Rare Earth Corridor: ചൈനയ്ക്കുള്ള ഇന്ത്യയുടെ മറുപടി കേരളത്തില്‍ നിന്ന്! മലയാള മണ്ണില്‍ ഇനി ‘ധാതു വിപ്ലവം’
Rare Earth Corridor Project in Kerala Explained: കേരളത്തെ ഉള്‍പ്പെടുത്തി ധാതു ഇടനാഴി സ്ഥാപിക്കാനുള്ള നീക്കം വലിയ ആശ്വാസം പകരുന്നതാണ്. ഖനനം, സംസ്കരണം, ഗവേഷണം, ഉൽപ്പാദനം എന്നിവ ലക്ഷ്യമിട്ട് ഒഡീഷ, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളെയാണ് ധാതു ഇടനാഴിയുടെ ഭാഗമാക്കുന്നത്.
കേന്ദ്ര ബജറ്റില്‍ കേരളത്തിന് വലിയ പ്രഖ്യാപനങ്ങളില്ലെങ്കിലും, സംസ്ഥാനത്തെ ഉള്‍പ്പെടുത്തി ധാതു ഇടനാഴി സ്ഥാപിക്കാനുള്ള നീക്കം വലിയ ആശ്വാസം പകരുന്നതാണ്. ഖനനം, സംസ്കരണം, ഗവേഷണം, ഉൽപ്പാദനം എന്നിവ ലക്ഷ്യമിട്ട് ഒഡീഷ, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളെയാണ് ധാതു ഇടനാഴിയുടെ ഭാഗമാക്കുന്നത്. ഇന്ത്യയുടെ ആഭ്യന്തര ഉൽപ്പാദന അടിത്തറ ശക്തിപ്പെടുത്തുകയാണ് ധാതു ഇടനാഴിയിലൂടെ ലക്ഷ്യമിടുന്നത്. ധാതുക്കളുടെ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷ.
വൈദ്യുത വാഹന മോട്ടോറുകൾ, കാറ്റാടി യന്ത്രങ്ങൾ, സ്മാർട്ട്‌ഫോണുകൾ, സെമികണ്ടക്ടറുകൾ, പ്രതിരോധ സംവിധാനങ്ങൾ, ഇലക്ട്രിക് വാഹനങ്ങള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവയില്‍ ഉപയോഗിക്കുന്ന 17 മൂലകങ്ങളുടെ കൂട്ടമാണ് ‘റെയര്‍ എര്‍ത്ത് എലമെന്റ്‌സ്’. റെയര്‍ എര്‍ത്ത് മിനറലുകളില്‍ നിന്ന് നിര്‍മ്മിക്കുന്ന മാഗ്നെറ്റുകള്‍ മാനുഫാക്ചറിങ് മേഘലയില്‍ വളരെ പ്രധാനപ്പെട്ടതാണ്.
ധാതുക്കളുടെ ഖനനം, സംസ്കരണം, നീക്കം ചെയ്യൽ തുടങ്ങിയവ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന സംയോജിത സംവിധാനമാണ് ഈ ഇടനാഴി. ധാതു സമ്പന്നമായ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതിലൂടെ, വിതരണ ശൃംഖലകൾ മെച്ചപ്പെടുത്താനാകും. ചെലവ് കുറയ്ക്കാനാകുമെന്നതാണ് മറ്റൊരു പ്രത്യേകത.
എന്തുകൊണ്ട് കേരളം?
റെയര്‍ എര്‍ത്ത് മിനറലുകളുടെ നിക്ഷേപം കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. അതുകൊണ്ടാണ് ധാതു ഇടനാഴിയില്‍ കേരളത്തെയും ഉള്‍പ്പെടുത്തിയത്. കേരളത്തിന്റെ വ്യാവസായിക മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്നതാണ് പദ്ധതി. സംസ്ഥാനത്ത് പ്രധാനമായും ചവറ, വിഴിഞ്ഞം മേഖലകളെ കേന്ദ്രീകരിച്ച് ഇടനാഴി വിഭാവനം ചെയ്യാനാണ് സാധ്യത.
