Trump’s Next Move: ഇനി ഇറാന്‍! ട്രംപിന്റെ അടുത്ത ലക്ഷ്യം ഖമേനിയുടെ രാജ്യമോ? ആഗോള ദുരന്ത സാധ്യതയെന്ന് മുന്നറിയിപ്പ്
Donald Trump’s Next Target: ഡൊണാള്‍ഡ് ട്രംപ് ലക്ഷ്യമിടുന്ന അടുത്ത രാജ്യം ഇറാനായിരിക്കാമെന്ന് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും നയ വിശകലന വിദഗ്ദ്ധനുമായ ജെഫ്രി സാച്ച്‌സിന്റെ മുന്നറിയിപ്പ്. വിവിധ ഇന്ത്യന്‍ ന്യൂസ് ഔട്ട്‌ലെറ്റുകളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെനസ്വേലയ്ക്ക് ശേഷം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലക്ഷ്യമിടുന്ന അടുത്ത രാജ്യം ഇറാനായിരിക്കാമെന്ന് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും നയ വിശകലന വിദഗ്ദ്ധനുമായ ജെഫ്രി സാച്ച്‌സിന്റെ മുന്നറിയിപ്പ്. വിവിധ ഇന്ത്യന്‍ ന്യൂസ് ഔട്ട്‌ലെറ്റുകളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനിലെ നിലവിലെ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ഇസ്രായേലിന് താല്‍പര്യമുണ്ടെന്നും, ടെല്‍ അവീവിന്റെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങി അമേരിക്ക പ്രവര്‍ത്തിക്കുമെന്നും സാച്ച്സ് പറഞ്ഞു.
അടുത്തതായി ഇറാനെ ലക്ഷ്യം വയ്ക്കുമെന്നാണ് ഭയം. ഇറാനെ നിരീക്ഷിക്കണം. ഇറാനിയൻ സർക്കാരിനെ അട്ടിമറിക്കാൻ ഇസ്രായേൽ ആഗ്രഹിക്കുന്നു. കാരണങ്ങള്‍ വ്യക്തമല്ലെങ്കില്‍ പോലും അമേരിക്ക ഇസ്രായേലിനോട് കടപ്പെട്ടിരിക്കുന്നു. ഇസ്രായേൽ പറയുന്ന യുദ്ധങ്ങളാണ് അമേരിക്ക നടത്തുന്നതെന്നും ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ സാച്ച്സ് പറഞ്ഞു.
ജീവിതച്ചെലവ് വര്‍ധിക്കുന്നതിനെതിരെ ഡിസംബര്‍ അവസാനം മുതല്‍ ഇറാനില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. പ്രതിഷേധങ്ങളില്‍ ഇതുവരെ രണ്ട് ഡസനിലധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് എഎഫ്പിയുടെ റിപ്പോര്‍ട്ട്.
ഇറാനില്‍ നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ച് റിപ്പബ്ലിക്കന്‍മാര്‍ നടത്തുന്ന പ്രസ്താവനകള്‍ക്ക് പിന്നില്‍ ചില ലക്ഷ്യങ്ങളുള്ളതായി സാച്ച്‌സ് സംശയിക്കുന്നു. ഇറാനിലെ ജനങ്ങളെ രക്ഷിക്കാനെന്ന പേരില്‍ ഇറാന്‍ ആക്രമിക്കുന്നതിനുള്ള വാദങ്ങളാണ് അവര്‍ നിരത്തുന്നതെന്നും സാച്ച്‌സ് പറഞ്ഞു.
ഡിസംബര്‍ 29 ന് ട്രംപ് നടത്തിയ ഒരു പ്രസ്താവനയില്‍ അടുത്ത ലക്ഷ്യം ഇറാനാണെന്ന സൂചന ഒളിഞ്ഞിരിപ്പുണ്ടെന്നാണ് സാച്ച്‌സിന്റെ വിലയിരുത്തല്‍. എന്നാല്‍, അമേരിക്ക ഇറാനില്‍ ഇടപെട്ടാല്‍ അത് ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് സാച്ച്‌സിന്റെ നിരീക്ഷണം. അത് ആഗോള ദുരന്തത്തിന് സാധ്യതയൊരുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വെനസ്വേല പോലെയല്ല ഇറാന്‍. ഭൂമിശാസ്ത്രപരമായി വെനസ്വേലയും യുഎസും അടുത്താണ്. അതുകൊണ്ട് തന്നെ ചൈനയും, റഷ്യയും അവിടെ യുഎസിനെ നേരിടാന്‍ ശ്രമിക്കില്ല. എന്നാല്‍ നിരവധി വന്‍ശക്തികളുടെ മധ്യത്തിലാണ് ഇറാന്‍ സ്ഥിതി ചെയ്യുന്നത്.
ഇറാന് ഹൈപ്പർസോണിക് മിസൈലുകളും നാശം വരുത്താന്‍ ശേഷിയുള്ള ആയുധങ്ങളുമുണ്ട്. ഇസ്രായേൽ ഒരു ആണവായുധ രാജ്യമാണ്. മൊത്തത്തിൽ, ഇത് ഒരു ദുരന്തത്തിനുള്ള സാധ്യതയൊരുക്കുമെന്നും ജെഫ്രി സാച്ച്‌സ് പറഞ്ഞു.