AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

FD vs PPF: പലിശയില്‍ മാറ്റമില്ല; എഫ്ഡിയാണോ അതോ പിപിഎഫ് ആണോ ഇപ്പോള്‍ കൂടുതല്‍ ലാഭകരം?

PPF or FD Which is Better: സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചത് മുതിര്‍ന്ന പൗരന്മാരെയാണ് സാരമായി ബാധിച്ചത്. നിലവില്‍ വിവിധ ബാങ്കുകള്‍ നല്‍കുന്ന പലിശ നിരക്കും പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കും തമ്മില്‍ താരതമ്യം ചെയ്യാം.

FD vs PPF: പലിശയില്‍ മാറ്റമില്ല; എഫ്ഡിയാണോ അതോ പിപിഎഫ് ആണോ ഇപ്പോള്‍ കൂടുതല്‍ ലാഭകരം?
പ്രതീകാത്മക ചിത്രം Image Credit source: DNY59/Getty Images
Shiji M K
Shiji M K | Updated On: 04 Oct 2025 | 08:11 AM

2025ല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) റിപ്പോ നിരക്ക് കുറച്ചതിന് പിന്നാലെ രാജ്യത്തെ വിവിധ ബാങ്കുകള്‍ തങ്ങളുടെ വായ്പകളുടെയും സ്ഥിര നിക്ഷേപങ്ങളുടെയും പലിശ നിരക്കുകള്‍ കുറച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ആര്‍ബിഐയില്‍ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റുകള്‍ കുറച്ചു. ഇതിന് പിന്നാലെ ഏപ്രിലിലും 25 ബേസിസ് പോയിന്റുകള്‍ കുറച്ച ആര്‍ബിഐ, പിന്നീട് ജൂണില്‍ 50 ബേസിസ് പോയിന്റുകള്‍ കുറച്ചതോടെ 2025ല്‍ മാത്രം റിപ്പോ നിരക്ക് 100 ബേസിസ് പോയിന്റുകള്‍ കുറഞ്ഞു.

സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചത് മുതിര്‍ന്ന പൗരന്മാരെയാണ് സാരമായി ബാധിച്ചത്. നിലവില്‍ വിവിധ ബാങ്കുകള്‍ നല്‍കുന്ന പലിശ നിരക്കും പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കും തമ്മില്‍ താരതമ്യം ചെയ്യാം.

പിപിഎഫ്

2024 ജനുവരി 1 മുതല്‍ പിപിഎഫ് വാഗ്ദാനം ചെയ്യുന്നത് 7.1 ശതമാനം പലിശയാണ്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരാള്‍ക്ക് 500 രൂപ മുതല്‍ 1.50 ലക്ഷം രൂപ വരെ നിക്ഷേപിക്കാനാകുന്നതാണ്. നിക്ഷേപം തവണകളായും ഗഡുക്കളായും നടത്താം. നിങ്ങളുടെ നിക്ഷേപത്തിന് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം 1.50 ലക്ഷം വരെ നികുതിയിളവും ലഭിക്കും. പലിശയ്ക്ക് നികുതി ബാധകവുമായിരിക്കില്ല.

സ്ഥിര നിക്ഷേപങ്ങള്‍

പിപിഎഫിന് ലഭിക്കുന്നത് പോലെ എഫ്ഡി നിക്ഷേപങ്ങള്‍ക്ക് നികുതിയിളവുണ്ടായിരിക്കില്ല. എഫ്ഡിയുടെ വരുമാനത്തിനും നികുതി നല്‍കണം. ഇത് നിങ്ങളുടെ ആകെ വരുമാനം കുറയ്ക്കുന്നു. വിവിധ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് നോക്കാം.

എച്ച്ഡിഎഫ്‌സി ബാങ്ക്– സാധാരണ പൗരന്മാര്‍ക്ക് 15 മുതല്‍ 21 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.60 ശതമാനം പലിശ നല്‍കുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.1 ശതമാനം പലിശയും ലഭിക്കും.

ഐസിഐസിഐ ബാങ്ക്– സാധാരണ പൗരന്മാര്‍ക്ക് 2 വര്‍ഷത്തില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍ക്ക് 6.60 ശതമാനം പലിശയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.1 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു.

Also Read: ​New gold loan rules: ഗോൾഡ് ലോൺ ഇനി പലിശ അടച്ചു പുതുക്കാൻ കഴിയില്ലേ? പുതിയ മാറ്റങ്ങൾ ഇവയെല്ലാം

കൊട്ടക് മഹീന്ദ്ര ബാങ്ക്– സാധാരണ പൗരന്മാര്‍ക്ക് 391 ദിവസം മുതല്‍ 23 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.60 ശതമാനം തന്നെയാണ് പലിശ. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പലിശ 7.29 ശതമാനം വരെയാണ്.

ഐഡിഎഫ്‌സി ബാങ്ക്– സാധാരണ പൗരന്മാര്‍ക്ക് 2 മുതല്‍ 5 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.75 ശതമാനം പലിശയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.50 ശതമാനം വരെയും പലിശ നല്‍കും.

യൂണിയന്‍ ബാങ്ക്– 6.85 ശതമാനം പലിശയാണ് 456 ദിവസത്തെ നിക്ഷേപത്തിന് യൂണിയന്‍ ബാങ്ക് സാധാരണ പൗരന്മാര്‍ക്ക് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.80 ശതമാനം വരെ പലിശയും നല്‍കും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ– സാധാരണ പൗരന്മാര്‍ക്ക് 2 മുതല്‍ 3 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.45 ശതമാനം പലിശയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.10 പലിശ വരെയും നല്‍കുന്നു.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.