Royal Enfield: സൂചിയിൽ നിന്ന് പിറന്ന ബുള്ളറ്റ് പ്രണയം; റോയൽ എൻഫീൽഡിന്റെ രാജകീയ യാത്രയുടെ കഥ
Royal Enfield Success Story: ഒരു കാലത്ത് നഷ്ടത്തിൽ മുങ്ങി, അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന ഈ വാഹനത്തിന്റെ വിധി തിരുത്തിക്കുറിച്ചത്, വെറും 26 വയസുകാരന്റെ ബുദ്ധിയാണ്. ഇംഗ്ലണ്ടിൽ ജനിച്ച് ഇന്ത്യയുടെ ആത്മാവായി തീർന്ന ആ വാഹനത്തെ അറിയാം... റോയൽ എൻഫീൽഡിന്റെ രാജകീയ കഥ....

സിദ്ധാർത്ഥ ലാൽ
യുവത്വത്തിന്റെ കരുത്തുറ്റ ശബ്ദത്തിന്റെ പ്രതീകം, ഇന്ത്യൻ ഇരുചക്രവാഹന വിപണിയിലെ ഇതിഹാസ ബ്രാൻഡ്… ഒരു കാലത്ത് നഷ്ടത്തിൽ മുങ്ങി, അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന ഈ വാഹനത്തിന്റെ വിധി തിരുത്തിക്കുറിച്ചത്, വെറും 26 വയസുകാരന്റെ ബുദ്ധിയാണ്. ഇംഗ്ലണ്ടിൽ ജനിച്ച് ഇന്ത്യയുടെ ആത്മാവായി തീർന്ന റോയൽ എൻഫീൽഡിന്റെ രാജകീയ കഥ….
റോയൽ എൻഫീൽഡിന്റെ പിറവി
1850കളിൽ ഇംഗ്ലണ്ടിലെ റെഡിഷ് എന്ന നഗരത്തിൽ ഒരു തയ്യൽമെഷീന്റെ സൂചികൾ നിർമ്മിക്കുന്ന ഒരു സംരംഭം ഉണ്ടായിരുന്നു. ജോർജ് ടൗൺസൻ ആന്റ് കോ എന്നായിരുന്നു അതിന്റെ പേര്. അവർ പിന്നീട് സൈക്കിളുകൾ നിർമിച്ച് തുടങ്ങി. ചെറിയ സൈക്കിൾ യൂണിറ്റായിരുന്നു തുടക്കം. നോർത്ത് ലണ്ടനിൽ ഉള്ള നഗരത്തിലേക്ക് അവർ സൈക്കിളുകൾ വിറ്റു. കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത് എൻഫീൽഡ് എന്ന നഗരത്തിലായിരുന്നു. അങ്ങനെ എൻഫീൽഡ് സൈക്കിൾ കമ്പനി എന്ന് പേര് വീണു.
ഇംഗ്ലണ്ടിലെ റോയൽ സ്മോൾ ആംസ് ഫാക്ടറിയിലേക്ക് റൈഫിൾ പാർട്സുകൾ നിർമിച്ച് സപ്ലൈ ചെയ്യാനുള്ള ഓർഡർ കിട്ടി. അവർ അന്നത്തെ ഏറ്റവും ശക്തിയേറിയ തോക്കുകൾ നിർമിച്ച് ബ്രിട്ടീഷ് ആർമിക്ക് വിറ്റു. ഗവൺമെന്റിന്റെ ആയുധപുരയിലേക്ക് തോക്കുകൾ നിർമിച്ച് നൽകിയ കമ്പനിക്ക് ബ്രിട്ടീഷ് സർക്കാർ റോയൽ പദവി നൽകി.
1901ലാണ് ആദ്യ റോയൽ എൻഫീൽഡ് ബുള്ളറ്റ് യാഥാർത്ഥ്യമാകുന്നത്. 1932ൽ ഇംഗ്ലണ്ടിലെ റോഡിലൂടെ ഘനഗാംഭീരമായ ശബ്ദത്തിൽ ബുള്ളറ്റ് ഓടി തുടങ്ങി. 1930കളുടെ അവസാനം രണ്ടാം ലോകമഹായുദ്ധം തുടങ്ങുമ്പോൾ യുദ്ധമുഖത്തെ പോരാളിയായി എൻഫീൽഡ് ബുള്ളറ്റും ഉണ്ടായിരുന്നു.
