ഒരു ദാക്ഷിണ്യവുമില്ലാതെ ഇന്ന് രാത്രി ഇറാനെ തകർക്കും, വെനസ്വേലയുടെ ഗതിവരുത്തും: ട്രംപ്
Iran, US-Israel war: അമേരിക്കയും ഇസ്രായേലുമായുള്ള സംഘർഷം കനക്കുന്നതിനിടെ ഇറാന് കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇന്ന് രാത്രി ഇറാന് കനത്ത പ്രഹരം തന്നെ നൽകുമെന്നും ഒരു ദാക്ഷിണ്യവുമില്ലാതെയായിരിക്കും ആക്രമണമെന്നും ട്രംപ് ട്രൂത്ത് എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ മുന്നറിയിപ്പ് നൽകി. അവരുടെ എല്ലാ പ്രതിരോധ സംവിധാനങ്ങളും, ആക്രമണ ശേഷിയും ഇല്ലാതായെന്നും ട്രംപ് പറഞ്ഞു.
വാഷിംഗ്ടൺ: അമേരിക്കയും ഇസ്രായേലുമായുള്ള സംഘർഷം (Iran-US-Israel war) കനക്കുന്നതിനിടെ ഇറാന് കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇന്ന് രാത്രി ഇറാന് കനത്ത പ്രഹരം തന്നെ നൽകുമെന്നും ഒരു ദാക്ഷിണ്യവുമില്ലാതെയായിരിക്കും ആക്രമണമെന്നും ട്രംപ് ട്രൂത്ത് എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ മുന്നറിയിപ്പ് നൽകി. ഇറാന്റെ എണ്ണ, വാതക വിപണികളുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുമെന്നും അധികം താമസിയാതെ വെനസ്വേല പോലെ ഇറാനെയും തങ്ങളുടെ കീഴിലാക്കുമെന്നും ട്രംപ് ട്രൂത്തിൽ കുറിച്ചു. സമാധാനക്കരാറുണ്ടാക്കി യുദ്ധം അവസാനിക്കുമെന്ന ഘട്ടത്തിൽ നിൽക്കെയാണ്, മൂന്ന് ദിവസം മുൻപ് വീണ്ടും ഇറാനുമായുള്ള അമേരിക്കയുടെ സംഘർഷം കനത്തത്.
ആക്രമണങ്ങൾ പരസ്പരം നടത്തുന്നതിനിടെ യുഎസുമായുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും പ്രാഥമിക കരാറിലേക്ക് എത്താൻ ശ്രമിക്കുകയാണെന്നും ഇറാനുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനിടെയാണ് ഏറ്റവും പുതിയ സംഭവവികാസമായി ട്രംപിന്റെ ഭീഷണി പോസ്റ്റ് എത്തിയിരിക്കുന്നത്. ഇതോടെ കാര്യങ്ങൾ കൂടുതൽ വഷളാകുന്ന നിലയാണ് കാണുന്നത്.
Also Read: ഒമാൻ തീരത്ത് കപ്പലിനു നേരെയുണ്ടായ ആക്രമണം; മൂന്ന് ഇന്ത്യക്കാരും കൊല്ലപ്പെട്ടു
തന്റെ ട്രൂത്ത് അക്കൗണ്ടിൽ ഡൊണാൾഡ് ട്രംപ് പറഞ്ഞത് ഇങ്ങനെ: ” അമേരിക്ക ഇറാനെ ആക്രമിക്കും (അവരുടെ നാവികസേന, വ്യോമസേന, റഡാർ, ആന്റി എയർക്രാഫ്റ്റ്, മറ്റ് എല്ലാ പ്രതിരോധ സംവിധാനങ്ങളും, അവരുടെ ആക്രമണ ശേഷിയും എല്ലാം ഇല്ലാതായി!), ഇന്ന് രാത്രി വളരെ കഠിനമായി”.
”അധികം താമസിയാതെ തന്നെ, ഞങ്ങൾ ഖാർഗ് ദ്വീപും മറ്റ് എണ്ണ അടിസ്ഥാന സൗകര്യ കേന്ദ്രങ്ങളും പിടിച്ചെടുത്ത്, വെനിസ്വേലയെപ്പോലെ, അവരുടെ എണ്ണ, വാതക വിപണികളുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കും, വെനസ്വേലയ്ക്കും അമേരിക്കയ്ക്കും വേണ്ടി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന വിപണിയാണിത്. ഈ വിഷയത്തിൽ നിങ്ങൾ ശ്രദ്ധ ചെലുത്തിയതിന് നന്ദി! പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപ്”- എന്ന് പറഞ്ഞാണ് ട്രംപ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
ഇന്നലെ ഇറാന് നൽകിയ മുന്നറിയിപ്പിന്റെ തുടർച്ചയായി തന്നെയാണ് ട്രംപിന്റെ ഈ പുതിയ ഭീഷണിയും എത്തിയിരിക്കുന്നത്. ഇറാന്റെ സാമ്പത്തിക ജീവനാഡിയും അവരുടെ ക്രൂഡ് കയറ്റുമതിയുടെ ഏകദേശം 90 ശതമാനവും കൈകാര്യം ചെയ്യുന്നതുമായ ഖാർഗ് ദ്വീപ് ഏറ്റെടുക്കുമെന്ന് ട്രംപ് സ്ഥിരമായി പറയുന്നുണ്ട്. ഈ പ്രസ്താവനകൾ ട്രംപിന്റെ നോട്ടം ഖാർഗ് ദ്വീപ് ആണെന്ന വിലയിരുത്തലുകൾ ശരിവയ്ക്കുന്നു.
ചൊവ്വാഴ്ച ഹോർമുസ് കടലിടുക്കിന് സമീപം ഇറാൻ തങ്ങളുടെ സൈനിക ഹെലികോപ്റ്റർ വെടിവെച്ചിട്ടതായി അമേരിക്ക ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ യുഎസ് ഇറാനുനേരേ വീണ്ടും ശക്തമായ ആക്രമണം ആരംഭിച്ചു. ഇതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് അടയ്ക്കുകയാണെന്ന് ഇറാൻ പ്രഖ്യാപിച്ചു. എണ്ണക്കപ്പലുകളും വാണിജ്യ കപ്പലുകളും ഉൾപ്പെടെയുള്ള എല്ലാ ഗതാഗതങ്ങളും അവസാനിപ്പിച്ചതായി ഇറാന്റെ സൈനിക നേതൃത്വം അറിയിച്ചു.
അമേരിക്കയ്ക്കുള്ള മറുപടിയായി ജോർദാൻ, കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലെ യുഎസ് സൈനികത്താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തി. അതിനിടെ കഴിഞ്ഞദിവസം ഒമാൻ തീരത്ത് യു.എസ് സേന നടത്തിയ ആക്രമണത്തിൽ കാണാതായ മൂന്ന് ഇന്ത്യൻ ജീവനക്കാർ മരണപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെ ശക്തമായി അപലപിച്ച ഇന്ത്യ, അതീവ ആശങ്കാജനകമായ സാഹചര്യമാണിതെന്നും ഇത്തരം ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
English Summary
Amid the escalating tensions between the US and Israel, US President Donald Trump has issued a stern threat to Iran. He warned on his social media account TrumpTruth that Iran will be hit hard tonight and that the attack will be merciless. Trump said that all of Iran’s defenses and offensive capabilities have been eliminated and that Iran, like Venezuela, will take complete control of its oil and gas markets.