Gold Rate: താഴില്ലടാ, സ്വർണം പിടിവാശിയിൽ തന്നെ; ഇനിയെന്ത്, വില കുറയുമോ?
Gold Rate in Kerala: നവരാത്രി ഡിമാൻഡ്, ആഗോള അനിശ്ചിതത്വങ്ങള്‍, കേന്ദ്ര ബാങ്കുകളുടെ വാങ്ങിക്കൂട്ടൽ ഇതെല്ലാം സ്വർണവില കുതിക്കുന്നതിന് കാരണമായിട്ടുണ്ട്.
സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുകയാണ്. ചരിത്രത്തിൽ ആദ്യമായി ഒരു പവൻ സ്വർണത്തിന് 83,840 രൂപ രേഖപ്പെടുത്തിയിരിക്കുകയാണ്. ജിഎസ്ടിയും (3%), പണിക്കൂലിയും (3-35%), ഹോൾമാർക്ക് ഫീസും (53.10 രൂപ) കൂടിച്ചേരുമ്പോൾ ഒരു പവൻ വാങ്ങാൻ 90,000 രൂപയോളം ചെലവാകും എന്ന കാര്യത്തിൽ സംശയമില്ല.
സെപ്റ്റംബറില്‍ മാത്രം 6,200 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 3,745 ഡോളര്‍ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,12,397 ആയി രേഖപ്പെടുത്തി. വില കുതിച്ചതോടെ സ്വർണമ ഇനി വെറും സ്വപ്നമാകുമോ എന്ന ആശങ്കയിലാണ് സാധാരണക്കാർ.
നവരാത്രി ഡിമാൻഡ്, ആഗോള അനിശ്ചിതത്വങ്ങള്‍, കേന്ദ്ര ബാങ്കുകളുടെ വാങ്ങിക്കൂട്ടൽ ഇതെല്ലാം സ്വർണവില കുതിക്കുന്നതിന് കാരണമായിട്ടുണ്ട്. കൂടാതെ, യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതോടെ ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണ നിക്ഷേപങ്ങളുടെ സ്വീകാര്യത കൂടിയതും വില കുതിപ്പിന് ആക്കം കൂട്ടി.
ALSO READ: സ്വർണം ഇനി കിട്ടാക്കനിയോ? റെക്കോർഡുകൾ തകർത്തു, 84,000ന് അടുത്ത് വില
വില കുറയുമോ?
സ്വർണവില കുറയുമോ എന്നത് പ്രവചനാതീതമാണ്. എന്നിരുന്നാലും വിലയെ സ്വാധീനിക്കുന്ന ചില പ്രധാന സാമ്പത്തിക ഘടകങ്ങൾ അറിഞ്ഞിരിക്കാം….
ആഗോള അനിശ്ചിതത്വങ്ങള്‍: ലോകത്ത് സാമ്പത്തിക അനിശ്ചിതത്വങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ നിക്ഷേപകർ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിലേക്ക് തിരിയുന്നു. ഇത് സ്വർണ്ണത്തിന്റെ വില വർധിക്കാൻ കാരണമാകുന്നുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാൽ നിക്ഷേപകർ ഓഹരി വിപണിയിലേക്ക് തിരിയുകയും സ്വർണ്ണവില കുറയുകയും ചെയ്യും.
ഡോളറിന്റെ മൂല്യം: സ്വർണ്ണം പ്രധാനമായും ഡോളറിലാണ് വ്യാപാരം ചെയ്യുന്നത്. അതിനാൽ ഡോളറിന്റെ മൂല്യം കൂടിയാൽ സ്വർണ്ണവില കുറയും.
പണപ്പെരുപ്പം: പണപ്പെരുപ്പം കൂടുമ്പോൾ പണത്തിന്റെ മൂല്യം കുറയുന്നു. ഇതോടെ, സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നവരുടെ എണ്ണം കൂടുന്നു. ഇത് സ്വർണ്ണവില വർധിക്കാൻ കാരണമാകും.
കേന്ദ്ര ബാങ്കുകളുടെ നയം: വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ സ്വർണ്ണം വാങ്ങുകയോ വിൽക്കുകയോ ചെയ്യാറുണ്ട്. ഇത് സ്വർണ്ണവിലയെ നേരിട്ട് സ്വാധീനിക്കും. പലിശ നിരക്കുകളിലുള്ള മാറ്റങ്ങളും പ്രധാന പങ്ക് വഹിക്കുന്നു.
ഡിമാൻഡ്: ഡിമാൻഡ് കൂടുന്നതിനനുസരിച്ച് സ്വർണവില ഉയരുന്നു. വിവാഹ സീസണുകളിലും ഉത്സവകാലങ്ങളിലും സ്വർണ്ണത്തിന് വലിയ ഡിമാൻഡ് ഉണ്ടാകാറുണ്ട്. ഇത് വിലയെ സ്വാധീനിക്കുന്നു.