ALSO READ: ഇന്ത്യക്കാരുടെ പട്ടിണി മാറ്റിയ ബിസ്കറ്റ്, 17,100 കോടിയുടെ കച്ചവടം; കവറിലും പേരിലുമുണ്ട് ഒരു രഹസ്യം!
ഇംഗ്ലണ്ടിൽ പിറന്ന ഇന്ത്യൻ ആത്മാവ്
ഇന്ത്യ-പാക് യുദ്ധസമയം ഹിമാലയത്തിലെ മലനിരകളിലൂടെ മറ്റൊരു വാഹനത്തിനും കയറിപോകാൻ പറ്റാത്ത ഇടങ്ങളിൽ പട്ടാളത്തിന് മുന്നോട്ട് നീങ്ങാൻ റോയൽ എൻഫീൽഡ് ബുള്ളറ്റ് വാങ്ങാാൻ സർക്കാർ തീരുമാനിച്ചു. അങ്ങനെ എണ്ണൂറോളം റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ ഇന്ത്യയിലെത്തി. ഐക്കോണിക് എൻഫീൽഡ് 350 മോഡൽ. ഇറക്കുമതി ചെയ്താൽ മതിയാകില്ലെന്ന വിലയിരുത്തലിൽ 1955 മദ്രാസിലെ തിരുവട്ടിയൂരിൽ പ്ലാറ്റ് തുറന്നു.
എൻഫീൽഡ് അസംബ്ലിങ് തുടങ്ങി. 1962 ആയപ്പോഴേക്ക് എല്ലാ കമ്പോണന്റും ഇന്ത്യയിൽ തന്നെ ഉണ്ടാക്കി എൻഫീൽഡ് ബുള്ളറ്റ് പൂർണമായും ഇന്ത്യൻ നിർമിതിയായി. അതേസമയത്താണ് ഇംഗ്ലണ്ടിൽ ബുള്ളറ്റിനോടുള്ള പ്രിയം മങ്ങി തുടങ്ങി. റെഡിഷിലെ അവരുടെ ആദ്യ പ്ലാറ്റ് അടച്ചു. ഇംഗ്ലണ്ടിലെ അടുത്ത പ്ലാറ്റും പൂട്ടി. ഇന്നവേഷന്റെ അഭാവം, തൊഴിലാളി പ്രശ്നങ്ങൾ, ബൈക്ക് ബ്രാൻഡുകളുമായുള്ള മത്സരം ഇതെല്ലാം കമ്പനിയെ തളർത്തി.
1971ൽ ഒറിഞ്ചിനൽ എൻഫീൽഡ് സൈക്കിൾ കമ്പനി പ്രവർത്തനം നിർത്തി. ഇംഗ്ലണ്ടിൽ പൂട്ടിയപ്പോൾ ഇന്ത്യയിൽ അതിന്റെ യാത്ര തുടർന്നു. സൈന്യത്തിന് ബുള്ളറ്റ് നിർമ്മിക്കാനായി ആരംഭിച്ച മദ്രാസിലെ തിരുവട്ടിയൂർ പ്ലാറ്റിൽ നിന്നും ഇന്ത്യയാകെ റോയൽ എൻഫീൽഡ് എത്തി തുടങ്ങി.
