GST Milk Price Cut: ഉത്പന്നങ്ങളുടെ വില കുറച്ച് നന്ദിനിയും അമുലും ഹെറിറ്റേജും; മില്‍മയ്ക്ക് വില കുറയുമോ?
Dairy Product Price Cut: ജിഎസ്ടി ഇളവുകള്‍ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി നന്ദിനി, ഹെറിറ്റേജ്, മദര്‍ ഡയറി, അമുല്‍ എന്നീ കമ്പനികള്‍ തങ്ങളുടെ പുതുക്കിയ നിരക്ക് പുറത്തുവിട്ടു.
ജിഎസ്ടി നിരക്കിലെ പരിഷ്‌കരണങ്ങള്‍ക്ക് പിന്നാലെ തങ്ങളുടെ ഉത്പന്നങ്ങളുടെ വില കുറച്ച് രാജ്യത്തെ പ്രമുഖ പാല്‍-പാലുത്പന്ന ബ്രാന്‍ഡുകള്‍. പാല്‍, നെയ്യ്, വെണ്ണ, ഐസ്‌ക്രീം ഉള്‍പ്പെടെയുള്ള ഇനങ്ങള്‍ക്കാണ് വിവിധ കമ്പനികള്‍ നിരക്ക് കുറച്ചത്. ജിഎസ്ടി ഇളവുകള്‍ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി നന്ദിനി, ഹെറിറ്റേജ്, മദര്‍ ഡയറി, അമുല്‍ എന്നീ കമ്പനികള്‍ തങ്ങളുടെ പുതുക്കിയ നിരക്ക് പുറത്തുവിട്ടു.
അമുല്‍
അമുല്‍ ബ്രാന്‍ഡിന് കീഴില്‍ പാലുത്പന്നങ്ങള്‍ വിതരണം ചെയ്യുന്ന ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ കഴിഞ്ഞ ദിവസമാണ് നിരക്ക് കുറയ്ക്കുന്ന കാര്യം പ്രഖ്യാപിച്ചത്. പാല്‍, നെയ്യ്, വെണ്ണ, ഐസ്‌ക്രീം, ബേക്കറി, ഫ്രോസണ്‍ ലഘുഭക്ഷണങ്ങള്‍ എന്നിവ ഉള്‍പ്പെടെ അള്‍ട്രാ-ഹൈ ടെമ്പറേച്ചര്‍ (യുഎച്ച്ടി) പാലിന്റെയും പാലുത്പന്നങ്ങളുടെയും വിലയാണ് കുറച്ചത്.
വെണ്ണ 100 ഗ്രാമിന് 58 രൂപ, നെയ്യ് ലിറ്ററിന് 610, ചീസ് ബ്ലോക്ക് കിലോയ്ക്ക് 545, പനീര്‍ 200 ഗ്രാമിന് 95, ഐസ്‌ക്രീം വില 9 മുതല്‍ 550 വരെ, അമുല്‍ പ്രോട്ടീന്‍ വില 145 മുതല്‍ 3,690 വരെ, ഫ്രോസണ്‍ സ്‌നാക്‌സ് 42 മുതല്‍ 380 വരെ, ബേക്കറി ഉല്‍പ്പന്നങ്ങള്‍ 10 മുതല്‍ 270 വരെ, അമുല്‍ ടാസ ടോണ്‍ഡ് മില്‍ക്ക് ലിറ്ററിന് 75, അമുല്‍ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡൈസ്ഡ് മില്‍ക്ക് ലിറ്ററിന് 80 എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.




നന്ദിനി
ജിഎസ്ടി പരിഷ്‌കരണത്തിന് ശേഷം നന്ദിനി അവരുടെ, നെയ്യ്, വെണ്ണ, ചീസ്, ക്രഞ്ചി സ്‌നാക്‌സ് എന്നിവയുടെ ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി കുറച്ചു. നന്ദിനി കുക്കികള്‍, ചോക്ലേറ്റുകള്‍, ഐസ്‌ക്രീം, ഇന്‍സ്റ്റന്റ് മിക്‌സുകള്‍, പാക്ക് ചെയ്ത കുടിവെള്ളം എന്നിവയുടെ ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി. പനീര്‍, യുഎച്ച്ടി പാല്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ ജിഎസ്ടി 5 ശതമാനത്തില്‍ നിന്ന് പൂജ്യവുമായി.
