Kerala Guest Lecture Salary: ഗസ്റ്റ് അധ്യാപകർക്ക് നേട്ടം; പുതിയ ശമ്പള വർധന, കൂടുന്നത് ഇത്രയും
Kerala Guest Lecturer Salary Hike: 2018ലെ യുജിസി ശമ്പള പരിഷ്കരണത്തെ തുടർന്ന് അതിഥി അധ്യാപകരുടെ വേതനം കാലോചിതമായി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി അതിഥി അധ്യാപകർ രംഗത്തെത്തിയിരുന്നു. സർക്കാരിൽ നേരിട്ടും, നവ കേരളസദസ്സ് മുഖേനയുമെല്ലാം ഇവർ അപേക്ഷകൾ സമർപ്പിച്ചിരുന്നു.

ഡോ. ആർ ബിന്ദു
തിരുവനന്തപുരം: ഉന്നതവിദ്യാഭാസ സ്ഥാപനങ്ങളിലെ അതിഥി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ച് ഉത്തരവായി. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റേതാണ് ഉത്തരവ്. കോളേജ് വിദ്യാഭ്യാസ വകുപ്പിനും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനും കീഴിലുള്ള അതിഥി അധ്യാപകർക്ക് ഇനി പ്രതിദിനം 2200 രൂപ വീതം വേതനം ലഭിക്കും. ഇതോടെ ഒരു മാസത്തെ പരമാവധി വേതനം 50,000 രൂപയായി ഉയർന്നു. അതുപോലെ തന്നെ യുജിസി യോഗ്യത ഇല്ലാത്ത അതിഥി അധ്യാപകർക്ക് പ്രതിദിനം 1800 രൂപയാക്കി വേതനം ഉയർത്തിയതോടെ, ഒരു മാസം പരമാവധി 45,000 രൂപ ലഭിക്കുന്ന തരത്തിലാണ് പുതിയ ഉത്തരവ്.
നേരത്തേ കോളേജ് വിദ്യാഭ്യാസ വകുപ്പിനും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനും കീഴിലുള്ള യുജിസി യോഗ്യത ഉളള അതിഥി അധ്യാപകർക്ക് 1750 രൂപയായിരുന്നു ദിവസ വേതനം. പ്രതിമാസം പരമാവധി 43,750 രൂപയായിരുന്നു ലഭിച്ചിരുന്നത്. യുജിസി യോഗ്യത ഇല്ലാത്ത അധ്യാപകർക്ക് ദിവസം 1600 രൂപയും, പ്രതിമാസം പരമാവധി 40,000 രൂപയുമായിരുന്നു വേതനം. പുതിയ വേതന പരിഷ്കരണം അതിഥി അധ്യാപകരെ സംബന്ധിച്ചടുത്തോളം വലിയൊരു ആശ്വാസമാണ്. പുതുക്കിയ ഉത്തരവ് അനുസരിച്ച് പ്രതിമാസം 5000 രൂപയ്ക്കും മുകളിലാണ് വേതന വർദ്ധനവ് ഉണ്ടായിരിക്കുന്നത്.
2018ലെ യുജിസി ശമ്പള പരിഷ്കരണത്തെ തുടർന്ന് അതിഥി അധ്യാപകരുടെ വേതനം കാലോചിതമായി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി അതിഥി അധ്യാപകർ രംഗത്തെത്തിയിരുന്നു. സർക്കാരിൽ നേരിട്ടും, നവ കേരളസദസ്സ് മുഖേനയുമെല്ലാം ഇവർ അപേക്ഷകൾ സമർപ്പിച്ചിരുന്നു. കൂടാതെ, അതിഥി അധ്യാപകരുടെ വേതനം പരിഷ്കരിക്കുന്ന വിഷയത്തിൽ കോളേജ് വിദ്യാഭ്യാസ ഡയറക്‌ടറും ശുപാർശ നൽകിയിരുന്നതായി മന്ത്രി ആർ ബിന്ദു പറഞ്ഞു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് അതിഥി അധ്യാപകരുടെ വേതനം വർധിപ്പിക്കാൻ തീരുമാനമായതെന്ന് മന്ത്രി അറിയിച്ചു.
ALSO READ: ആദായ നികുതി റിട്ടേൺ ഫോമുകൾ ഏതൊക്കെ? വരുമാനത്തിനനുസരിച്ച് ഐടിആർ ഫോം എങ്ങനെ തിരഞ്ഞെടുക്കാം?