Gold Loan: സ്വർണം പോലെ ഡിമാൻഡ് ഗോൾഡ് ലോണിനും; പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ഇത്!
Gold Loan Pros and Cons: കുറഞ്ഞ വരുമാനമുള്ളവർ മുതൽ ചെറുകിട, ഇടത്തരം സംരംഭകർ വരെ അതിവേഗം പണം ലഭിക്കാൻ സ്വർണ പണയത്തെ ആശ്രയിക്കുന്നുണ്ട്. സ്വർണത്തിന്റെ മൂല്യത്തിന്റെ 75 ശതമാനം തുക വായ്‌പയായി നേടാനാകും.
റെക്കോർഡുകൾ തകർത്ത് സംസ്ഥാനത്ത് സ്വർണവില കുതിക്കുകയാണ്. നിലവിൽ ഒരു പവന് 87,560 രൂപ നിരക്കിലാണ് സ്വർണവ്യാപാരം പുരോഗമിക്കുന്നത്, വില കൂടിയെങ്കിലും സ്വർണത്തിന്റെ ഡിമാൻഡിന് കോട്ടം സംഭവിച്ചിട്ടില്ല. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഈ മഞ്ഞ ലോഹം മുൻപന്തിയിൽ തന്നെയുണ്ട്.
സ്വർണത്തിന്റെ ആവശ്യകതയ്ക്കൊപ്പം ഗോൾഡ് ലോണിനും പ്രിയമേറുകയാണ്. കുറഞ്ഞ വരുമാനമുള്ളവർ മുതൽ ചെറുകിട, ഇടത്തരം സംരംഭകർ വരെ അതിവേഗം പണം ലഭിക്കാൻ സ്വർണ പണയത്തെ ആശ്രയിക്കുന്നുണ്ട്. സ്വർണത്തിന്റെ മൂല്യത്തിന്റെ 75 ശതമാനം തുക വായ്‌പയായി നേടാനാകും. നിലവിൽ ഒരു പവൻ സ്വർണം പണയം വച്ചാൽ ലഭിക്കുന്ന ഏകദേശം 60,000 രൂപ ലഭിക്കും.
എന്നാൽ ഗോൾഡ് ലോൺ എടുക്കുന്നതിന് മുമ്പ് അവയുടെ ഗുണങ്ങളും അപകടവും നന്നായി അറിഞ്ഞിരിക്കേണ്ടതുണ്ട്.
ഗോൾഡ് ലോൺ – ഗുണങ്ങൾ
വേഗത്തിലുള്ള വിതരണം
സ്വർണ്ണ വായ്പകൾക്ക് അംഗീകാരം ലഭിക്കുന്ന പ്രക്രിയ വളരെ വേഗത്തിലാണ്. മറ്റ് വായ്പകൾക്ക് ദിവസങ്ങളോ ആഴ്ചകളോ എടുക്കുമ്പോൾ, ഗോൾഡ് ലോൺ ഏതാനും മണിക്കൂറുകൾക്കുള്ളിൽ നിങ്ങൾക്ക് ലഭിക്കും.
കുറഞ്ഞ പലിശ നിരക്ക്
സ്വർണ്ണ വായ്പകൾക്ക് പലിശ നിരക്ക് പൊതുവെ കുറവാണ്. കാരണം, ഇവിടെ സ്വർണ്ണം ഈടായി ഉള്ളതിനാൽ ബാങ്കിന് നഷ്ടസാധ്യത കുറവാണ്.
ക്രെഡിറ്റ് ഹിസ്റ്ററി
സ്വർണ്ണം ഈടായി നൽകുന്നതിനാൽ, നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറവാണെങ്കിലും വായ്പയെടുക്കാൻ സാധിക്കും.
തിരിച്ചടവ്
വായ്പാ കാലാവധിക്കുള്ളിൽ പലിശ മാത്രം അടയ്ക്കാനും, അവസാനം മുതലും പലിശയും ഒരുമിച്ച് അടച്ചു തീർക്കാനും ഉള്ള സൗകര്യം ലഭ്യമാണ്. കൂടാതെ തവണകളായോ ഒന്നിച്ച് ഒറ്റത്തവണയായോ അടയ്ക്കാം.
ALSO READ: വ്യക്തിഗത വായ്പ കാലാവധിക്ക് മുമ്പ് തിരിച്ചടയ്ക്കാം, അതും അധിക ചാർജുകളില്ലാതെ…
ഗോൾഡ് ലോൺ – ദോഷങ്ങൾ
സ്വർണ്ണ വിലയിലെ ഏറ്റക്കുറച്ചിലുകൾ
വായ്പ നൽകുന്നത് സ്വർണ്ണത്തിൻ്റെ അന്നത്തെ വിപണി മൂല്യം കണക്കിലെടുത്താണ്. സ്വർണ്ണത്തിൻ്റെ വില കുറയുകയാണെങ്കിൽ, ബാങ്ക് നിങ്ങളോട് കൂടുതൽ ഈട് (കൂടുതൽ സ്വർണ്ണം) ആവശ്യപ്പെടാൻ സാധ്യതയുണ്ട്.
ലോൺ-ടു-വാല്യൂ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടുള്ള ലോൺ-ടു-വാല്യൂ പരിധി 75% ആണ്. അതായത്, നിങ്ങളുടെ സ്വർണ്ണത്തിൻ്റെ ആകെ മൂല്യത്തിൻ്റെ 75% വരെ മാത്രമേ പരമാവധി വായ്പയായി ലഭിക്കൂ.
ഈട് നഷ്ടപ്പെടാനുള്ള സാധ്യത
സ്വർണ്ണ വായ്പ ഒരു സുരക്ഷിത വായ്പയായതുകൊണ്ട്, നിങ്ങൾ വായ്പ തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ, ബാങ്കിന് നിങ്ങളുടെ സ്വർണ്ണം പിടിച്ചെടുക്കാനും അത് ലേലം ചെയ്യാനും അവകാശമുണ്ട്.