Ration Card: പുതിയ റേഷൻ കാർഡ് വേണോ? ആർക്കെല്ലാം അപേക്ഷിക്കാം? അവസാന തീയതി…
New Ration Card Applications: അർഹരായ എല്ലാ കുടുംബങ്ങൾക്കും റേഷൻ കാർഡ് ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 11 ലക്ഷത്തിലധികം കാർഡുകൾ പുതുതായി നൽകുകയോ തരം മാറ്റം വരുത്തുകയോ ചെയ്തിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ ഉപഭോക്താക്കൾക്ക് പുതിയ റേഷൻ കാർഡിന് അപേക്ഷിക്കാൻ അവസരം. ജനുവരി 15 മുതൽ 30 വരെ അപേക്ഷിക്കാനുള്ള അവസരം നൽകുന്നതാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ പറഞ്ഞു. തിരുവനന്തപുരത്ത് ആശാൻ സ്മാരക ഹാളിൽ വച്ച് നടത്തപ്പെട്ട 7,000 കുടുംബങ്ങൾക്കുള്ള അന്ത്യോദയ അന്നയോജന റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അർഹരായ എല്ലാ കുടുംബങ്ങൾക്കും റേഷൻ കാർഡ് ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 11 ലക്ഷത്തിലധികം കാർഡുകൾ പുതുതായി നൽകുകയോ തരം മാറ്റം വരുത്തുകയോ ചെയ്തിട്ടുണ്ട്. നിലവിലെ സർക്കാരിന്റെ കാലയളവിൽ ഇതുവരെ 5,53,858 പിങ്ക് കാർഡുകളും 58,487 എഎ വൈ കാർഡുകളും വിതരണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എങ്ങനെ അപേക്ഷിക്കാം എന്നതിൽ വ്യക്തത വരുത്തിയിട്ടില്ല. വരുംദിവസങ്ങളിൽ പോർട്ടലുകൾ തുറന്നേക്കുമെന്നാണ് വിവരം.
ജനുവരി മാസത്തെ റേഷൻ വിഹിതം
അന്ത്യോദയ അന്ന യോജന (AAY): 30 കിലോ അരിയും രണ്ട് കിലോ ഗോതമ്പും സൗജന്യമായും, 3 പായാക്കറ്റ് ആട്ട ഏഴ് രൂപ നിരക്കിലും, 1 കിലോ പഞ്ചസാര 27 രൂപ നിരക്കിലും ലഭിക്കും.
മുൻഗണനവിഭാഗം (PHH): കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും, 1 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കാർഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവിൽ നിന്നും നാല് കിലോ കുറച്ച് അതിന് പകരം നാല് പായ്ക്കറ്റ് ആട്ട 9 രൂപ നിരക്കിലും ലഭിക്കുന്നതാണ്.
ALSO READ: ജനുവരിയിലെ റേഷൻ വിതരണം ഇന്ന് മുതൽ; അരി, മണ്ണെണ്ണ എത്ര വീതം?
പൊതുവിഭാഗം സബ്സിഡി (NPS): കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിൽ ലഭിക്കും. അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് ഒരു കിലോ അരി മുതൽ രണ്ട് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിലും ലഭിക്കും.
പൊതുവിഭാഗം (NPNS): കാർഡിന് രണ്ട് കിലോ അരി, കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. കൂടാതെ അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് ഒന്ന് മുതൽ രണ്ട് കിലോ വരെ ആട്ട 17 രൂപ നിരക്കിൽ ലഭിക്കും.
പൊതുവിഭാഗം സ്ഥാപനം( NPI): കാർഡിന് 2 കിലോ അരി, കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് പരമാവധി 1 കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.