Alliance Air Diwali 2025 Offer: ദീപാവലിക്ക് വിമാനടിക്കറ്റ് കീശ കീറില്ല! നാട്ടിൽ പോകുന്നവർക്ക് ആശ്വാസമായി അലയൻസ് എയറിൻ്റെ നിശ്ചിത നിരക്ക് ഓഫർ
Alliance Air Utsav Offer: ടിക്കറ്റ് നിരക്കുകൾ അവസാന നിമിഷ ബുക്കിംഗുകളിൽ പോലും മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ 'നിശ്ചിത നിരക്ക്' പദ്ധതി ഓഫർ തിങ്കളാഴ്ച മുതൽ നടപ്പാക്കി.സിവിൽ ഏവിയേഷൻ മന്ത്രാലയം (MoCA) നൽകിയ റിപ്പോർട്ട് അനുസരിച്ച് നിലവിലുള്ള ഡൈനാമിക് പ്രൈസിംഗ് സിസ്റ്റത്തിൽ അലയൻസ് എയർ ടിക്കറ്റ് ബുക്ക് ചെയ്യുന്ന തീയതി പരിഗണിക്കാതെ സ്ഥിരമായ ഒരു നിശ്ചിത നിരക്ക് നടപ്പാക്കും.
ലോകമെമ്പാടുമുള്ളവർ ദീപാവലിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. പ്രവാസികളെ സംബന്ധിച്ച് ഇനി നാട്ടിലേക്ക് എത്താനുള്ള തിരക്കാകും. എന്നാൽ വിമാനയാത്രക്കാർക്ക് ആശ്വാസമായി സർക്കാർ ഉടമസ്ഥതയിലുള്ള പ്രാദേശിക വിമാനക്കമ്പനിയായ അലയൻസ് എയർ. ടിക്കറ്റ് നിരക്കുകൾ അവസാന നിമിഷ ബുക്കിംഗുകളിൽ പോലും മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ ‘നിശ്ചിത നിരക്ക്’ പദ്ധതി ഓഫർ തിങ്കളാഴ്ച മുതൽ നടപ്പാക്കി.
സിവിൽ ഏവിയേഷൻ മന്ത്രാലയം (MoCA) നൽകിയ റിപ്പോർട്ട് അനുസരിച്ച് നിലവിലുള്ള ഡൈനാമിക് പ്രൈസിംഗ് സിസ്റ്റത്തിൽ അലയൻസ് എയർ ടിക്കറ്റ് ബുക്ക് ചെയ്യുന്ന തീയതി പരിഗണിക്കാതെ സ്ഥിരമായ ഒരു നിശ്ചിത നിരക്ക് നടപ്പാക്കും. ഈ രീതി സ്വീകരിക്കുന്നതിലൂടെ ഉത്സവ സീസണിലെ അവസാന നിമിഷം ഉണ്ടാകുന്ന നിരക്ക് വർദ്ധനവിനെക്കുറിച്ചുള്ള യാത്രക്കാരുടെ ആശങ്ക ലഘൂകരിക്കപ്പെടുന്നു.
ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡു കിഞ്ചരാപു തിങ്കളാഴ്ച്ചയാണ് ഫെയർ സേ ഫുർസാറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഓഫർ പദ്ധതി ഉദ്ഘാടനം ചെയ്തത്. ഉയർന്നുകൊണ്ടിരിക്കുന്ന വിമാന നിരക്കുകളുടെ സമ്മർദ്ദത്തിൽ നിന്ന് യാത്രക്കാർക്ക് സ്വാതന്ത്ര്യം നൽകുന്നതിനുള്ള ചുവടുവയ്പ്പാണിതെന്ന് അദ്ദേഹം പ്രതികരിച്ചു.ഈ ഓഫർ പദ്ധതി ആദ്യം നടപ്പിലാക്കുക ഒക്ടോബർ 13 നും ഡിസംബർ 31 നും ഇടയിൽ തിരഞ്ഞെടുത്ത റൂട്ടുകളിലാണ്. ഈ നിരക്ക് രീതിയുടെ പ്രവർത്തനക്ഷമതയും യാത്രക്കാരുടെ പ്രതികരണവും വിലയിരുത്തിയ ശേഷം മറ്റ് റൂട്ടുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. വ്യോമയാന മേഖലയെ സാധാരണക്കാർക്കിടയിലേക്ക് കൂടുതൽ പ്രാപ്യമാക്കുക എന്ന സർക്കാരിൻ്റെ ലക്ഷ്യമാണ് ഈ സംരംഭം എന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഏവിയേഷൻ അനലിറ്റിക്സ് സ്ഥാപനമായ സിറിയം പുറത്തുവിട്ട കണക്കുകൾ പ്രകാരം നിലവിൽ അലയൻസ് എയർ ദിമാപൂർ, ഐസ്വാൾ, ജഗദൽപൂർ, ജൽഗാവ്, ബിലാസ്പൂർ, ബിക്കാനീർ, റുപ്സി ഉൾപ്പെടെയുള്ള ചെറിയ സ്ഥലങ്ങളിലേക്കാണ് കൂടുതൽ യാത്ര നടത്തുന്നത്. ആഴ്ചയിൽ ഏകദേശം 390 വിമാന സർവീസുകളാണ് നടത്തുന്നത്. എടിആർ, ഡോർണിയർ ടർബോ തുടങ്ങിയ ചെറിയ വിമാനങ്ങളാണ് സർവീസിനായി ഉപയോഗിക്കുന്നത്. ഈ പ്രവർത്തനങ്ങൾ ആരംഭിച്ചത് 2016-ൽ ആരംഭിച്ച ‘ഉഡാൻ’ പദ്ധതിയുടെ ഭാഗമായാണ്. ഉഡാൻ പദ്ധതി പ്രകാരം സർവീസ് ഇല്ലാത്തതോ കുറഞ്ഞതോ ആയ റൂട്ടുകളിൽ വിമാന സർവീസുകൾ ഉറപ്പാക്കുന്നതിനു വേണ്ടി, വിമാനക്കമ്പനികൾക്ക് സാമ്പത്തിക സഹായം (വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ്), നികുതിയിളവുകൾ, മറ്റ് പ്രവർത്തനങ്ങൾ എന്നിവ സർക്കാർ വാഗ്ധാനം ചെയ്യുന്നു.