Kerala Gold Price: സ്വര്‍ണവില 97,000 കടന്നു; കുതിപ്പ് ഇനിയും തുടരും; ഒരു ലക്ഷം ഉടന്‍
Kerala Gold Rate Today 17-10-2025: സ്വര്‍ണവില സര്‍വകാല റെക്കോഡില്‍. ചരിത്രത്തിലാദ്യമായി പവന് 97000 രൂപ കടന്നു. ട്രെന്‍ഡ് ഇങ്ങനെയാണെങ്കില്‍ ഒരു ലക്ഷം രൂപ ഉടനെയാകുമെന്നാണ് വിലയിരുത്തല്‍. കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില പരിശോധിക്കാം
സ്വര്‍ണവിലയില്‍ സര്‍വകാല റെക്കോഡ് എന്ന വാചകം പണ്ടൊക്കെ വല്ലപ്പോഴുമാണ് കേട്ടിരുന്നതെങ്കില്‍ ഇന്ന് അതല്ല സ്ഥിതി. സ്വര്‍ണവില എന്നും സര്‍വകാല റെക്കോഡ് ഭേദിക്കുന്നതാണ് സമീപകാല ട്രെന്‍ഡ്. പതിവുപോലെ ഇന്നും സ്വര്‍ണവില സര്‍വകാല റെക്കോഡ് താണ്ടി. ഇന്ന് പവന് 97,000 രൂപ കടന്നു. ഒരു പവന് 97,360 രൂപയാണ് വില. പണിക്കൂലിയും, ജിഎസ്ടിയും അടക്കം കണക്കിലെടുക്കുമ്പോള്‍ ഒരു പവന്‍ വാങ്ങണമെങ്കില്‍ ഇന്ന് ഒരു ലക്ഷത്തിലേറെ കൊടുക്കേണ്ടി വരും. വിപണി വില ഒരു ലക്ഷത്തിലെത്താന്‍ ഇനി വെറും 2640 രൂപ മതി. 94520 രൂപയായിരുന്നു ഇന്നലത്തെ നിരക്ക്. ഒറ്റ ദിവസം കൊണ്ട് 2840 രൂപയാണ് വര്‍ധിച്ചത്. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ പവന് നാളെ ഒരു ലക്ഷം കടന്നേക്കും. ഗ്രാമിന് 12,170 രൂപയാണ് ഇന്നത്തെ വില.
ആഗോളതലത്തില്‍ അരങ്ങേറുന്ന ചില പ്രതിഭാസങ്ങളാണ് സ്വര്‍ണവിലയിലെ കുതിപ്പിന് കാരണം. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറയ്ക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഏറ്റവും പുതിയ തിരിച്ചടി. ഈ വര്‍ഷത്തെ അവസാന രണ്ട് നയ യോഗങ്ങളിൽ യുഎസ് സെൻട്രൽ ബാങ്ക് പലിശ നിരക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് ഫെഡറൽ റിസർവ് ഗവർണർ മിഷേൽ ബോമാൻ കഴിഞ്ഞ ദിവസം പറഞ്ഞത്. യുഎസ് സെൻട്രൽ ബാങ്ക് അടുത്ത നയ യോഗം ഒക്ടോബർ 28-29 തീയതികളിൽ നടത്തും. വർഷത്തിലെ അവസാന സെഷൻ ഡിസംബർ രണ്ടാം വാരത്തിൽ നടക്കും. കൂടുതൽ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയുണ്ടെന്ന് ഫെഡ് റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലും സൂചന നല്‍കിയിരുന്നു. പലിശ നിരക്ക് കുറയുന്നത് ഡോളറിനെ ദുര്‍ബലപ്പെടുത്തും. ഒപ്പം സ്വര്‍ണവില കുതിച്ചുയരും.
കരുതല്‍ശേഖരമെന്ന വെല്ലുവിളി
ഏഷ്യയിലെയും മിഡിൽ ഈസ്റ്റിലെയും സെൻട്രൽ ബാങ്കുകളും സ്വര്‍ണശേഖരം ‘റെക്കോര്‍ഡ്’ തോതില്‍ വര്‍ധിപ്പിക്കുന്നതും വെല്ലുവിളിയാണ്. ഈ വർഷം ആഗോളതലത്തിൽ 1,000 മെട്രിക് ടണ്ണിലധികം സ്വർണം വാങ്ങിയെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്ക്. സെൻട്രൽ ബാങ്കുകൾ വലിയ തോതിൽ സ്വർണം വാങ്ങുന്നത് വിപണിയിലെ വിതരണം കുറയ്ക്കും. ഇത് നിരക്ക് വര്‍ധനവിന് കാരണമാകും.
പണപ്പെരുപ്പമാണ് മറ്റൊരു ഘടകം. ഗോള്‍ഡ് ഇടിഎഫ് നിക്ഷേപം വര്‍ധിക്കുന്നുവെന്നാണ് കണക്ക്. യുഎസ്-ചൈന വ്യാപാര സംഘര്‍ഷമാണ് മറ്റൊരു പ്രശ്‌നം. സംഘര്‍ഷത്തിന് അയവു വരുന്നുവെന്ന സൂചനകള്‍ ആദ്യം പുറത്തുവന്നെങ്കിലും പിന്നീട് കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര തര്‍ക്കം ഡോളറിനും തിരിച്ചടിയായിരുന്നു. വിപണിയെയും ഇത് സാരമായി ബാധിച്ചു.
വ്യാപാര സംഘർഷങ്ങൾ വിതരണ ശൃംഖലകളെ തടസപ്പെടുന്നതിനൊപ്പം സാമ്പത്തിക വളര്‍ച്ചയെ പ്രതിസന്ധിയിലാക്കും. ഇത്തരം സാഹചര്യങ്ങള്‍ സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപത്തിനുള്ള പ്രധാന ഓപ്ഷനായി കാണാന്‍ പ്രേരിപ്പിക്കും. തല്‍ഫലമായി, ഇടിഎഫ് നിക്ഷേപം വര്‍ധിക്കുകയും, സ്വര്‍ണവില റോക്കറ്റ് വിട്ട പോലെ കുതിക്കുകയും ചെയ്യും.
Also Read: ആഭരണങ്ങളും നാണയങ്ങളും മാത്രമല്ല, സ്വര്‍ണത്തില്‍ നിക്ഷേപിക്കാനിതാ 4 സ്മാര്‍ട്ട് വഴികള്‍
തീരാത്ത സംഘര്‍ഷങ്ങള്‍
ഭൗമരാഷ്ട്രീയ സംഘർഷങ്ങളും തലവേദനയാണ്. ഗാസയിലെ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലായാലും അത് താല്‍ക്കാലികം മാത്രമാകുമെന്നാണ് പുതിയ സൂചന. ഹമാസ് നിരായുധരായില്ലെങ്കില്‍ ഇസ്രായേല്‍ സൈന്യം തിരിച്ചെത്തുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ മുന്നറിയിപ്പ്. റഷ്യ-യുക്രൈന്‍ സംഘര്‍ഷവും കൂടുതല്‍ ശക്തമാവുകയാണ്. ഇത്തരം സംഭവവികാസങ്ങളാണ് സ്വര്‍ണവിലക്കുതിപ്പിന് ഉത്തേജനം പകരുന്നത്.