8th Pay Commission: ജനുവരി മുതൽ ശമ്പളം എത്ര? അലവൻസുകളിൽ മാറ്റം; എട്ടാം ശമ്പള കമ്മീഷൻ അപ്ഡേറ്റ്!
8th Pay Commission chairperson, ToR and timeline: ജീവനക്കാരുടെ ശമ്പളത്തിലും പെൻഷനിലും വലിയ വർദ്ധനവ് ഉണ്ടാകാൻ സാധ്യതയുണ്ട്. ഫിറ്റ്‌മെന്റ് ഫാക്‌ടർ വർദ്ധിച്ചാൽ, നിലവിലെ 25,000 രൂപ മാസ പെൻഷൻ 50,000 രൂപ വരെയായി ഉയർന്നേക്കും.

പ്രതീകാത്മക ചിത്രം
എട്ടാം ശമ്പളകമ്മീഷനെ കാത്തിരിക്കുന്ന സർക്കാർ ജീവനക്കാർക്ക് പ്രതീക്ഷ നൽകി പുതിയ വിവരങ്ങൾ പുറത്ത്. ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം, അലവൻസുകൾ, പെൻഷൻ എന്നിവ സംബന്ധിച്ച് ശുപാർശകൾ നൽകുന്ന എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനമാണ് കേന്ദ്ര സർക്കാർ നടത്തിയിരിക്കുന്നത്.
വിജ്ഞാപനമനുസരിച്ച് ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയാകും കമ്മീഷൻ ചെയർപേഴ്സൺ. പ്രൊഫ. പുലക് ഘോഷ് പാർട്ട്-ടൈം അംഗവും പങ്കജ് ജെയിൻ മെമ്പർ സെക്രട്ടറിയുമായിരിക്കും. ന്യൂഡൽഹിയിലാണ് ആസ്ഥാനം. കമ്മീഷൻ 18 മാസത്തിനുള്ളിൽ അതിന്റെ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കണം. പ്രവർത്തനത്തിൽ വിദഗ്ധരെയും കൺസൾട്ടന്റുമാരെയും സ്ഥാപനങ്ങളെയും കമ്മീഷൻ ഉൾപ്പെടുത്തിയേക്കാം.
പുതിയ ശമ്പള കമ്മീഷന്റെ ലക്ഷ്യം
ജീവനക്കാരിൽ ഉത്തരവാദിത്തം, കാര്യക്ഷമത, മികച്ച പ്രകടനം എന്നിവയെ അടിസ്ഥാനമാക്കി ശമ്പള വർദ്ധനവ് നൽകുന്ന ഒരു ഘടന ശുപാർശ ചെയ്യുക എന്നതാണ് പുതിയ ശമ്പള കമ്മീഷന്റെ പ്രധാന ലക്ഷ്യം. ജീവനക്കാർക്ക് ജോലിയിൽ കൂടുതൽ പ്രോത്സാഹനം ലഭിക്കുന്ന രീതിയിൽ വേതന ഘടനയിൽ മാറ്റങ്ങൾ വരുത്തിയേക്കും.
കേന്ദ്ര സർക്കാർ ജീവനക്കാർ, പ്രതിരോധ സേനാംഗങ്ങൾ, അഖിലേന്ത്യാ സർവീസിലെ ഉദ്യോഗസ്ഥർ, കേന്ദ്രഭരണ പ്രദേശങ്ങളിലെ ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ വേതനത്തിലും മാറ്റം ഉണ്ടായേക്കാം. പ്രകടനം മെച്ചപ്പെടുത്തുന്നതിനും ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ ബോണസ് പദ്ധതികൾക്ക് ശുപാർശ നൽകിയേക്കും.
ALSO READ: അന്ന് 7000 രൂപ 18000 ആയി, ഇത്തവണ ശമ്പളം 41000-ൽ മുട്ടുമോ?
നിലവിലുള്ള വിവിധതരം അലവൻസുകൾ പരിശോധിച്ച്, ആവശ്യകതയില്ലാത്തവ ഒഴിവാക്കുകയോ ലയിപ്പിക്കുകയോ ചെയ്യുന്നതും ആലോചനയിലുണ്ട്. ദേശീയ പെൻഷൻ സിസ്റ്റത്തിന് (NPS) കീഴിലുള്ളവരുടെയും, അല്ലാത്തവരുടെയും ഡെത്ത്-കം-റിട്ടയർമെന്റ് ഗ്രാറ്റുവിറ്റി, പെൻഷൻ എന്നിവ സംബന്ധിച്ച് ശുപാർശകൾ നൽകും.
ശമ്പളം എത്ര കൂടും?
മുൻ ശമ്പള കമ്മീഷനുകളെ പോലെയാണെങ്കിൽ ജീവനക്കാരുടെ ശമ്പളത്തിലും പെൻഷനിലും വലിയ വർദ്ധനവ് ഉണ്ടാകാൻ സാധ്യതയുണ്ട്. ഫിറ്റ്‌മെന്റ് ഫാക്‌ടർ വർദ്ധിച്ചാൽ, നിലവിലെ 25,000 രൂപ മാസ പെൻഷൻ 50,000 രൂപ വരെയായി ഉയർന്നേക്കും.
നിലവിലെ ബോണസ് പ്ലാനുകളും എല്ലാ അലവൻസുകളും കമ്മീഷൻ വിശദമായി പരിശോധിക്കും. അലവൻസുകളുടെ ആവശ്യകതയും നിബന്ധനകളും വിലയിരുത്തിയ ശേഷം, ആവശ്യമില്ലാത്തവ നിർത്തലാക്കാനും സാധ്യതയുണ്ട്. ഔദ്യോഗികമായി പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും, യാത്രാബത്ത, പ്രത്യേക ഡ്യൂട്ടി ബത്ത, ചെറിയ പ്രാദേശിക ബത്തകൾ, ഡിപ്പാർട്ട്‌മെന്റൽ ബത്തകൾ എന്നിവയിൽ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്.