Budget 2026: ഈ ബജറ്റ് നിങ്ങള്‍ക്കുള്ളതാണ്; മുതിര്‍ന്ന പൗരന്മാര്‍ക്ക് ലോട്ടറി അടിച്ചേക്കാം
Union Budget 2026 Likely to Bring Benefits for Senior Citizens: പഴയ നികുതി വ്യവസ്ഥയില്‍ മാറ്റം കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാണ്. മുതിര്‍ന്ന പൗന്മാര്‍ക്കുള്ള പലിശ വരുമാനത്തില്‍ നിന്നുള്ള ടിഡിഎസ് കിഴിവ് പരിധി വര്‍ധിപ്പിക്കുകയാണെങ്കില്‍ ഒട്ടേറെ പേര്‍ക്ക് അത് ഗുണം ചെയ്യും.
2025ലെ കേന്ദ്ര ബജറ്റില്‍ ആദായനികുതി, ടിഡിഎസ് ഇളവുകള്‍ ഉണ്ടായിരുന്നു, അതിനാല്‍ തന്നെ 2026ലെ ബജറ്റില്‍ എന്താണ് പ്രഖ്യാപിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പൊതുജനങ്ങള്‍. സാധാരണക്കാര്‍ മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ വരെയുള്ള നികുതിദായകര്‍ക്ക് ഇളവുകള്‍ നല്‍കുന്ന തീരുമാനം കേന്ദ്രം സ്വീകരിക്കുമെന്നാണ് വിവരം. വാടകയില്‍ നിന്നും സ്ഥിര നിക്ഷേപങ്ങളില്‍ നിന്നുമുള്ള വരുമാനത്തിന് ടിഡിഎസ് പരിധി കൂടുതല്‍ വിശാലമാക്കുമെന്നാണ് വിലയിരുത്തല്‍.
പഴയ നികുതി വ്യവസ്ഥയില്‍ മാറ്റം കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാണ്. മുതിര്‍ന്ന പൗന്മാര്‍ക്കുള്ള പലിശ വരുമാനത്തില്‍ നിന്നുള്ള ടിഡിഎസ് കിഴിവ് പരിധി വര്‍ധിപ്പിക്കുകയാണെങ്കില്‍ ഒട്ടേറെ പേര്‍ക്ക് അത് ഗുണം ചെയ്യും. 2025-26 സാമ്പത്തിക വര്‍ഷം മുതല്‍ വാര്‍ഷിക പലിശ വരുമാനം 1 ലക്ഷം കവിയുകയാണെങ്കില്‍ മാത്രമേ ബാങ്കുകള്‍ സ്ഥിര നിക്ഷേപ പലിശയില്‍ നിന്ന് ടിഡിഎസ് കുറയ്ക്കുകയുള്ളൂ. ആദ്യമുണ്ടായിരുന്ന പരിധിയില്‍ നിന്ന് 50,000 ത്തിലേക്ക് ഇത് വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.
നിലവിലെ നികുതി വ്യവസ്ഥയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള അടിസ്ഥാന ഇളവ് പരിധി മൂന്ന് ലക്ഷവും 80 വയസിന് മുകളിലുള്ളവര്‍ക്ക് 5 ലക്ഷവുമാണ്. പുതിയ നികുതി വ്യവസ്ഥ പരിധി 4 ലക്ഷം രൂപ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും സര്‍ക്കാര്‍ പഴയ സംവിധാനം പുനപരിശോധിക്കണമെന്നാണ് അവരുടെ ആവശ്യം.
Also Read: Budget 2026: വീട് വാങ്ങുന്നവര്‍ക്ക് വന്‍ കിഴിവ്? ബജറ്റില്‍ സംഭവിക്കാന്‍ പോകുന്നത്
2024ലെ ബജറ്റില്‍ 75 വയസിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്ന പെന്‍ഷനില്‍ നിന്നും പലിശയില്‍ നിന്നുമുള്ള വരുമാനത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇത് വിരമിച്ച മുതിര്‍ന്ന പൗരന്മാര്‍ക്ക് വലിയ ആശ്വാസമായിരുന്നു. എന്നാല്‍ ഈ പ്രായപരിധി 70 വയസായി കുറയ്ക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. മാത്രമല്ല, സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം, പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ട് എന്നിവയില്‍ നിന്ന് ലഭിക്കുന്ന പലിശയ്ക്കും നികുതി ഇളവുകള്‍ പ്രഖ്യാപിച്ചേക്കാനും സാധ്യതയുണ്ട്.