Kerala Budget 2026: ഇലക്ട്രിക് ഓട്ടോ വാങ്ങുന്നവർക്ക് സന്തോഷിക്കാം, 40000 ലഭിക്കും, പലിശ ഇളവ് വേറെയും
Bonus for Electric Autos: ഓട്ടോ തൊഴിലാളികൾക്ക് ആശ്വാസമായി ധനസഹായവും പ്രഖ്യാപിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരളത്തെ ഒരു ഇലക്ട്രിക് വാഹന ഹബ്ബാക്കി മാറ്റുക എന്ന സർക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമാണിത്.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ടാം പിണറായി സർക്കാരിന്‍റെ അവസാനത്തേതും ആറാമത്തേയും ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. ബജറ്റിൽ വമ്പൻ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓട്ടോ തൊഴിലാളികൾക്ക് ആശ്വാസമായി ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തെ ഒരു ഇലക്ട്രിക് വാഹന ഹബ്ബാക്കി മാറ്റുക എന്ന സർക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമാണിത്.
ഓട്ടോ തൊഴിലാളികള്‍ക്ക് പരിസ്ഥിതി സൗഹൃദ ഓട്ടോകള്‍ വാങ്ങാൻ 40,000 രൂപയുടെ ധനസഹായം നൽകുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. കൂടാതെ, രണ്ട് ശതമാനം പലിശ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മലിനീകരണം കുറയ്ക്കുന്നതിനും ഹരിത ഊർജ്ജത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ‘പരിസ്ഥിതി സൗഹൃദ ഓട്ടോറിക്ഷകൾ’ വാങ്ങാനായി ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം.
പഴയ പെട്രോൾ, ഡീസൽ ഓട്ടോകൾ മാറ്റി ഇലക്ട്രിക് ഓട്ടോകളിലേക്ക് മാറാൻ ആഗ്രഹിക്കുന്ന സാധാരണക്കാരായ തൊഴിലാളികൾക്ക് ഈ പ്രഖ്യാപനം ആശ്വാസമാണ്. ഇതിലൂടെ ഇന്ധനച്ചെലവ് ലാഭിക്കാനും ദിവസേനയുള്ള വരുമാനം വർദ്ധിപ്പിക്കാനും സാധിക്കും.