CJ Roy: സാധാരണക്കാരന്റെ ‘കോൺഫിഡന്റ്’ നൽകിയ വിജയം; സി.ജെ. റോയ് ആരായിരുന്നു?
CJ Joy Business: ഒരു സാധാരണക്കാരനായി ജീവിതം ആരംഭിച്ച് സ്വപ്രയത്നത്തിലൂടെ റിയൽ എസ്റ്റേറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത വ്യക്തിയായിരുന്നു അദ്ദേഹം. മൾട്ടി നാഷണൽ കമ്പനിയായ എച്ച്പിയിലെ ജോലി രാജിവെച്ചാണ് അദ്ദേഹം ബിസിനസ് രംഗത്തേക്ക് പ്രവേശിച്ചത്.

CJ Roy
റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രമുഖ സ്ഥാപനമായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ചെയർമാൻ സി.ജെ. റോയിയുടെ (56) അപ്രതീക്ഷിത വിയോഗം വ്യവസായ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ബംഗളൂരുവിലെ കോർപ്പറേറ്റ് ഓഫീസിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒരു സാധാരണക്കാരനായി ജീവിതം ആരംഭിച്ച് സ്വപ്രയത്നത്തിലൂടെ റിയൽ എസ്റ്റേറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത വ്യക്തിയായിരുന്നു അദ്ദേഹം.
കൊച്ചി സ്വദേശിയായ സി.ജെ. റോയി കോളേജ് വിദ്യാഭ്യാസത്തിന് ശേഷം സ്വിറ്റ്‌സർലൻഡിലെ എസ്ബിഎസ് ബിസിനസ് സ്കൂളിൽ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ഡോക്ടറേറ്റ് നേടി. മൾട്ടി നാഷണൽ കമ്പനിയായ എച്ച്പിയിലെ ജോലി രാജിവെച്ചാണ് അദ്ദേഹം ബിസിനസ് രംഗത്തേക്ക് പ്രവേശിച്ചത്. കേരളം, ബംഗളൂരു, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ നിക്ഷേപങ്ങളാണ് കോൺഫിഡന്റ് ഗ്രൂപ്പ് നടത്തിയത്. ഏകദേശം 200-ഓളം പ്രോജക്റ്റുകളിലായി 15,000-ത്തിലധികം ഉപഭോക്താക്കൾ കമ്പനിക്കുണ്ട്.
റിയൽ എസ്റ്റേറ്റിന് പുറമെ ഹോസ്പിറ്റാലിറ്റി, വിനോദം, വിദ്യാഭ്യാസം, വ്യോമയാനം, അന്താരാഷ്ട്ര വ്യാപാരം എന്നീ മേഖലകളിലും കോൺഫിഡന്റ് ഗ്രൂപ്പ് സജീവമാണ്. നാല് മലയാള സിനിമകളുടെ നിർമ്മാതാവ് കൂടിയായിരുന്നു സി.ജെ. റോയി. കൂടാതെ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിന്റെ ടൈറ്റിൽ സ്പോൺസറായും കേരളത്തിലെ നിരവധി റിയാലിറ്റി ഷോകളുടെ സ്പോൺസറായും അദ്ദേഹം കായിക-വിനോദ മേഖലകളിൽ സാന്നിധ്യമറിയിച്ചു.
ബിസിനസ് രംഗത്ത് സജീവമായി നിൽക്കെയാണ് അദ്ദേഹത്തിന്റെ വിയോഗം സംഭവിക്കുന്നത്. പരമ്പരാഗത രീതികളിൽ നിന്ന് മാറി ചിന്തിക്കുകയും കമ്പനിയെ വലിയ കടബാധ്യതകളില്ലാതെ മുന്നോട്ട് നയിക്കുകയും ചെയ്ത റോയിയുടെ ശൈലി വ്യവസായ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മരണം റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും കേരളത്തിലെ വ്യവസായ സമൂഹത്തിനും വലിയൊരു നഷ്ടമാണ്.