ഹെറിറ്റേജ്
ഹെറിറ്റേജ് ഫുഡ്‌സും തങ്ങളുടെ വിവിധ ഉത്പന്നങ്ങളുടെ വില പരിഷ്‌കരിച്ചു. യുഎച്ച്ടി പാലിന് 3 രൂപയാണ് കുറയ്ക്കുന്നത്. എന്നാല്‍ പുതിയ പാലിനെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിരുന്നതിനാല്‍ വിലയില്‍ മാറ്റം വരില്ല. നെയ്യ് ലിറ്ററിന് 50 രൂപയും വെണ്ണ കിലോയ്ക്ക് 50 രൂപയും കുറയും. ചീസിന് കിലോയ്ക്ക് 50 രൂപ, പനീര്‍ കിലോയ്ക്ക് 25 രൂപ, ഐസ്‌ക്രീം 950 മില്ലിക്ക് 35 രൂപ, 700 മില്ലിക്ക് 20 രൂപ എന്നിങ്ങനെയും കുറയും.
മദര്‍ ഡയറി
ചരക്ക് സേവന നികുതി ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് നല്‍കാന്‍ മദര്‍ ഡയറിയും തങ്ങളുടെ ഉത്പന്നങ്ങളുടെ വില കുറച്ചു. നെയ്യ് ലിറ്ററിന് 645 രൂപ, വെണ്ണ 100 ഗ്രാം 58 രൂപ എന്നിങ്ങനെയാണ് കുറച്ചിരിക്കുന്നത്. ഇതിന് പുറമെ കസാട്ട, അച്ചാറുകള്‍, ഐസ്‌ക്രീം, തക്കാളി സോസ്, ഫ്രാസണ്‍ ഫ്രഞ്ച് ഫ്രൈസ് എന്നിവയുള്‍പ്പെടെയുള്ള ഉത്പന്നങ്ങളുടെയും വിലയും കുറയും.
Also Read: Amul Cut Prices: നെയ്യ് മുതല്‍ പനീര്‍ വരെ; 700ലധികം ഉത്പന്നങ്ങളുടെ വില കുറച്ച് അമുല്‍
മില്‍മയ്ക്ക് വില കുറയുമോ?
മില്‍മയുടെ വിലയില്‍ കാര്യമായ മാറ്റങ്ങളൊന്നും തന്നെ സംഭവിക്കുന്നില്ല. മറ്റ് സംസ്ഥാനങ്ങളിലെ പ്രമുഖ പാലുത്പന്ന ബ്രാന്‍ഡുകള്‍ വില കുറയ്ക്കുമ്പോള്‍ ജിഎസ്ടി ഒഴിവാക്കിയ സാഹചര്യത്തില്‍ വില കൂട്ടില്ലെന്ന മില്‍മയുടെ നിലപാട് ആശ്ചര്യമാകുന്നു. ജിഎസ്ടി ഒഴിവാക്കിയതാണ് വില ഉയര്‍ത്താതിരിക്കാന്‍ കാരണം.
മറ്റ് സംസ്ഥാനങ്ങളില്‍ യുഎച്ച്ടി പാലിന് ഉള്‍പ്പെടെ ഗണ്യമായ വിലക്കുറവാണ് സംഭവിക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഒരുതരത്തിലുമുള്ള വിക്കുറവിനും അടുത്തക്കാലത്തൊന്നും സാധ്യതയില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ജിഎസ്ടിയില്‍ വരുന്ന മാറ്റം ഉപഭോക്താക്കള്‍ക്ക് നേരിട്ട് അനുഭവവേദ്യമാക്കാനുള്ള നടപടികള്‍ മറ്റുള്ളവര്‍ സ്വീകരിക്കുമ്പോള്‍ അവിടെയും മില്‍മയ്ക്ക് നിലപാടില്ല. ജിഎസ്ടി ഇല്ലാതായാലും പഴയ നിരക്കില്‍ ഉത്പന്നങ്ങള്‍ വാങ്ങേണ്ടി വരുന്നത് ഉപഭോക്താക്കളില്‍ ആശങ്കയ്ക്ക് കാരണമാകുന്നു.