AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Neel Mohan: യൂട്യൂബ് തലപ്പത്തെ ഇന്ത്യക്കാരൻ; സിഇഒ നീൽ മോഹന്റെ ശമ്പളം അറിയാമോ?

Neal Mohan YouTube CEO: 2023 ഫെബ്രുവരിയിലാണ് അദ്ദേഹം സിഇഒ ആയി നിയമിതനായത്. ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ഇന്ത്യൻ വംശജരായ സിഇഒമാരിൽ ഒരാളാണ് നീൽ മോഹൻ.

Neel Mohan: യൂട്യൂബ് തലപ്പത്തെ ഇന്ത്യക്കാരൻ; സിഇഒ നീൽ മോഹന്റെ ശമ്പളം അറിയാമോ?
Neal MohanImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 21 Aug 2025 | 12:28 PM

ബിസിനസ് ടെക് മേഖലകളിൽ ഇന്ത്യക്കാരുടെ സാനിധ്യം വളരെ വലുതാണ്. അത്തരത്തിൽ സോഷ്യൽ മീഡിയ, ഓൺലൈൻ വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബിന്റെ തലപ്പത്തുള്ളതും ഒരു ഇന്ത്യക്കാരനാണെന്ന് നിങ്ങൾക്കറിയാമോ? 2023 ഫെബ്രുവരി 16 മുതൽ യൂട്യൂബിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ആയി സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ അമേരിക്കൻ ബിസിനസുകാരനായ നീൽ മോഹനെക്കുറിച്ച് അറിയാം…

1973 ജൂലൈ 14 ന് ഇന്ത്യാനയിലെ ലഫായെറ്റിൽ ജനിച്ച നീൽ മോഹൻ, തന്റെ ബാല്യത്തിന്റെ ഭൂരിഭാഗവും അമേരിക്കയിലാണ് ചെലവഴിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഇന്ത്യൻ വംശജരായിരുന്നു. 1985 ൽ കുടുംബത്തോടൊപ്പം ഇന്ത്യയിലേക്ക് താമസം മാറിയ നീൽ 1992-ൽ അമേരിക്കയിലേക്ക് മടങ്ങി പോയി.

സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. 1996-ൽ ആക്സെഞ്ചറിൽ തന്റെ കരിയർ ആരംഭിച്ച നീൽ താമസിയാതെ നെറ്റ്ഗ്രാവിറ്റി എന്ന സ്റ്റാർട്ടപ്പിൽ ചേർന്നു. 2002-ൽ, പ്രമുഖ ഇന്റർനെറ്റ് പരസ്യ കമ്പനിയായ ഡബിൾക്ലിക്ക് നെറ്റ്ഗ്രാവിറ്റി ഏറ്റെടുത്തു. 2003-2005ൽ സ്റ്റഡി ലീവെടുത്ത് സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് എംബിഎ നേടി.

ALSO READ: കർഷകന്റെ മകൻ, മാസം പത്ത് കോടിയിലധികം ശമ്പളം; ടാറ്റ സൺസ് സിഇഒ സമ്പാ​ദിക്കുന്നത്….

അതിനുശേഷം, അദ്ദേഹം വീണ്ടും ഡബിൾക്ലിക്കിൽ ചേർന്നു. പിന്നീട് 2007 ൽ അത് ഗൂഗിൾ ഏറ്റെടുത്തു. ഇവിടെ നിന്നാണ് ഗൂഗിളുമായുള്ള അദ്ദേഹത്തിന്റെ ദീർഘകാല ബന്ധം ആരംഭിച്ചത്. ഗൂഗിളിൽ, യൂട്യൂബിന്റെ മുൻ സിഇഒ സൂസൻ വോജ്‌സിക്കിയുമായി നീൽ അടുത്ത് പ്രവർത്തിക്കുകയും കമ്പനിയുടെ ഡിസ്‌പ്ലേ, വീഡിയോ പരസ്യ വിഭാഗത്തിന് നേതൃത്വം നൽകുകയും ചെയ്തു.

2011 ൽ, ട്വിറ്റർ (ഇപ്പോൾ എക്‌സ്) അദ്ദേഹത്തെ അതിന്റെ ചീഫ് പ്രൊഡക്റ്റ് ഓഫീസറായി നിയമിക്കാൻ ശ്രമിച്ചു, പക്ഷേ ഗൂഗിളിൽ തന്നെ തുടരാൻ കമ്പനി അദ്ദേഹത്തിന് 100 മില്യൺ യുഎസ് ഡോളർ വാഗ്ദാനം ചെയ്തു എന്നാണ് റിപ്പോർട്ട്. 2015-ൽ നീൽ മോഹൻ യൂട്യൂബിന്റെ ചീഫ് പ്രോഡക്റ്റ് ഓഫീസറായി,  പ്രധാന പ്രോജക്ടുകൾക്ക് നേതൃത്വം നൽകി. യൂട്യൂബ് പ്രീമിയം, യൂട്യൂബ് മ്യൂസിക്, യൂട്യൂബ് കിഡ്സ്, യൂട്യുബ് ടിവി, യൂട്യൂബ് ഷോർട്ട്സ് അവയിൽ ചിലത് മാത്രം.

2023 ഫെബ്രുവരിയിലാണ് അദ്ദേഹം സിഇഒ ആയി നിയമിതനായത്. ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ഇന്ത്യൻ വംശജരായ സിഇഒമാരിൽ ഒരാളാണ് നീൽ മോഹൻ. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, അദ്ദേഹത്തിന്റെ പ്രതിമാസ ശമ്പളം 3.1 കോടി രൂപയാണ്. എന്നാൽ അദ്ദേഹത്തിന്റെ ആസ്തിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.