Rule Changes: ആധാര്‍ മാത്രമല്ല, ഫാസ്ടാഗ് മുതല്‍ ബാങ്ക് നോമിനേഷനില്‍ വരെ മാറ്റമുണ്ട്
Financial Changes From November 1: സമ്പാദ്യത്തിന്റെ എത്ര ശതമാനം അവരില്‍ ഓരോരുത്തര്‍ക്കും നല്‍കണമെന്ന കാര്യവും അക്കൗണ്ട് ഉടമയ്ക്ക് തീരുമാനിക്കാവുന്നതാണ്. എന്നാല്‍ ആദ്യത്തെ നോമിനി മരിച്ചതിന് ശേഷം മാത്രമേ അടുത്ത നോമിനി പ്രാബല്യത്തില്‍ വരികയുള്ളൂ.

പ്രതീകാത്മക ചിത്രം
ദേ നവംബര്‍ വന്നെത്തി, ഈ ദിവസം മുതല്‍ ഒട്ടനവധി മാറ്റങ്ങള്‍ സാധാരണക്കാരുമായി ബന്ധപ്പെട്ട് വരുന്നു. നിങ്ങളുടെ പോക്കറ്റിനെ നേരിട്ട് ബാധിക്കുന്ന മാറ്റങ്ങളാണ് അവയില്‍ പലതും. ആധാര്‍, ഫാസ്ടാഗ്, പെന്‍ഷന്‍, കാര്‍ഡ് ഫീസുകള്‍, ബാങ്ക് നോമിനേഷന്‍ തുടങ്ങി ഒട്ടേറെ മേഖലകളില്‍ ഈ മാറ്റം പ്രകടമാണ്. അങ്ങനെയെങ്കില്‍ നവംബര്‍ 1 മുതല്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുള്ള കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് പരിശോധിക്കാം.
ബാങ്ക് നോമിനേഷന്‍
ധനകാര്യ മന്ത്രാലയം പുറത്തുവിട്ട അറിയിപ്പ് പ്രകാരം നവംബര്‍ 1 മുതല്‍ രാജ്യത്തെ ബാങ്കിങ് നിയമങ്ങളില്‍ മാറ്റം സംഭവിച്ചിരിക്കുകയാണ്. പുതുക്കിയ നിയമപ്രകാരം, ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് നാല് പേരെ വരെ നോമിനികളായി ചേര്‍ക്കാം. സമ്പാദ്യത്തിന്റെ എത്ര ശതമാനം അവരില്‍ ഓരോരുത്തര്‍ക്കും നല്‍കണമെന്ന കാര്യവും അക്കൗണ്ട് ഉടമയ്ക്ക് തീരുമാനിക്കാവുന്നതാണ്. എന്നാല്‍ ആദ്യത്തെ നോമിനി മരിച്ചതിന് ശേഷം മാത്രമേ അടുത്ത നോമിനി പ്രാബല്യത്തില്‍ വരികയുള്ളൂ.
ഫാസ്ടാഗ് നിയമങ്ങള്‍
നിര്‍ബന്ധിത നോ യുവര്‍ വെഹിക്കള്‍ (കെവൈവി) പരിശോധന പ്രക്രിയ പൂര്‍ത്തിയാക്കാത്ത വാഹനങ്ങളുടെ ഫാസ്ടാഗ് നിര്‍ജീവമാകാന്‍ സാധ്യതയുണ്ട്. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ രജിസ്‌ട്രേഷന്‍ പ്രക്രിയ ലളിതമാക്കിയിരിക്കുന്നു. സാധുതയുള്ളതും പ്രവര്‍ത്തനക്ഷമവുമായ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്കുള്ള പുതുക്കിയ ഫീസ് ഘടന നവംബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും.
ആധാര്‍ അപ്‌ഡേറ്റുകള്‍
ആധാറുമായി ബന്ധപ്പെട്ടും ഒട്ടേറെ കാര്യങ്ങളുണ്ട്. കുട്ടികളുടെ ആധാറിന്റെ നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേറ്റുകള്‍ക്കുള്ള ചാര്‍ജുകള്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ഒഴിവാക്കി. പേര്, ജനനത്തീയതി, വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവയിലെ അപ്‌ഡേറ്റുകള്‍ ഓണ്‍ലൈനായി വളരെ എളുപ്പത്തില്‍ നടത്താം. ഇവയ്ക്ക് 75 രൂപയും, ഐറിസ് സ്‌കാന്‍, ബയോമെട്രിക് വിശദാംശങ്ങള്‍ മാറ്റുന്നതിന് 125 രൂപയുമാണ് ഫീസ്.
പെന്‍ഷന്‍
പെന്‍ഷന്‍ വാങ്ങുന്ന വിരമിച്ച കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ നവംബര്‍ അവസാനത്തോടെ തൊട്ടടുത്ത ബാങ്ക് ശാഖയില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. അതില്‍ വീഴ്ച സംഭവിച്ചാല്‍ പെന്‍ഷന്‍ പെയ്‌മെന്റുകള്‍ വൈകുന്നതിനോ തടസപ്പെടുന്നതിനോ ഇടയാകും. ദേശീയ പെന്‍ഷന്‍ സംവിധാനത്തില്‍ നിന്ന് ഏകീകൃത പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നവംബര്‍ അവസാനത്തോടെ അത് ചെയ്യാം.
Also Read: Aadhaar Card Update: അവസാനം പണിയാകരുത്; ആധാറില്‍ നവംബര്‍ 1 മുതല്‍ പുതിയ നിയമങ്ങള്‍
ജിഎസ്ടി സ്ലാബുകള്‍
നവംബര്‍ 1 മുതല്‍ രണ്ട് ജിഎസ്ടി സ്ലാബുകള്‍ നിലവില്‍ വരും. 12 ശതമാനം 28 ശതമാനം ജിഎസ്ടി സ്ലാബുകള്‍ ഒഴിവാക്കി. 5, 18 ശതമാനത്തിന് പുറമെ ആഢംബര വസ്തുക്കള്‍ക്കുള്ള 40 ശതമാനവുമാണ് ഇനിയുണ്ടാകുക.
പഞ്ചാബ് നാഷണല്‍ ബാങ്ക്
ലോക്കറിന്റെ വലുപ്പത്തിനും വാഭാഗത്തിനും അനുസൃതമായി ഇന്ത്യയിലുടനീളമുള്ള ലോക്കര്‍ വാടകകള്‍ കുറയ്ക്കുമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് അറിയിച്ചു.
എസ്ബിഐ
നവംബര്‍ 1 മുതല്‍ മൊബിക്വിക്, സിആര്‍ഇഡി പോലുള്ള തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ വഴി നടത്തുന്ന വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പേയ്‌മെന്റുകള്‍ക്ക് എസ്ബിഐ കാര്‍ഡ് ഉടമകള്‍ 1 ശതമാനം ഫീസ് നല്‍കേണ്ടിവരും. 1,000 രൂപയില്‍ കൂടുതലുള്ള വാലറ്റ് ലോഡ് ഇടപാടുകള്‍ക്ക് കാര്‍ഡ് ഉടമകളില്‍ നിന്നും 1 ശതമാനം ഫീസും ഈടാക്കും.