Kerala DA Hike : മുഖ്യമന്ത്രിയുടെ വമ്പൻ പ്രഖ്യാപനങ്ങൾ, സർക്കാർ ജീവനക്കാർക്കും കോളടിച്ചു; ക്ഷാമബത്ത കൂട്ടി
Kerala Government Employees DA Hike : നിലവിൽ 18 ശതമാനം ക്ഷാമബത്തയാണ് സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്നത്. നാല് ശതമാനം ഡിഎ കുടിശ്ശികയാണ് സർക്കാർ ഇപ്പോൾ ഉയർത്തിയിരിക്കുന്നത്.
മിനി ബജറ്റ് പോലെയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെ വമ്പൻ പ്രഖ്യാപനങ്ങളിൽ സംസ്ഥാന സർക്കാർ ജീവനക്കാർക്കും സന്തോഷിക്കാൻ വകയുണ്ട്. നവംബർ മാസത്തിലെ ശമ്പളത്തിൽ നാല് ശതമാനം ക്ഷാമബത്ത കുടിശ്ശിക നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 2023 ജനുവരിയിലെ ഡിഎ കുടിശ്ശികയാണ് സർക്കാർ ഇപ്പോൾ നൽകുന്നത്. ഇതോടെ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന ഡിഎ 18 ശതമാനത്തിൽ നിന്നും 22 ശതമാനമായി ഉയരും.
നേരത്തെ ഓണത്തിനോട് അനുബന്ധിച്ച് മൂന്ന് ശതമാനം ഡിഎ കുടിശ്ശിക സർക്കാർ ജീവനക്കാർക്ക് ധന വകുപ്പ് അനുവദിച്ചിരുന്നു. എന്നാൽ കോവിഡ് കാലത്ത് പിടിച്ചുവെച്ചിട്ടുള്ള 39 മാസത്തെ ഡിഎ കുടിശ്ശികയെ ഇപ്പോഴും സർക്കാർ മൗനം തുടരുകയാണ്.
ALSO READ : EPF Salary: ജീവനക്കാരേ സന്തോഷിച്ചോളൂ, ഇപിഎഫ്ഒയിൽ വൻ മാറ്റങ്ങൾ; ശമ്പള പരിധി ഇനി 15,000 അല്ല!
നാല് ശതമാനം ഡിഎ കൂടിയാൽ ശമ്പളത്തിൽ ഉണ്ടാകുന്ന വർധനവ് എത്രയാണ്?
23,000 രൂപയാണ് സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം. അടിസ്ഥാന ശമ്പളത്തിൻ്റെ ശതമാനം കണക്കിലെടുത്താണ് ഡിഎ നിശ്ചിയിക്കുന്നത്. അതായത് നിലവിൽ 18 ശതമാനമാണ് സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത. 4140 രൂപയാണ് 23,000 രൂപ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാർക്ക് ലഭിക്കുന്ന ഡിഎ.
നവംബർ മാസത്തിൽ നാല് ശതമാന ഡിഎ സർക്കാർ വർധിപ്പിക്കും. അതോടെ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 22 ശതമാനമാകും. ജീവക്കാർക്ക് ലഭിക്കുന്ന ഡിഎ 5,060 രൂപയാകും. 920 രൂപയുടെ വർധനവാണ് സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നവംബർ മാസത്തിൽ ലഭിക്കാൻ പോകുന്നത്. മറ്റ് അനുകൂല്യങ്ങൾ കൂടി ലഭിക്കുകയാണെങ്കിൽ ശമ്പളത്തിൽ വർധനവുണ്ടാകുന്നതാണ്.