Coconut Oil Price: വെളിച്ചെണ്ണ 339 രൂപയ്ക്ക്, ആശ്വാസമായി മന്ത്രിയുടെ പ്രഖ്യാപനം
Supplyco subsidized coconut oil Price: കുറഞ്ഞ വിലയിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കാൻ ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ നാല് വരെ കൺസ്യുമർഫെഡിന്റെ ഓണചന്തകളും ഒരുങ്ങുന്നുണ്ട്.
തിരുവനന്തപുരം: ഓണക്കാലത്ത് വെളിച്ചെണ്ണ വില എത്രയാകുമെന്ന ആശങ്കയിലാണ് മലയാളികൾ. എന്നാൽ പുതിയ പ്രഖ്യാപനവുമായി ഭക്ഷ്യ വകുപ്പ് മന്ത്രി എത്തിയിരിക്കുകയാണ്. ഓണത്തിന് സപ്ലൈകോ വഴി സബ്സിഡി വെളിച്ചെണ്ണ ഒരു കിലോ 339 രൂപയ്ക്ക് നൽകുമെന്ന് മന്ത്രി ജി.ആർ.അനിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സബ്സിഡിയേതര വെളിച്ചെണ്ണ 389 രൂപയ്ക്ക് ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ഓണകിറ്റ് വിതരണം ഓഗസ്റ്റ് 26 മുതൽ തുടങ്ങുമെന്നും ശബരി ബ്രാൻഡിൽ പുതിയ ഉത്പന്നങ്ങൾ സപ്ലൈക്കോ വിപണിയിൽ ഇറക്കിയിട്ടുണ്ടെന്നും മന്ത്രി മുമ്പ് വ്യക്തമാക്കിയിരുന്നു. കൂടാതെ, കുറഞ്ഞ വിലയിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കാൻ ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ നാല് വരെ കൺസ്യുമർഫെഡിന്റെ ഓണചന്തകളും ഒരുങ്ങുന്നുണ്ട്.
ALSO READ: വെളിച്ചെണ്ണ വില 300 രൂപയാകുമോ? പ്രതീക്ഷയ്ക്ക് കാരണം….
26 ത്രിവേണി സൂപ്പർ മാർക്കറ്റുകൾ അടക്കം 167 കേന്ദ്രങ്ങളാണ് ഓണച്ചന്തക്കായി തുറക്കുക. സംസ്ഥാനത്ത് 1800 വിപണന കേന്ദ്രങ്ങൾ തുറക്കും. ജയ, കുറുവ അരി, കുത്തരി, പഞ്ചസാര, കടല, ചെറുപയര്‍, ഉഴുന്ന്, വന്‍പയര്‍, തുവര പരിപ്പ്, മുളക്, മല്ലി, വെളിച്ചെണ്ണ തുടങ്ങിയ സാധനങ്ങളെല്ലാം സബ്‌സിഡി നിരക്കിൽ ലഭ്യമാണ്. ത്രിവേണിയുടെ ഉത്പന്നങ്ങളായ മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, അരിപ്പൊടി, റവ, തേയില, വെളിച്ചെണ്ണ എന്നിവയും കുറഞ്ഞ വിലയിൽ വാങ്ങാം.
കൂടാതെ വിവിധ സഹകരണ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളും വിപണിയിലെത്തുന്നുണ്ട്. സാധനങ്ങളുടെ ഗുണനിലവാരം സര്‍ക്കാര്‍ അംഗീകാരമുള്ള പ്രത്യേക ഏജന്‍സി പരിശോധിച്ചുറപ്പാക്കിയുണ്ട്. ഒരു ദിവസം ഒരു കേന്ദ്ര വഴി 75 പേര്‍ക്കാകും സാധനങ്ങള്‍ ലഭിക്കുക.