Diwali 2025: ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, യുപിഐ; ദീപാവലി ഷോപ്പിംഗിന് ലാഭം ഏത്?
Diwali Shopping with Debit Card, Credit Card and UPI: ഷോപ്പിംഗിന് ഇറങ്ങുമ്പോൾ, പണം കൈകാര്യം ചെയ്യാൻ നിങ്ങൾ തിരഞ്ഞെടുക്കുന്ന മാർഗ്ഗം ഏറെ പ്രധാനമാണ്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, യുപിഐ എന്നിവയിൽ ഏതാണ് മികച്ചത്?
ദീപാവലി പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. സമ്മാനങ്ങളും, മധുരപലഹാരങ്ങളും, പടക്കങ്ങളുമായി ചെലവുകളും അധികം. അതുകൊണ്ട് തന്നെ ഷോപ്പിംഗിന് ഇറങ്ങുമ്പോൾ, പണം കൈകാര്യം ചെയ്യാൻ നിങ്ങൾ തിരഞ്ഞെടുക്കുന്ന മാർഗ്ഗം ഏറെ പ്രധാനമാണ്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, യുപിഐ എന്നിവയിൽ ഏത് ഉപയോഗിച്ചാലായിരിക്കും അധികം ലാഭം കിട്ടുന്നത്?
ഡെബിറ്റ് കാർഡുകൾ
ബഡ്ജറ്റ് നിയന്ത്രിക്കാൻ ഏറ്റവും നല്ലത് ഡെബിറ്റ് കാർഡാണ്. ബാങ്ക് അക്കൗണ്ടിലുള്ള പണം മാത്രമേ ചെലവഴിക്കാൻ സാധിക്കൂ എന്നതിനാൽ ഇവ അധിക കടമുണ്ടാകില്ല. പണം പരിമിതപ്പെടുത്തുന്നതിനാൽ സാമ്പത്തിക അച്ചടക്കം പാലിക്കാനും സഹായിക്കുന്നു.
ചില ബാങ്കുകൾ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ 10% വരെ ഇൻസ്റ്റൻ്റ് ഡിസ്‌കൗണ്ട് ഓഫറുകൾ നൽകാറുണ്ട്. പലിശ നൽകേണ്ട ആവശ്യവും വരുന്നില്ല. എന്നാൽ ക്രെഡിറ്റ് കാർഡുകളെ അപേക്ഷിച്ച് റിവാർഡുകളും ക്യാഷ്ബാക്ക് ഓഫറുകളും പരിമിതമാണ്.
ക്രെഡിറ്റ് കാർഡ്
ക്രെഡിറ്റ് കാർഡുകൾ ഒരു നിശ്ചിത പരിധി വരെ പണം കടം വാങ്ങാൻ നിങ്ങളെ അനുവദിക്കുന്നു. ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ 10% വരെ ക്യാഷ്ബാക്കും മറ്റ് ഇൻസ്റ്റൻ്റ് ഡിസ്‌കൗണ്ടുകളും ലഭിക്കാൻ സാധ്യതയുണ്ട്. വിവിധ വാങ്ങലുകൾക്ക് റിവാർഡ് പോയിൻ്റുകളും നേടാം. ഉയർന്ന വിലയുള്ള സാധനങ്ങൾ തവണകളായി (സീറോ ഇഎംഐ ഓഫറുകൾ ഉൾപ്പെടെ) വാങ്ങാൻ സഹായിക്കും.
എന്നാൽ ബിൽ കൃത്യ സമയത്ത് അടച്ചില്ലെങ്കിൽ ഉയർന്ന പലിശ നൽകേണ്ടിവരും. ചെലവ് പരിധിയില്ലാതെ പോകാൻ സാധ്യതയുണ്ട്. ഇലക്ട്രോണിക്സ്, വലിയ വീട്ടുപകരണങ്ങൾ, വിലകൂടിയ സമ്മാനങ്ങൾ തുടങ്ങിയ വലിയ തുകയുടെ വാങ്ങലുകൾക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാവുന്നതാണ്.
യുപിഐ
വേഗത്തിലുള്ളതും സൗകര്യപ്രദവുമായ ഇടപാടുകൾക്ക് യുപിഐ മികച്ചതാണ്. പലിശ നിരക്കുകളുമില്ല. ഓൺലൈൻ, ഓഫ്‌ലൈൻ ഇടപാടുകൾക്ക് ഇവ ഉപയോഗിക്കാം. ചില യുപിഐ ആപ്പുകൾ ക്യാഷ്ബാക്ക്, റിവാർഡ്സ് എന്നിവ നൽകുന്നുണ്ട്. എന്നാൽ ക്രെഡിറ്റ് കാർഡിനെ അപേക്ഷിച്ച് റിവാർഡുകളും ഓഫറുകളും പൊതുവെ കുറവായിരിക്കും.
ദീപാവലി ഓഫറുകൾ
ക്രെഡിറ്റ് കാർഡുകൾ: എസ്‌ബിഐ, എച്ച്‌ഡിഎഫ്‌സി, കൊട്ടക് തുടങ്ങിയ ബാങ്കുകൾ ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ എന്നിവയിൽ 10% വരെ ക്യാഷ്ബാക്ക്, തൽക്ഷണ കിഴിവുകൾ, സീറോ ഇഎംഐ എന്നിവ നൽകുന്നു.
ഡെബിറ്റ് കാർഡുകൾ: എസ്‌ബിഐ, ആക്സിസ്, ആർബിഎൽ, മറ്റുള്ളവ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ 10% വരെ തൽക്ഷണ കിഴിവ് നൽകുന്നുണ്ട്.
യുപിഐ പേയ്‌മെന്റുകൾ: BHIM, Kiwi, മറ്റ് യുപിഐ ആപ്പുകൾ എന്നിവ ക്യാഷ്ബാക്കും ഉത്സവ ഡീലുകളും വാഗ്ദാനം ചെയ്യുന്നു. ചില ആപ്പുകൾ യുപിഐ-യെ ക്രെഡിറ്റ് കാർഡുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്.