8th Pay Commission: 69,000 രൂപ മിനിമം ശമ്പളം; ജീവനക്കാരന് ആകെ കിട്ടുക 1.12 ലക്ഷം രൂപയും!
8th Pay Commission Minimum Wage: അടിസ്ഥാന ശമ്പളത്തിൽ വൻ വർദ്ധനവാണ് ജീവനക്കാരുടെ ആവശ്യം. നാഷണൽ കൗൺസിൽ-ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറിയുടെ സ്റ്റാഫ് സൈഡ്, ജീവനക്കാരുടെ കുറഞ്ഞ പ്രതിമാസ അടിസ്ഥാന ശമ്പളം 69,000 രൂപയാക്കി ഉയർത്തണമെന്നും 3.833 ഫിറ്റ്മെന്റ് ഫാക്ടർ നടപ്പിലാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും 8-ാം ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായി പുരോഗമിക്കുകയാണ്. അടിസ്ഥാന ശമ്പളത്തിൽ വൻ വർദ്ധനവാണ് ജീവനക്കാരുടെ ആവശ്യം. നാഷണൽ കൗൺസിൽ-ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറിയുടെ സ്റ്റാഫ് സൈഡ്, ജീവനക്കാരുടെ കുറഞ്ഞ പ്രതിമാസ അടിസ്ഥാന ശമ്പളം 69,000 രൂപയാക്കി ഉയർത്തണമെന്നും 3.833 ഫിറ്റ്മെന്റ് ഫാക്ടർ നടപ്പിലാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഈ നിർദ്ദേശം ലെവൽ 5 ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 1.12 ലക്ഷം രൂപയായി ഉയർത്താൻ സഹായിക്കുമെന്നാണ് വിവരം. എങ്ങനെയെന്ന് പരിശോധിച്ചാലോ…
മിനിമം ശമ്പളം 69,000 രൂപയിലേക്കോ?
5 അംഗങ്ങളുള്ള ഒരു കുടുംബത്തിന്റെ പ്രതിമാസ ചെലവുകൾ അടിസ്ഥാനമാക്കിയാണ് ജീവനക്കാർ 69,000 രൂപ അടിസ്ഥാന ശമ്പളം ആവശ്യപ്പെടുന്നത്. ഭക്ഷണം, വസ്ത്രം, പാർപ്പിടം, വൈദ്യുതി, ഇന്ധന ചെലവുകൾ, വെള്ളം, വൈദഗ്ധ്യ വികസനം, വിനോദം, ആഘോഷങ്ങൾ, സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ചെലവുകൾ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളാണ് യൂണിയൻ തങ്ങളുടെ കണക്കുകൂട്ടലുകളിൽ ഉൾപ്പെടുത്തിയത്.
ഇവയെല്ലാം കണക്കാക്കുമ്പോൾ, പ്രതീക്ഷിക്കുന്ന പ്രതിമാസ ചെലവ് 68,947 രൂപയാകുന്നുണ്ട്. ഇത് റൗണ്ട് ചെയ്താണ് ഗ്രൂപ്പ് സി ജീവനക്കാർക്കായി നിർദ്ദേശിച്ച കുറഞ്ഞ അടിസ്ഥാന ശമ്പളമായി 69,000 രൂപ നിശ്ചയിച്ചത്. നിർദ്ദേശിച്ച കുറഞ്ഞ ശമ്പളത്തെ 7-ാം ശമ്പള കമ്മീഷന് കീഴിലുള്ള നിലവിലെ കുറഞ്ഞ അടിസ്ഥാന ശമ്പളം കൊണ്ട് ഹരിച്ചാണ് ഫിറ്റ്മെന്റ് ഫാക്ടറും കണക്കാക്കിയത്, 69,000 ÷ 18,000 = 3.833.
ALSO READ: റെയില്‍വേ ജീവനക്കാര്‍ക്ക് 69,000 രൂപ അടിസ്ഥാന ശമ്പളം; ഫിറ്റ്‌മെന്റ് ഫാക്ടര്‍ 3.833
1.12 ലക്ഷം രൂപ ശമ്പളത്തിലേക്ക് മാറുന്നത് എങ്ങനെ?
നിലവിലുള്ള ലെവൽ 4, ലെവൽ 5 എന്നിവ ലയിപ്പിച്ച് ഒറ്റ ‘പേ സ്കെയിൽ 3’ ആക്കാൻ യൂണിയനുകൾ കമ്മീഷനോട് നിർദ്ദേശിച്ചിട്ടുണ്ട്. 7-ാം ശമ്പള കമ്മീഷനിൽ, ലെവൽ 4-ന്റെ അടിസ്ഥാന ശമ്പള പരിധി 25,500 രൂപ മുതൽ 81,100 രൂപ വരെയും, ലെവൽ 5-ന്റെ അടിസ്ഥാന ശമ്പള പരിധി 29,200 രൂപ മുതൽ 92,300 രൂപ വരെയുമാണ്. നിർദ്ദിഷ്ട സംയോജിത സ്കെയിൽ കണക്കാക്കുന്നതിനുള്ള റഫറൻസായി യൂണിയനുകൾ ഉപയോഗിച്ചിരിക്കുന്നത് ലെവൽ 5-ലെ ശമ്പള പരിധിയാണ്.
അതനുസരിച്ച്, നിർദ്ദിഷ്ട ഫിറ്റ്മെന്റ് ഫാക്ടറായ 3.833 എന്നത് കുറഞ്ഞ അടിസ്ഥാന ശമ്പളമായ 29,200 രൂപയിൽ ബാധകമാക്കുമ്പോൾ 1,11,924 രൂപ ലഭിക്കും. ഇത് റൗണ്ട് ചെയ്താണ് 1.12 ലക്ഷം രൂപയാക്കുന്നത്. ഇതേ രീതിയിൽ, പരമാവധി അടിസ്ഥാന ശമ്പളമായ 92,300 രൂപയിൽ ഇത് ബാധകമാക്കുമ്പോൾ ഏകദേശം 3.54 ലക്ഷം രൂപ ലഭിക്കും. ഈ രീതിയിലാണ് കണക്കുകൂട്ടലുകൾ നടത്തുന്നത്.
ഇത് അവസാന തീരുമാനമാണോ?
69,000 രൂപ അടിസ്ഥാന ശമ്പളവും 3.833 ഫിറ്റ്മെന്റ് ഫാക്ടറും ജീവനക്കാരുടെ സംഘടനകൾ കമ്മീഷന് മുൻപിൽ വെച്ച നിർദ്ദേശങ്ങൾ മാത്രമാണ്. കേന്ദ്ര സർക്കാർ ഇവ അംഗീകരിക്കുകയോ ഭേദഗതി ചെയ്യുകയോ നിരസിക്കുകയോ ചെയ്യാം. കമ്മീഷൻ സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ടിന്റെയും കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിന്റെയും അടിസ്ഥാനത്തിൽ മാത്രമേ അന്തിമ ശമ്പള പരിഷ്കരണം നിലവിൽ വരൂ.
English Summary:
The National Council-Joint Consultative Machinery Staff Side has proposed a minimum basic salary of Rs 69,000 for central government employees under the 8th Pay Commission, along with a fitment factor of 3.833. The proposed minimum wage was calculated based on the estimated monthly expenses of a five-member family.