ചൈനയ്ക്കുള്ള മറുപടി
നിലവില്‍ ഈ വ്യവസായത്തില്‍ ചൈനയാണ് ആധിപത്യം പുലര്‍ത്തുന്നത്. ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യം ധാതു ഇടനാഴിക്ക് പിന്നിലുണ്ട്. ഗ്ലോബല്‍ മൈന്‍ പ്രൊഡക്ഷന്റെ ഏകദേശം 60 ശതമാനവും, റിഫൈന്‍ഡ് പ്രൊഡക്ഷന്റെയും, റെയര്‍ എര്‍ത്ത് മാഗ്നെറ്റ് ഔട്ട്പുട്ടിന്റെയും 90 ശതമാനവും ചൈനയാണ് കൈകാര്യം ചെയ്യുന്നത്. ഇക്കാര്യത്തില്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ചൈനയെ ആശ്രയിച്ചിരിക്കുന്നു. ചൈന കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ അത് മറ്റ് രാജ്യങ്ങള്‍ക്ക് തിരിച്ചടിയുമാകും.
സമീപ വർഷങ്ങളിൽ നിർണായക ധാതുക്കളുടെ കയറ്റുമതി നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ ധാതു വിതരണ ശൃംഖല സുരക്ഷിതമാക്കുന്നതിനും ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമുള്ള ഒരു തന്ത്രപരമായ നീക്കമാണിത്.
നിർണായക സെമികണ്ടക്ടർ വിതരണങ്ങൾക്കായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനൊപ്പം ചിപ്പ് ഇക്കോ സിസ്റ്റം കെട്ടിപ്പടുക്കാനുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ക്കും ഇത് കരുത്ത് പകരും.
വമ്പന്‍ തൊഴിലവസരങ്ങള്‍
കേരളത്തില്‍ ധാതു ഇടനാഴി വന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. മെറ്റലര്‍ജി, കെമിക്കല്‍ പ്രോസസിങ്, ഖനനം തുടങ്ങിയ മേഖലകളില്‍ നിരവധി അവസരങ്ങളുണ്ടായേക്കാം. ഇലക്ട്രിക് വാഹനങ്ങളുടെ ഘടകങ്ങള്‍ നിര്‍മ്മിക്കുന്ന ചെറുകിട യൂണിറ്റുകള്‍ക്കും വന്‍ സാധ്യതകളാണ് ഇത് മുന്നോട്ടുവയ്ക്കുന്നത്. റിസര്‍ച്ച് മേഖലയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. മാനുഫാക്ചറിങ് സെക്ടർ, എൻജിനീയറിങ്, ടെക്നിക്കൽ മേഖലകൾ, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകള്‍ക്കും പ്രയോജനം ലഭിക്കും.
കേരള ബജറ്റിലും സമാന പ്രഖ്യാപനം
ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കേരള ബജറ്റിലും വിഴിഞ്ഞം — ചവറ റെയർ എർത്ത് കോറിഡോർ പദ്ധതിയെക്കുറിച്ച് പ്രഖ്യാപനമുണ്ടായിരുന്നു. വിഴിഞ്ഞം തുറമുഖത്ത് നിന്ന് ചവറയെയും കൊച്ചിയേയും ബന്ധിപ്പിക്കുന്ന റെയർ എർത്ത് കോറിഡോർ സ്ഥാപിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. റെയര്‍ എര്‍ത്ത് ആന്റ് ക്രിട്ടിക്കല്‍ മിനറല്‍സ് മിഷന് 100 കോടി രൂപ മന്ത്രി പ്രഖ്യാപിച്ചിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ പെര്‍മനന്റ് മാഗ്നറ്റ് ഹബ്ബായി കേരളത്തെ മാറ്റാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഏകദേശം 42,000 കോടിയുടെ നിക്ഷേപവും, അര ലക്ഷത്തോളം തൊഴിലവസരങ്ങളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി വ്യക്തമാക്കിയിരുന്നു.