Coconut Oil Price: വെളിച്ചെണ്ണ വില 300 രൂപയാകുമോ? പ്രതീക്ഷയ്ക്ക് കാരണം….
Coconut Oil Price in Kerala: ഓണക്കാലത്ത് വെളിച്ചെണ്ണയുടെ ഡിമാൻഡ് വർധിക്കുന്നത് വെല്ലുവിളിയാകും, അതിനാൽ വില കൂടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
അഞ്ഞൂറ് രൂപയിൽ നിന്ന് വെളിച്ചെണ്ണ വില കുറയുന്നത് ആശ്വാസകരമാണ്. നിലവിൽ 400- 405 രൂപ നിരക്കിലാണ് വെളിച്ചെണ്ണ വിപണികളിൽ എത്തുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. വില ഇനിയും കുറഞ്ഞ് മുന്നൂറ് രൂപയാകുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ.
വെറും രണ്ടുമാസം കൊണ്ടാണ് കിലോയ്ക്ക് 240 രൂപയായിരുന്ന വെളിച്ചെണ്ണ വില 480 രൂപയിലേക്ക് കുതിച്ചത്. അഞ്ഞൂറ് കടന്ന വെളിച്ചെണ്ണ ജൂലൈ അവസാനത്തോടെ ആണ് 449 രൂപയായി കുറഞ്ഞത്. തമിഴ്നാട്ടിൽ പച്ചതേങ്ങയുടെ വിളയെടുപ്പ് ആരംഭിച്ചത് വില കുറവിന് കാരണമായിട്ടുണ്ട്.
കൂടാതെ, കേരഫെഡ് നാളികേര സംഭരണം ആരംഭിച്ചതോടെ വില വീണ്ടും കുറയുമെന്നാണ് സൂചന. തമിഴ്നാട്ടിൽ കൊപ്ര വില കുറഞ്ഞതും വെളിച്ചെണ്ണ വിലയെ സ്വാധീനിക്കും. നിലവിൽ 231 മുതൽ 252 രൂപയ്ക്ക് വരെ കൊപ്ര ലഭിക്കാൻ തുടങ്ങിയതോടെ ചെറുകിട ഉൽപാദകരും മില്ലുകാരും ലീറ്ററിന് 400 – 410 രൂപ നിരക്കിൽ വെളിച്ചെണ്ണ വിൽക്കുന്നുണ്ട്. അതേസമയം ഓണക്കാലത്ത് വെളിച്ചെണ്ണയുടെ ഡിമാൻഡ് വർധിക്കുന്നത് വെല്ലുവിളിയാകും, അതിനാൽ വില കൂടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
അതേസമയം വെളിച്ചെണ്ണ വില പൊതുവിപണിയിൽ കുറഞ്ഞിട്ടും കേരഫെഡ് 479 രൂപയായി തുടരുകയാണ്. കൊപ്ര ആവശ്യത്തിന് ലഭിച്ചാൽ വെളിച്ചെണ്ണ വില കുറയുമെന്നാണ് കേരഫെഡ് പറയുന്നത്. മുമ്പ് 529 രൂപയായിരുന്നു കേര വെളിച്ചെണ്ണയുടെ വില. ഓണക്കാലം കണക്കിലെടുത്ത് കൂടുതൽ കേര വെളിച്ചെണ്ണ വിൽപന ശാലകളിൽ എത്തിച്ചിട്ടുണ്ട്. ലിറ്ററിന് 457 രൂപ നിരക്കിൽ രണ്ട് ലക്ഷം ലിറ്റർ വെളിച്ചെണ്ണ സപ്ലൈക്കോയ്ക്കും നൽകിയിട്ടുണ്ട്.