തകർച്ചയുടെ വക്കിൽ
1980കളിൽ എൻഫീൽഡ് സാധാരണക്കാരന് അഫോർട്ടബിൾ ആയിരുന്നില്ല. മറ്റ് ഇരുചക്രവാഹനങ്ങളെ അപേക്ഷിച്ച് എൻഫീൽഡ് പെട്രോൾ മോഡലുകൾക്ക് മൈലേജ് കുറവായിരുന്നു. ഇത് കമ്പനി സാമ്പത്തികമായി നഷ്ടത്തിലായി. 1994ൽ ഐഷർ ഗ്രൂപ്പ് എൻഫീൽഡിന്റെ ഓഹരികൾ വാങ്ങി. റോയൽ എൻഫീൽഡ് മോട്ടോഴ്സ് ലിമിറ്റഡ് എന്ന പേര് മാറ്റി. എന്നാൽ വണ്ടിയെ മാർക്കറ്റിൽ ക്ലച്ച് പിടിപ്പിക്കാൻ കഴിഞ്ഞില്ല. കമ്പനി പൂട്ടുമെന്ന് എല്ലാവരും വിധിയെഴുത്തി.
എന്നാൽ വിധിയെ മാറ്റിയെഴുതാൻ ഒരു ഇന്ത്യക്കാരന് കഴിഞ്ഞു. അദ്ദേഹത്തിന്റെ പേരാണ് സിദ്ധാർത്ഥ ലാൽ. 26ാം വയസ്സിൽ കമ്പനിയുടെ സിഇഒ ആയ ആ ചെറുപ്പക്കാരൻ റോയൽ എൻഫീൽഡ് എന്ന ബ്രാൻഡിന്റെ ഉയർത്തെഴുന്നേൽപ്പിന് കാരണമായി.
ALSO READ: സാധാരണക്കാരുടെ ഫാഷൻ ബ്രാൻഡ്, പരസ്യത്തിന് നോ എൻട്രി; സുഡിയോ വിജയത്തിന് പിന്നിൽ ആ തന്ത്രം….
ഉയർത്തെഴുന്നേൽപ്പ്
അദ്ദേഹം കമ്പനിയുടെ പ്രൊഡക്ടുകൾ മാറ്റാനല്ല ശ്രമിച്ചത്. പകരം ബ്രാൻഡിനോടുള്ള കാഴ്ച്ചപ്പാട് മാറ്റി. സാധാരണ ടൂറിങ് ബൈക്ക് എന്ന നിലയിൽ നിന്നും പതുക്കെ എൻഫീൽഡിന്റെ ഇമേജ് മാറ്റിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യം തിരിച്ചറിയുകയും, നിർമാണത്തിലെ കുഴപ്പങ്ങൾ കണ്ടെത്തി പരിഹരിച്ച്, മെയിന്റനൻസ് ചിലവ് കുറയ്ക്കുകയും ചെയ്തു.
2001-ൽ പുറത്തിറക്കിയ ‘ബുള്ളറ്റ് ഇലക്ട്ര’ ക്ലാസിക് രൂപം നിലനിർത്തിക്കൊണ്ട് ആധുനിക എഞ്ചിനീയറിംഗ് നൽകി. 2008-ൽ ക്ലാസിക് 500-ഉം 2009-ൽ ക്ലാസിക് 350-ഉം പുറത്തിറങ്ങിയതോടെ ബ്രാൻഡ് പഴയ പ്രതാപം വീണ്ടെടുത്തു.
റോയൽ എൻഫീൽഡ് വെറുമൊരു വാഹനം മാത്രമല്ല, അതൊരു സംസ്കാരവും സാഹസികതയുമാണ് എന്ന ആശയം അദ്ദേഹം പ്രചരിപ്പിച്ചു. റൈഡർ മാനിയ ഹിമാലയൻ ഒഡീസി പോലുള്ള റൈഡിംഗ് പരിപാടികൾ സംഘടിപ്പിച്ചു.
2005 വരെ 25,000 മോട്ടോർ സൈക്കിൾ യൂണിറ്റുകളാണ് വില്പന നടത്തിയയിടത്ത് 2010 വർഷത്തോടെ 50,000 യൂണിറ്റുകളുടെ വില്പനയാണ് എൻഫീൽഡ് നേടിയെടുത്തത്. ഇന്ന് ഐഷർ മോട്ടോഴ്സിന്റെ ലാഭത്തിന്റെ 80% ശതമാനവും റോയൽ എൻഫീൽഡിൽ നിന്നാണ്.