Investment Options: സർക്കാർ ജീവനക്കാർക്ക് ഡബിൾ ലോട്ടറി; പുതിയ നിക്ഷേപ ഓപ്ഷനുകൾക്ക് അനുമതി
Investment Options for Govt. Employees: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ദേശീയ പെൻഷൻ സിസ്റ്റം (NPS), ഏകീകൃത പെൻഷൻ സ്കീം (UPS) എന്നിവയ്ക്ക് കീഴിൽ രണ്ട് പുതിയ നിക്ഷേപ ഓപ്ഷനുകൾ കൂടി ലഭ്യത ഉറപ്പാക്കി സർക്കാർ അനുമതി നൽകി.

പ്രതീകാത്മക ചിത്രം
സർക്കാർ ജീവനക്കാർക്ക് റിട്ടയർമെന്റ് ജീവിതം സുരക്ഷിതമാക്കാൻ നിരവധി നിക്ഷേപ പദ്ധതികൾ ലഭ്യമാണ്. ഇപ്പോഴിതാ, ജീവനക്കാർക്ക് ഇരട്ടി മധുരം നൽകുന്ന നീക്കമാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ദേശീയ പെൻഷൻ സിസ്റ്റം (NPS), ഏകീകൃത പെൻഷൻ സ്കീം (UPS) എന്നിവയ്ക്ക് കീഴിൽ രണ്ട് പുതിയ നിക്ഷേപ ഓപ്ഷനുകൾ കൂടി ലഭ്യത ഉറപ്പാക്കി സർക്കാർ അനുമതി നൽകി.
ലൈഫ് സൈക്കിൾ (Life Cycle – LC), ബാലൻസ്ഡ് ലൈഫ് സൈക്കിൾ (Balanced Life Cycle – BLC) എന്നീ ഓപ്ഷനുകൾക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. നോൺ-ഗവൺമെന്റ് വരിക്കാർക്ക് നേരത്തെ ലഭ്യമായിരുന്ന ഈ ഓപ്ഷനുകൾ ഇപ്പോൾ സർക്കാർ ജീവനക്കാർക്കും തിരഞ്ഞെടുക്കാൻ കഴിയും.
ലൈഫ് സൈക്കിൾ ഓപ്ഷൻ
നിക്ഷേപകന്റെ പ്രായത്തിനനുസരിച്ച് ഓഹരി വിഹിതം ക്രമീകരിക്കുന്നു.
LC-25, LC-50, LC-75 എന്നിങ്ങനെ മൂന്ന് ഉപ-ഓപ്ഷനുകൾ ലഭ്യമാണ്. ഇവ യഥാക്രമം 25%, 50%, 75% വരെയാണ് പരമാവധി ഓഹരി വിഹിതം അനുവദിക്കുന്നത്.
ഓഹരി വിഹിതം 35 വയസ്സ് മുതൽ 55 വയസ്സ് വരെ ക്രമേണ കുറയും.
ബാലൻസ്ഡ് ലൈഫ് സൈക്കിൾ ഓപ്ഷൻ
LC-50 യുടെ പരിഷ്കരിച്ച രൂപമാണിത്.
45 വയസ്സ് മുതലാണ് ഓഹരി വിഹിതം കുറച്ചു തുടങ്ങുന്നത്. ഇത് ജീവനക്കാർക്ക് കൂടുതൽ കാലം ഓഹരി നിക്ഷേപത്തിൽ തുടരാൻ അവസരം നൽകുന്നു.
നിലവിൽ ലഭ്യമായ നിക്ഷേപ ഓപ്ഷനുകൾ
എൻപിഎസ്, യുപിഎസ് എന്നിവയ്ക്ക് കീഴിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചില നിക്ഷേപ ഓപ്ഷനുകൾ ലഭ്യമാണ്.
ഡിഫോൾട്ട് ഓപ്ഷൻ: പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (PFRDA) നിർവചിക്കുന്ന നിക്ഷേപത്തിന്റെ ‘ഡിഫോൾട്ട് പാറ്റേൺ’ ആണിത്.
സ്കീം ജി: നിക്ഷേപത്തിന്റെ 100 ശതമാനവും കുറഞ്ഞ റിസ്കും സ്ഥിര വരുമാനവും നൽകുന്ന സർക്കാർ നിയന്ത്രിത സെക്യൂരിറ്റികളിലായിരിക്കും.