Zudio Success Story: സാധാരണക്കാരുടെ ഫാഷൻ ബ്രാൻഡ്, പരസ്യത്തിന് നോ എൻട്രി; സുഡിയോ വിജയത്തിന് പിന്നിൽ ആ തന്ത്രം….
Zudio Success Story: വലിയ പരസ്യ കാമ്പെയ്‌നുകളോ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളോ ഇല്ലാതെ തന്നെ, സാധാരണക്കാരന്റെ മനസ് കീഴടക്കിയ റീട്ടെയിൽ ഭീമനാണ് സുഡിയോ. എന്നാൽ ഈ യാത്ര അത്ര എളുപ്പമായിരുന്നോ?
പരമ്പരാഗത മാർക്കറ്റിംഗ് തന്ത്രങ്ങളെല്ലാം മാറ്റിമറിച്ച് സാധാരണക്കാർക്കിടയിൽ വിപ്ലവം തീർത്ത ബ്രാൻഡ്, കുറഞ്ഞവില, പരസ്യങ്ങളില്ല…. തുടങ്ങി വിശേഷങ്ങൾ നിരവധിയാണ് ഈ ഫാഷൻ ബ്രാൻഡിന്. വലിയ പരസ്യ കാമ്പെയ്‌നുകളോ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളോ ഇല്ലാതെ തന്നെ, സാധാരണക്കാരന്റെ മനസ് കീഴടക്കിയ റീട്ടെയിൽ ഭീമനാണ് സുഡിയോ. എന്നാൽ ഈ യാത്ര അത്ര എളുപ്പമായിരുന്നോ?, നേരിടേണ്ടി വന്ന വെല്ലുവിളികൾ എന്തെല്ലാം, വിജയത്തിലെത്താൻ ഉപയോഗിച്ച ആ സ്പെഷ്യൽ തന്ത്രം എന്തായിരുന്നു? പരിശോധിക്കാം…..
സുഡിയോ പിറവി
ടാറ്റയുടെ ഫാഷൻ, ലൈഫ്‌സ്റ്റൈൽ റീട്ടെയിൽ കമ്പനിയായ ട്രെൻ്റിൻ്റെ കീഴിലുള്ള വസ്ത്രവ്യാപാര സ്റ്റോറാണ് വെസ്റ്റ്‌സൈഡ്. 1998ൽ പ്രീമിയം വസ്ത്രവ്യാപാര സ്ഥാപനമെന്ന നിലയിൽ വെസ്റ്റ്‌സൈഡ് തുടങ്ങിയത്. ആദ്യ സ്റ്റോർ ബെംഗളൂരുവിൽ ആയിരുന്നു. എന്നാൽ ഉയർന്ന വില കാരണം വളരെ ചുരുങ്ങിയ ഒരു ശതമാനം ജനവിഭാഗത്തിന്റെ മാത്രം സ്റ്റോറായി വെസ്റ്റ്‌സൈഡ് മാറി.
അതുകൊണ്ട് ഒരാളിലേക്ക് മാത്രം ചുരുങ്ങാതെ എല്ലാ വിഭാഗങ്ങർക്ക് വേണ്ടിയുള്ള സ്റ്റോർ, അതായിരുന്നു ടാറ്റായുടെ അടുത്ത പദ്ധതി. അതിന്റെ ഫലമായി 2016ൽ ‘സുഡിയോ’ സ്ഥാപിക്കപ്പെട്ടു. ബെംഗളൂരുവിലായിരുന്നു ആദ്യ സ്റ്റോർ.
സുഡിയോയുടെ വിജയ രഹസ്യം
കുറഞ്ഞ വിലയും ഫാസ്റ്റ് ഫാഷനുമാണ് സുഡിയോയുടെ വിജയത്തിന് പിന്നിൽ. ഓരോ 3-4 ആഴ്ചയിലും സ്റ്റോറുകളിലെ ഉൽപ്പന്നങ്ങളുടെ ഡിസൈനുകൾ മാറ്റുന്നു. സുഡിയോ വിൽക്കുന്ന എല്ലാ ഉൽപ്പന്നങ്ങളും ഇൻ-ഹൗസ് ആയി രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്ന ‘പ്രൈവറ്റ് ലേബൽ’ ഉൽപ്പന്നങ്ങളാണ്. ഇടനിലക്കാരെ പൂർണ്ണമായും ഒഴിവാക്കുന്നതിലൂടെ ഉത്പാദനച്ചെലവ് ഗണ്യമായി കുറയ്ക്കാൻ ഇതിലൂടെ സാധിക്കുന്നു.
സുഡിയോയിലെ 85% ഉൽപ്പന്നങ്ങൾക്കും 1,000 രൂപയിൽ താഴെയാണ് വില. മിക്ക ഉൽപ്പന്നങ്ങളും 300 രൂപയ്ക്കും 500 രൂപയ്ക്കും ഇടയിലാണ്. വില കുറവാണെങ്കിലും ഗുണനിലവാരം ഉറപ്പുവരുത്താൻ ബ്രാൻഡ് ശ്രദ്ധിക്കുന്നുണ്ട്.
സർവവും ഡിജിറ്റലായ ഈ കാലത്തും സുഡിയോ ഇ-കൊമേഴ്‌സിനായി ഒരു ആപ്പ് പോലും പുറത്തിറക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പരസ്യങ്ങൾ നൽകാത്തതിനാൽ, സുഡിയോയെക്കുറിച്ചുള്ള വിവരങ്ങൾ ഉപഭോക്താക്കളിലൂടെയാണ് പ്രചരിക്കുന്നത്. ഗുണമേന്മയും കുറഞ്ഞ വിലയും കാരണം ഈ ‘വാമൊഴി പരസ്യം’ കൂടുതൽ ഫലപ്രദമാവുകയും പുതിയ ഉപഭോക്താക്കളെ സ്റ്റോറുകളിലേക്ക് ആകർഷിക്കുകയും ചെയ്യുന്നുണ്ട്.