AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery: ഇനി എല്ലാ ലോട്ടറികൾക്കും കോടിക്കിലുക്കം; ഒന്നാം സമ്മാനം ഒരു കോടി രൂപ, വിലയിലും മാറ്റം

lottery ticket first prizes will be 1 crore: സംസ്ഥാനത്തെ എല്ലാ ലോട്ടറി ടിക്കറ്റുകളുടെയും ഒന്നാം സമ്മാനം ഒരു കോടി രൂപയാക്കി. ലോട്ടറികളുടെ വിലയിലും പേരിലും വ്യത്യാസമുണ്ട്.

Kerala Lottery: ഇനി എല്ലാ ലോട്ടറികൾക്കും കോടിക്കിലുക്കം; ഒന്നാം സമ്മാനം ഒരു കോടി രൂപ, വിലയിലും മാറ്റം
കേരള ലോട്ടറിImage Credit source: Social Media
Abdul Basith
Abdul Basith | Published: 30 Apr 2025 | 10:04 AM

സംസ്ഥാനത്തെ എല്ലാ ലോട്ടറികൾക്കും ഇനി ഒന്നാം സമ്മാനം ഒരു കോടി രൂപ. ലോട്ടറികളുടെ പേരുകളിലും വിലയിലും മാറ്റമുണ്ട്, നേരത്തെ 40 രൂപയായിരുന്ന ലോട്ടറി ടിക്കറ്റുകളുടെ വില 50 രൂപയാക്കി. ഇനി എല്ലാ ലോട്ടറികളുടെയും വില 50 രൂപയാവും. നേരത്തെ പ്രതിവാര ലോട്ടറികളിൽ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയ്ക്ക് മാത്രമായിരുന്നു ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം ഉണ്ടായിരുന്നത്.

ഞായറാഴ്ചകളിൽ അക്ഷയ ലോട്ടറിക്ക് പകരം ഇനി മുതൽ സമൃദ്ധി ലോട്ടറി വിപണിയിലെത്തും. തിങ്കളാഴ്ചയിലെ വിൻ വിൻ ലോട്ടറിയ്ക്ക് പകരം ഭാഗ്യതാര. ചൊവ്വാഴ്ചയിലെ സ്ത്രീശക്തി ലോട്ടറിയുടെ പേര് മാറിയിട്ടില്ല. ബുധനാഴ്ചയിലെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ പേര് ധനലക്ഷ്മി എന്നാക്കി. വ്യാഴാഴ്ചയിലെ കാരുണ്യ പ്ലസ്, ശനിയാഴ്ചയിലെ കാരുണ്യ എന്നീ ലോട്ടറികളുടെയും പേരിൽ മാറ്റമില്ല. വെള്ളിയാഴ്ചയിലെ നിർമൽ ലോട്ടറിയുടെ പേര് സുവർണ കേരളം എന്നാക്കി.

സമൃദ്ധി, ഭാഗ്യതാര ടിക്കറ്റുകളുടെ രണ്ടാം സമ്മാനം 75 ലക്ഷം രൂപ വീതമാണ്. നേരത്തെ, തിങ്കളാഴ്ച പുറത്തിറക്കിയിരുന്ന വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായിരുന്നു 75 ലക്ഷം രൂപ. ഞായറാഴ്ചകളിൽ പുറത്തിറങ്ങിയിരുന്ന അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപയായിരുന്നു. ചൊവ്വാഴ്ചയിലെ സ്ത്രീശക്തിയുടെ രണ്ടാം സമ്മാനം 40 ലക്ഷം രൂപ. ബുധനാഴ്ചയിലെ ധനലക്ഷ്മി, വ്യാഴാഴ്ചയിലെ കാരുണ്യ പ്ലസ്, ശനിയാഴ്ചയിലെ കാരുണ്യ ടിക്കറ്റുകളുടെ രണ്ടാം സമ്മാനം 50 ലക്ഷം രൂപ വീതമാണ്. വെള്ളിയാഴ്ചയിലെ സുവർണകേരളത്തിൻ്റെ രണ്ടാം സമ്മാനമായി 30 ലക്ഷം രൂപ ലഭിക്കും. മൂന്നാം സമ്മാനത്തിലും മാറ്റങ്ങളുണ്ട്. സ്ത്രീശക്തി, സുവർണകേരളം സമൃദ്ധി ടിക്കറ്റുകളുടെ മൂന്നാം സമ്മാനം 25 ലക്ഷം രൂപ വീതവും ധനലക്ഷ്മിയ്ക്ക് 20 ലക്ഷം രൂപയുമാണ് പുതുക്കിയ സമ്മാനഘടന.

ദിവസം ആകെ എട്ട് സമ്മാനങ്ങളെന്നത് 10 എണ്ണമാക്കി വർധിപ്പിച്ചു. അവസാന സമ്മാനം നൂറ് രൂപയായിരുന്നത് 50 രൂപയാക്കി കുറച്ചു. നിലവിൽ 1.08 കോടി ടിക്കറ്റുകളാണ് ശരാശരി വിറ്റുപോകാറുള്ളത്. നിലവിൽ 96 ലക്ഷം ടിക്കറ്റുകൾ വില്പനയ്ക്കെത്തിച്ചിട്ടുണ്ട്. പരിഷ്കരിച്ച ലോട്ടറി ടിക്കറ്റുകളുടെ ആദ്യ നറുക്കെടുപ്പ് മെയ് രണ്ട്, വെള്ളിയാഴ്ച നടക്കും. സുവർണകേരളത്തിൻ്റെ നറുക്കെടുപ്പാണ് ആദ്യം നടക്കുക. പഴയ ലോട്ടറിയിൽ ഫിഫ്റ്റി ഫിഫ്റ്റിയാണ് അവസാനം നറുക്കെടുക്കുക. ഈ മാസം 30, ബുധനാഴ്ചയാണ് നറുക്കെടുപ്പ്.