Kerala Budget 2026: വയോജനങ്ങള്‍ക്ക് ബിസിനായി വായ്പ, 50% സബ്‌സിഡിയും; ബജറ്റില്‍ വേറെയും ഒട്ടനവധി നേട്ടങ്ങള്‍
Kerala Senior Citizens Benefits in Budget 2026: ഈ ബജറ്റിലെ എടുത്തുപറയേണ്ട നേട്ടം വയോജനങ്ങള്‍ക്കുള്ളതാണ്. വയോജനങ്ങള്‍ക്കായൊരു ബജറ്റ് പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ധനമന്ത്രി. ബജറ്റില്‍ സംസ്ഥാനത്തെ വയോജനങ്ങള്‍ക്കായി പ്രഖ്യാപിച്ച സുപ്രധാന പദ്ധതികള്‍ പരിചയപ്പെടാം.
രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് മലയാളികള്‍. എല്ലാ മേഖലയിലുള്ള ആളുകളെയും ഒരുപോലെ പരിഗണിച്ചുകൊണ്ടുള്ള ബജറ്റ് വലിയ നേട്ടം തന്നെയാണ് പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കും സമ്മാനിച്ചിരിക്കുന്നു. സംസ്ഥാനത്തെ പെന്‍ഷന്‍ വിഹിതത്തില്‍ വലിയ വര്‍ധനവാണ് സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. സാമൂഹ്യക്ഷേമ പെന്‍ഷന്‍ മുതല്‍ സ്ത്രീകള്‍ക്കായി പ്രഖ്യാപിച്ച പുതിയ പെന്‍ഷന്‍ പദ്ധതിക്ക് വരെ സര്‍ക്കാര്‍ തുക വകയിരുത്തി.
ഈ ബജറ്റിലെ എടുത്തുപറയേണ്ട നേട്ടം വയോജനങ്ങള്‍ക്കുള്ളതാണ്. വയോജനങ്ങള്‍ക്കായൊരു ബജറ്റ് പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ധനമന്ത്രി. ബജറ്റില്‍ സംസ്ഥാനത്തെ വയോജനങ്ങള്‍ക്കായി പ്രഖ്യാപിച്ച സുപ്രധാന പദ്ധതികള്‍ പരിചയപ്പെടാം.
വയോജനങ്ങള്‍ക്കായി
ക്ഷേമ പെന്‍ഷന്‍ 2,000 രൂപയാക്കി ഉയര്‍ത്തുമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. അതുപ്രകാരം 2,000 രൂപ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനായി ബജറ്റില്‍ 44,894.90 കോടി രൂപ വകയിരുത്തി.
കിടപ്പിലായ വയോജനങ്ങളെ പരിചരിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് ആശ്വാസകിരണം ധനസഹായം പ്രതിമാസം 1,000 രൂപയായി നിജപ്പെടുത്തി. ജോലി പോലും ഉപേക്ഷിച്ച് മാതാപിതാക്കളെ പരിചരിക്കുന്ന മക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഈ ധനസഹായം വലിയ ആശ്വാസമാകും.
ബിപിഎല്‍ കുടുംബത്തില്‍പെട്ട, മറ്റ് അസുഖങ്ങളുള്ള വയോജനങ്ങള്‍ക്കായി ന്യൂമോണിയ വാക്‌സിനേഷന്‍ പദ്ധതിയും സര്‍ക്കാര്‍ ആരംഭിക്കാന്‍ പോകുകയാണ്. ഇതിനായി 50 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.
സായംപ്രഭ പദ്ധതി വഴി വയോജനങ്ങള്‍ക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കും. മന്ദഹാസം പദ്ധതിയിലൂടെ സൗജന്യ കൃത്രിമ പല്ലുകള്‍, വയോമധുരം എന്ന പദ്ധതിയിലൂടെ സൗജന്യ ഗ്ലൂക്കോമീറ്ററുകള്‍ എന്നിവയെല്ലാം സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതിനായി 14 കോടിയാണ് നീക്കിവെച്ചിരിക്കുന്നത്.
Also Read: Kerala Budget 2026: കേരളത്തിലും അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി; ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍
മറ്റൊരു സുപ്രധാന തീരുമാനം വയോജനങ്ങളുടെ മാസികാരോഗ്യം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ളതാണ്. ഇതിനായി കോഴിക്കോട് ഇംഹാന്‍സില്‍ പ്രത്യേക സെന്റര്‍ ആരംഭിക്കാനാണ് നീക്കം.
വെറുതെ വീട്ടിലിരിക്കുന്ന വയോജനങ്ങളെ സംസ്ഥാനത്തിന്റെ സാമ്പത്തികരംഗത്തേക്ക് എത്തിക്കാനുള്ള ശ്രമത്തിനും സര്‍ക്കാര്‍ തുടക്കം കുറിക്കുന്നു. അതിനാല്‍ വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. നവജീവന്‍ പദ്ധതി വഴി 50 മുതല്‍ 60 വയസുവരെയുള്ള ആളുകള്‍ക്ക് സ്വയം തൊഴിലിനായി വായ്പയും 50 ശതമാനം സബ്‌സിഡിയും അനുവദിക്കും.
ന്യൂ ഇന്നിങ്‌സ് എന്ന പേരില്‍ വിരമിച്ച ഉദ്യോഗസ്ഥരുടെ അറിവും പരിചയ സമ്പത്തും പ്രയോജനപ്പെടുത്താന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വഴി മറ്റൊരു പദ്ധതിയും സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതിനായി 4 കോടി രൂപ ബജറ്റില്‍ മാറ്റിവെച്ചു. ഇവയ്ക്ക് പുറമെ ഒറ്റപ്പെട്ടുപോകുന്ന കലാകാരന്മാര്‍ക്കായി അഭയ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ബജറ്റില്‍ പരാമര്‍ശമുണ്ട്.