Gold Rate 2026: 2025ല്‍ ഒരു ലക്ഷം കടന്ന സ്വര്‍ണ്ണം 2026ല്‍ എവിടെ എത്തും? പൊന്നിന്‍ തിളക്കം കുറയുമോ?
Gold Rate Prediction 2026: 2025 അവസാനിച്ചു, സ്വര്‍ണത്തിന്റെ കാര്യത്തില്‍ 2026ല്‍ പ്രതീക്ഷകളേറെയാണ്. വില വര്‍ധനവുണ്ടാകാനും താഴോട്ട് കുതിക്കാനും സാധ്യതയുണ്ടെന്ന സമ്മിശ്ര റിപ്പോര്‍ട്ടുകളാണ് വിപണിയില്‍ നിന്നെത്തുന്നത്.

പ്രതീകാത്മക ചിത്രം
ചരിത്ര നിരക്കെന്നത് സ്വര്‍ണത്തിന്റെ കാര്യത്തില്‍ അത്ര പ്രായോഗികമല്ല, കാരണം ഓരോ ദിവസം ഓരോ നിരക്കുകള്‍ താണ്ടിയാണ് സ്വര്‍ണം കുതിക്കുന്നത്. 2025ല്‍ 65 ശതമാനത്തോളം വില വര്‍ധനവ് സ്വന്തമാക്കിയ സ്വര്‍ണം, 2026ല്‍ എങ്ങോട്ടെത്തും എന്നത് എല്ലാവരിലും ആശങ്ക ഉളവാക്കുന്നു. ഡിസംബര്‍ മാസത്തിലാണ് ചരിത്രത്തിലാദ്യമായി സ്വര്‍ണം അന്താരാഷ്ട്ര വിപണിയില്‍ 4,500 ഡോളറിന് മുകളിലേക്ക് കുതിച്ചത്. ഇതോടെ കേരളത്തില്‍ ഒരു പവന്റെ വില 1 ലക്ഷം കടന്നു.
2025 അവസാനിച്ചു, സ്വര്‍ണത്തിന്റെ കാര്യത്തില്‍ 2026ല്‍ പ്രതീക്ഷകളേറെയാണ്. വില വര്‍ധനവുണ്ടാകാനും താഴോട്ട് കുതിക്കാനും സാധ്യതയുണ്ടെന്ന സമ്മിശ്ര റിപ്പോര്‍ട്ടുകളാണ് വിപണിയില്‍ നിന്നെത്തുന്നത്. ലക്ഷങ്ങളില്‍ വില ഉറപ്പിച്ചതോടെ സാധാരണക്കാര്‍ക്ക് സ്വര്‍ണം മോഹിക്കാന്‍ പോലും പറ്റാത്ത സ്ഥിതിയായി. അങ്ങനെയെങ്കില്‍ 2026ല്‍ എന്തായിരിക്കും ഉപഭോക്താക്കളെ കാത്തിരിക്കുന്നത്?
ആഗോളതലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധികളാണ് വില വര്‍ധനവിന് കാരണമായ പ്രധാന ഘടകം. അമേരിക്കയും വെനസ്വലയും തമ്മിലുള്ള പോര് കടുത്തത് ഈയടുത്താണ്. ഇതോടെ സ്വര്‍ണവും ട്രാക്ക് മാറ്റി. വെനസ്വലയുടെ പ്രസിഡന്റായ നിക്കോള മര്‍ഡോ പുറത്തുപോകണമെന്നാണ് ട്രംപിന്റെ ആവശ്യം. ട്രംപിന്റെ കുസൃതികളെല്ലാം തന്നെ സാമ്പത്തിക രംഗത്തെ കീഴ്‌മേല്‍ മറയ്ക്കുന്നതാണല്ലോ? അതിനാല്‍ വെനസ്വല വിഷയത്തിന്റെ ഭാവി സ്വര്‍ണത്തിന്റെ ഗതി തന്നെ മാറ്റുമെന്ന കാര്യം ഉറപ്പ്.
ട്രംപിന്റെ നിര്‍ണായക തീരുമാനങ്ങളില്‍ മറ്റൊന്നാണ് യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പ്രസിഡണ്ടിനെ മാറ്റണമെന്നത്. ട്രംപിന്റെ അനുയായി തന്നെ നേതൃനിരയിലേക്ക് എത്തുമ്പോള്‍ സ്വാഭാവികമായും പലിശ ഇനിയും കുറയും. 2026ല്‍ രണ്ട് തവണ അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്നാണ് പ്രതീക്ഷപ്പെടുന്നത്.
Also Read: Gold Rate: പൊന്നിന്‍ തിളക്കം ലക്ഷത്തില്‍; കേരളത്തില്‍ ഇനിയെന്ത് സംഭവിക്കും?
ഫെഡറല്‍ നിരക്ക് കുറയുന്നത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കും. മറ്റ് നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം കുറയുന്നതോടെ ആളുകള്‍ കൂട്ടത്തോടെ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്ക് എത്തുന്നതാണ് അതിന് കാരണം.
സ്വര്‍ണത്തെ പോലെ സുരക്ഷിതമായ നിക്ഷേപങ്ങളിലേക്ക് മറ്റൊരു മാര്‍ഗവും ഇതുവരെ വളര്‍ന്നിട്ടില്ല. അതിനാല്‍ സ്വര്‍ണവില 5,000 ഡോളറിലേക്ക് എത്തുമെന്ന കാര്യം തള്ളിക്കളയാനാകില്ലെന്ന വിലയിരുത്തലിലാണ് ആഗോള സാമ്പത്തിക വിദഗ്ധര്‍. നിലവിലെ സാഹചര്യങ്ങള്‍ 2026ലും തുടരുകയാണെങ്കില്‍ സ്വര്‍ണം ഔണ്‍സിന് 5,000 ഡോളറിലേക്കെത്തും. ഇത് കേരളത്തില്‍ ഒരു പവന്റെ വില ഒന്നരലക്ഷം വരെ ഉയരുന്നതിനും വഴിവെക്കും.