറപ്പിച്ചു പറഞ്ഞു. യുഎസുമായി വ്യാപാര കരാറിൽ ഏർപ്പെടാത്ത രാജ്യങ്ങൾക്ക് കനത്ത നികുതി ചുമത്താനും സാധ്യതയുള്ളതായി സൂചന നൽകി. “ഞങ്ങൾ എല്ലാവരുമായും കരാറുകൾ ഉണ്ടാക്കാൻ പോകുന്നില്ല. ചിലർക്ക് ഞങ്ങൾ നന്ദി പറഞ്ഞ് കൊണ്ട് കത്തെഴുതും. നിങ്ങൾ 25, 35, 45 ശതമാനം നൽകണം. അത് ചെയ്യാനുള്ള എളുപ്പവഴി അതാണ്, പക്ഷേ എന്റെ ആളുകൾ അത് അങ്ങനെ ചെയ്യാൻ ആഗ്രഹിക്കുന്നില്ല. ഞാൻ ചെയ്യുന്നതിനേക്കാൾ കൂടുതൽ കരാറുകൾ ഉണ്ടാക്കാൻ അവർ ആഗ്രഹിക്കുന്നു, ”അദ്ദേഹം പറഞ്ഞു.
ALSO READ: 6000 ഗുളികകളിലൂടെ ഹെറോയിൻ കടത്താൻ ശ്രമം; ഫുജൈറ വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഒരു വ്യാപാര കരാർ ഉടൻ അന്തിമമാക്കാൻ കഴിയുമെന്നും, ഇരു രാജ്യങ്ങളും അവരുടെ താൽപ്പര്യങ്ങൾക്ക് അനുയോജ്യമായ പൊതുവായ നിലപാട് കണ്ടെത്തുമെന്നും യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക് പറഞ്ഞിരുന്നു. ഈ മാസം ആദ്യം യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
കൂടാതെ ഇന്ത്യയും യുഎസും ഇരു സമ്പദ്‌വ്യവസ്ഥകൾക്കും ഗുണം ചെയ്യുന്ന നീതിയുക്തമായ ഒരു വ്യാപാര കരാറിനെക്കുറിച്ച് ചർച്ചകൾ നടത്തിവരികയാണെന്ന് ജൂൺ 10 ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലും പറഞ്ഞിരുന്നു.