8th Pay Commission : മനക്കോട്ട ഒന്നും കെട്ടണ്ട! എട്ടാം ശമ്പള കമ്മീഷനിൽ ഫിറ്റ്മെൻ്റ് ഫാക്ടർ രണ്ട് കടക്കില്ല
8th Pay Commission Fitment Factor : ഏഴാം ശമ്പള കമ്മീഷൻ 2016 പ്രാബല്യത്തിൽ വന്നപ്പോൾ ഫിറ്റ്മെൻ്റ് ഫാക്ട് 2.57 ആയിരുന്നു. എട്ടാം ശമ്പള കമ്മീഷൻ വരുമ്പോഴും ആ പ്രതീക്ഷയിലാണ് സർക്കാർ ജീവനക്കാർ
ജനുവരിയിൽ കേന്ദ്രം എട്ടാം ശമ്പള കമ്മീഷൻ രൂപീകരണം പ്രഖ്യാപിച്ചത് മുതൽ പല കണക്ക് കൂട്ടലിലാണ് കേന്ദ്ര സർക്കാർ ജീവനക്കാർ. അടിസ്ഥാന ശമ്പളം, മറ്റ് അനുകൂല്യങ്ങൾ ഉൾപ്പെടെ അടിമുടി മാറുമ്പോൾ സർക്കാർ ജീവനക്കാർക്ക് കോളടിക്കുമെന്ന് ഉറപ്പ് തന്നെയാണ്. ഫിറ്റ്മെൻ്റ് ഫാക്ടറിൻ്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിൻ്റെ കീഴിലുള്ള സർക്കാർ ജീവനക്കാരുടെയും പെൻഷൻ ഉപയോക്താക്കളുടെയും അടിസ്ഥാന ശമ്പളവും പെൻഷനും എത്ര വർധിക്കുമെന്നറിയാൻ സാധിക്കു. അത് എത്രയാകുമെന്ന കണക്ക് കൂട്ടലിലാണ് ഇപ്പോൾ സർക്കാർ ജീവനക്കാരും പെൻഷൻ ഉപയോക്താക്കളും.
ഏഴാം ശമ്പള കമ്മീഷൻ
2016ൽ ഒന്നാം നരേന്ദ്ര മോദി സർക്കാരിൻ്റെ കാലത്ത് പ്രാബല്യത്തിൽ വന്ന ഏഴാം ശമ്പള കമ്മീഷൻ്റെ ഫിറ്റ്മെൻ്റ് ഫാക്ടർ 2.57 ആയിരുന്നു. അതായത് അന്ന് വരെ (ആറാം ശമ്പള കമ്മീഷൻ) അടിസ്ഥാന ശമ്പളമായി ലഭിച്ചിരുന്ന തുകയുടെ 2.57 തവണയാണ് ഏഴാം ശമ്പള കമ്മീഷനിൽ സർക്കാർ ജീവനക്കാരുടെ വേതനം ഉയർത്തിയത്. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളമായിരുന്ന 7,000 രൂപയിൽ നിന്നും 18,000 ആയി ഉയർന്നു. പെൻഷൻ 3,500ൽ നിന്നും 9,000 രൂപയുമായി.
എട്ടാം ശമ്പള കമ്മീഷനിലേക്ക് വരുമ്പോൾ…
ഇത് പ്രതീക്ഷയിലാണ് എട്ടാം ശമ്പള കമ്മീഷനിലേക്ക് വരുമ്പോൾ സർക്കാർ ജീവനക്കാർക്കുള്ളത്. ഫിറ്റ്മെൻ്റ് ഫാക്ട് 2.5 ആണെങ്കിൽ നിലവിൽ അടിസ്ഥാന ശമ്പളം 18,000 രൂപയുള്ള ജീവനക്കാരന് 45,000 രൂപ ലഭിക്കും. ഡിഎയും മറ്റ് അലവൻസുകളും ചേർന്നാൽ സർക്കാർ കുറഞ്ഞപക്ഷം 60,000 രൂപയെങ്കിലും കൈയ്യിൽ ലഭിക്കും. പക്ഷെ ഫിറ്റ്മെൻ്റ് ഫാക്ടർ 2.5 ആയിരിക്കണം.
ALSO READ : EPF Withdrawal: വിവാഹത്തിന് വേണ്ടി പിഎഫ് തുക പിന്‍വലിക്കാന്‍ പ്ലാനുണ്ടോ? എങ്കില്‍ ഇക്കാര്യം അറിഞ്ഞിരിക്കണം
എന്നാൽ ചില ബിസിനെസ് മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ടുകൾ പ്രകാരം ഇത്തവണ ഫിറ്റ്മെൻ്റ് ഫാക്ടർ രണ്ട് പോലും കടന്നേക്കില്ലയെന്നാണ്. രണ്ടിന് മുകളിൽ ഫിറ്റ്മെൻ്റ് ഫാക്ടർ നൽകാൻ കേന്ദ്രത്തിന് താൽപര്യമില്ല, കുറഞ്ഞപക്ഷം 1.9നും രണ്ടിനും ഇടയിലാകും ഫിറ്റ്മെൻ്റ് ഫാക്ടർറാകാൻ സാധ്യതയെന്നാണ് മുൻ ഫൈനാൻസ് സെക്രട്ടറി സുഭാഷ് ചന്ദ്ര ഗർഗിനെ ഉദ്ദരിച്ചുകൊണ്ട് ഫൈനാഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. അങ്ങനെയെങ്കിൽ സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 34,000 മുതൽ 35,000 രൂപ വരെയാകാം.
പത്ത് വർഷത്തേക്കാണ് ഒരോ ശമ്പള കമ്മീഷനും രൂപീകരിക്കുന്നത്. 2014ൽ രണ്ടാം യുപിഎ സർക്കാർ രൂപീകരിച്ച ഏഴാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വന്നത് 2016ൽ ഒന്നാം മോദി സർക്കാരിൻ്റെ കാലത്താണ്. 2026 ജനുവരി ഒന്ന് മുതലാണ് പുതിയ എട്ടാം ശമ്പള കമ്മീഷൻ്റെ കാലാവധിക്ക് തുടക്കമാകുക. പുതിയ പേ കമ്മീഷൻ പ്രാബല്യത്തിൽ വരാൻ വൈകിയാൽ പോലും വർധിക്കുന്ന ശമ്പളം മുൻകാല പ്രാബല്യത്തിലാണ് ജീവനക്കാർക്ക് ലഭിക്കുക.