Diwali Gold Investment: ആഭരണങ്ങളും നാണയങ്ങളും മാത്രമല്ല, സ്വര്‍ണത്തില്‍ നിക്ഷേപിക്കാനിതാ 4 സ്മാര്‍ട്ട് വഴികള്‍
Diwali Gold Buying Guide: നാണയങ്ങള്‍, ബാറുകള്‍ എന്നിവയില്‍ മാത്രമാകും ഒരുപക്ഷെ നിങ്ങളിതുവരെ നിക്ഷേപം നടത്തിയിട്ടുള്ളത്. എന്നാല്‍ ഇതിനെല്ലാം അപ്പുറത്തേക്ക് സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ ഇന്ന് ധാരാളം മാര്‍ഗങ്ങള്‍ ലഭ്യമാണ്.
ദീപാവലിയ്ക്ക് സ്വര്‍ണത്തില്‍ നിക്ഷേപം നടത്തേണ്ടേ? ആഭരണം, നാണയങ്ങള്‍, ബാറുകള്‍ എന്നിവയില്‍ മാത്രമാകും ഒരുപക്ഷെ നിങ്ങളിതുവരെ നിക്ഷേപം നടത്തിയിട്ടുള്ളത്. എന്നാല്‍ ഇതിനെല്ലാം അപ്പുറത്തേക്ക് സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ ഇന്ന് ധാരാളം മാര്‍ഗങ്ങള്‍ ലഭ്യമാണ്. ഏറ്റവും ചെലവ് കുറഞ്ഞ രീതിയില്‍ നിക്ഷേപം നടത്തി, മികച്ച ലാഭം തന്നെ നേടിയാലോ?
ഡിജിറ്റല്‍ സ്വര്‍ണം
ഭൗതിക സ്വര്‍ണം വാങ്ങിക്കാതെ നിങ്ങള്‍ക്ക് ഡിജിറ്റലായി സ്വര്‍ണം സ്വന്തമാക്കാനാകും. ഇവിടെ നിക്ഷേപകര്‍ക്ക് സ്വര്‍ണത്തിന്റെ മാര്‍ക്കറ്റ് വില ഓണ്‍ലൈനായി ട്രാക്ക് ചെയ്ത് വാങ്ങിക്കാനും വില്‍ക്കാനും അവസരം ലഭിക്കുന്നു. ഭൗതിക സ്വര്‍ണത്തെ അപേക്ഷിച്ച് പണികൂലിയോ ഹോള്‍മാര്‍ക്ക് ചാര്‍ജോ ഇവിടെ നിങ്ങള്‍ക്ക് നല്‍കേണ്ടി വരില്ല. തനിഷ്‌ക്, എംഎംടിസി-പിഎഎംപി, പിസി ജ്വല്ലര്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ വഴി നിക്ഷേപകര്‍ക്ക് ഡിജിറ്റല്‍ സ്വര്‍ണം വാങ്ങിക്കാം.
സ്വര്‍ണ ഇടിഎഫുകള്‍
ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്) വഴിയും നിങ്ങള്‍ക്ക് നിക്ഷേപം നടത്താം. ഓഹരികള്‍ പോലെ വ്യാപാരം നടത്തുന്ന ഈ ഫണ്ടുകള്‍ക്ക് ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്. ഈ സ്വര്‍ണം യഥേഷ്ടം നിങ്ങള്‍ക്ക് വാങ്ങാനും വില്‍ക്കാനും സാധിക്കും. ഹോള്‍മാര്‍ക്കിങ്, പണികൂലി തുടങ്ങി നിരവധി ചെലവുകള്‍ ഇതുവഴി നിങ്ങള്‍ക്ക് ഒഴിവാക്കാനാകും.




ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍
സ്വര്‍ണ മ്യൂച്വല്‍ ഫണ്ടുകള്‍ എന്നത് സ്വര്‍ണ ഇടിഎഫുകളുടെ യൂണിറ്റുകള്‍ വഴി സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്ന രീതിയാണ്. സ്വര്‍ണം നേരിട്ട് കൈവശം വെക്കുന്നതിന് പകരം നിക്ഷേപകര്‍ക്ക് ലംപ്സം അല്ലെങ്കില്‍ എസ്ഐപി നിക്ഷേപത്തിലൂടെ സ്വര്‍ണം വാങ്ങിക്കാം. എന്നാല്‍ ഈ ഫണ്ടുകള്‍ക്ക് ഇടിഎഫുകളേക്കാള്‍ ഉയര്‍ന്ന ചെലവ് അനുപാതമുണ്ട്. വരുമാനം കുറവായിരിക്കും.
സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍
ആര്‍ബിഐ ഇഷ്യൂ ചെയ്യുന്ന 999 പരിശുദ്ധിയുള്ള സ്വര്‍ണത്തിന്റെ പിന്‍ബലമുള്ള സെക്യൂരിറ്റികളാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍. 8 വര്‍ഷത്തെ മെച്യൂരിറ്റി കാലയളവാണ് ഈ നിക്ഷേപത്തിനുള്ളത്. എന്നാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം നിങ്ങള്‍ക്ക് മുന്‍കൂട്ടി പണമടയ്ക്കാവുന്നതാണ്. സ്വര്‍ണവിലയിലെ നേട്ടങ്ങള്‍ക്ക് പുറമെ നിക്ഷേപകര്‍ക്ക് 2.5 ശതമാനം വാര്‍ഷിക പലിശയും ലഭിക്കും.