Lenskart: ജോലി ഉപേക്ഷിച്ചു, ശതകോടികളുടെ സാമ്രാജ്യത്തിലേക്ക്…ലെൻസ്കാർട്ടിന്റെ വിജയരഹസ്യം ഇതാണ്!
Lenskart Success Story: കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള കണ്ണടകൾ സാധാരണക്കാരിലേക്ക് എത്തിച്ചുകൊണ്ട് പീയുഷ് ബൻസാൽ കെട്ടിപ്പടുത്ത സംരംഭം, ഇന്ന് ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പുകളിൽ ഒന്നാണ്. എങ്ങനെയാണ് ലെൻസ്കാർട്ട് ഈ നേട്ടം കൈവരിച്ചത്?

Lenskart
ഓരോ ബിസിനസിന്റെയും പിന്നിൽ കഷ്ടപാടിന്റെ കഠിനാധ്വാനത്തിന്റെ കഥയുണ്ടാകും. അത്തരത്തിലൊരു കഥയാണ് ഇന്ത്യക്കാർക്കിടയിൽ കണ്ണടയുടെ മറുപേരായി തിളങ്ങുന്ന ലെൻസ്കാർട്ടിനും (Lenskart) പറയാനുള്ളത്. ഇന്ത്യയിലെ ഐവെയർ വിപണിയിൽ ഇന്ന് ഒഴിവാക്കാനാകാത്ത പേരാണ് ലെൻസ്കാർട്ട്. കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള കണ്ണടകൾ സാധാരണക്കാരിലേക്ക് എത്തിച്ചുകൊണ്ട് പീയുഷ് ബൻസാൽ കെട്ടിപ്പടുത്ത ഈ സംരംഭം, ഇന്ന് ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പുകളിൽ ഒന്നാണ്. എങ്ങനെയാണ് ലെൻസ്കാർട്ട് ഈ നേട്ടം കൈവരിച്ചത്?
ലെൻസ്കാർട്ട് – പിറവി
2010-ൽ പീയുഷ് ബൻസാൽ മൈക്രോസോഫ്റ്റിലെ വലിയ ശമ്പളമുള്ള ജോലി ഉപേക്ഷിക്കുമ്പോൾ ലക്ഷ്യം ഒന്നുമാത്രമായിരുന്നു—ജനങ്ങളുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കുന്ന എന്തെങ്കിലും ചെയ്യുക. ഇന്ത്യയിലെ ജനസംഖ്യയുടെ പകുതിയോളം പേർക്കും കാഴ്ചാ വൈകല്യമുണ്ടെന്നും എന്നാൽ വെറും 25 ശതമാനത്തിന് താഴെ ആളുകൾ മാത്രമേ കണ്ണടകൾ ഉപയോഗിക്കുന്നുള്ളൂ എന്നും അദ്ദേഹം തിരിച്ചറിഞ്ഞു. ഇതിന് പ്രധാന കാരണം കണ്ണടകളുടെ ഉയർന്ന വിലയും വിപണിയിലെ ഇടനിലക്കാരുടെ സ്വാധീനവുമായിരുന്നു.
വിജയ രഹസ്യം
മറ്റ് ബ്രാൻഡുകളിൽ നിന്ന് വ്യത്യസ്തമായി ലെൻസ്കാർട്ട് സ്വന്തമായി കണ്ണടകൾ നിർമ്മിച്ച് നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു. ഇതിലൂടെ ഇടനിലക്കാരെ ഒഴിവാക്കാനും ഉൽപ്പന്നങ്ങളുടെ വില 50% മുതൽ 70% വരെ കുറയ്ക്കാനും സാധിച്ചു. ഗുണമേന്മയുള്ള ഫ്രെയിമുകൾ കുറഞ്ഞ നിരക്കിൽ നിർമ്മിച്ച്, അവ സ്റ്റൈലിഷ് ഡിസൈനുകളിൽ വിപണിയിലിറക്കി.
ഓൺലൈൻ സ്റ്റോറിലൂടെയാണ് തുടങ്ങിയതെങ്കിലും, കണ്ണടകൾ നേരിട്ട് പരീക്ഷിച്ചു വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി രാജ്യത്തുടനീളം 2000-ലധികം സ്റ്റോറുകൾ ലെൻസ്കാർട്ട് ആരംഭിച്ചു. വീട്ടിലിരുന്ന് തന്നെ കണ്ണ് പരിശോധിക്കാനും കണ്ണടകൾ തിരഞ്ഞെടുക്കാനുമുള്ള സൗകര്യം സാധാരണക്കാർക്ക് വലിയ ആശ്വാസമായി.
വെർച്വൽ ആയി കണ്ണടകൾ മുഖത്ത് പരീക്ഷിച്ചു നോക്കാനുള്ള സാങ്കേതികവിദ്യ ലെൻസ്കാർട്ടിനെ യുവാക്കൾക്കിടയിൽ ജനപ്രിയമാക്കി. ‘ബൈ വൺ ഗെറ്റ് വൺ’ പോലുള്ള ഓഫറുകൾ വഴി മധ്യവർഗ്ഗ കുടുംബങ്ങളെ ബ്രാൻഡിലേക്ക് ആകർഷിക്കാൻ ഇവർക്ക് കഴിഞ്ഞു.
ലെൻസ്കാർട്ട് -ഇന്ന്
ഇന്ന് പീയുഷ് ബൻസാലിന് കീഴിലുള്ള ലെൻസ്കാർട്ട് ഒരു ആഗോള ബ്രാൻഡായി വളർന്നു കഴിഞ്ഞു. ജപ്പാൻ, സിംഗപ്പൂർ, യുഎഇ തുടങ്ങിയ വിദേശ രാജ്യങ്ങളിലും ഇന്ന് ലെൻസ്കാർട്ടിന് സാന്നിധ്യമുണ്ട്. ഷാർക്ക് ടാങ്ക് ഇന്ത്യയിലൂടെ മലയാളികൾക്കും സുപരിചിതനായ പീയുഷ് ബൻസാൽ, ലക്ഷ്യബോധത്തോടെയുള്ള കഠിനാധ്വാനത്തിന്റെ പ്രതീകമാണ്.