Silver Rate: സ്വര്‍ണം വിട്ടേക്ക് ഇനി വെള്ളിയാണ് താരം; ബുള്ളറ്റ് ട്രെയിന്‍ തോറ്റുപോകും ആ കുതിപ്പില്‍
Silver Price Forecast and Tips for Investors: വ്യാവസായിക, ഊര്‍ജ മേഖലയില്‍ ഒഴിച്ചുകൂടാനാകാത്ത ലോഹമായി വെള്ളി മാറിയിരിക്കുന്നു. 2024ല്‍ ഇന്ത്യ ഏകദേശം 6.4 ബില്യണ്‍ ഡോളറിന്റെ ശുദ്ധീകരിച്ച വെള്ളിയാണ് ഇറക്കുമതി ചെയ്തത്.
സ്വര്‍ത്തേക്കാള്‍ വേഗത്തില്‍ കുതിക്കുകയാണ് വെള്ളി. സ്വര്‍ണത്തിന്റെ അത്ര ഡിമാന്‍ഡ് ഇല്ലാതിരുന്ന വെള്ളിക്ക് ഇന്ന് വലിയ ഡിമാന്‍ഡാണ്. 2025ല്‍ അസാധാരണമായ വളര്‍ച്ചയാണ് വെള്ളി കാഴ്ചവെച്ചത്. ഏകദേശം 161 ശതമാനം വര്‍ധനവ് വെള്ളി വിലയില്‍ ഒരു വര്‍ഷം കൊണ്ട് സംഭവിച്ചു. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതോടെ സ്വര്‍ണത്തിനോടൊപ്പം തന്നെ മികച്ച നിക്ഷേപമായി ആളുകള്‍ വെള്ളിയെയും പരിഗണിച്ചതാണ് വില കുതിച്ചുയരുന്നതിന് വഴി വെച്ചത്. ഇതിന് പുറമെ വ്യാവസായിക ആവശ്യങ്ങളില്‍ വെള്ളിയുടെ പങ്ക് വര്‍ധിച്ചതും വില ഉയരാന്‍ കാരണമായി.
വ്യാവസായിക, ഊര്‍ജ മേഖലയില്‍ ഒഴിച്ചുകൂടാനാകാത്ത ലോഹമായി വെള്ളി മാറിയിരിക്കുന്നു. 2024ല്‍ ഇന്ത്യ ഏകദേശം 6.4 ബില്യണ്‍ ഡോളറിന്റെ ശുദ്ധീകരിച്ച വെള്ളിയാണ് ഇറക്കുമതി ചെയ്തത്. ഇത് ആഗോള വ്യാപാരത്തിന്റെ 21.4 ശതമാനമാണ്. വെള്ളിയുടെ കാര്യത്തില്‍ ഇന്ത്യയുടെ ഇറക്കുമതി ആശ്രയത്വം വര്‍ധിച്ചു. 2025 സാമ്പത്തിക വര്‍ഷത്തില്‍ 4.83 ബില്യണ്‍ ഡോളറിലേക്ക് ഇറക്കുമതി എത്തിയപ്പോള്‍ കയറ്റുമതി വെറും 478.4 മില്യണ്‍ ഡോളറായിരുന്നു. 2025 ഒക്ടോബറില്‍ മാത്രം 2.7 ബില്യണ്‍ ഡോളര്‍ ഇറക്കുമതിയില്‍ രേഖപ്പെടുത്തി. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 529 ശതമാനം കൂടുതലാണ്.
2026 ജനുവരി 1 മുതല്‍ ചൈന കയറ്റുമതി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ വെള്ളി കയറ്റുമതികള്‍ക്ക് സര്‍ക്കാര്‍ അനുമതി ആവശ്യമാണ്. സ്വര്‍ണത്തെ അപേക്ഷിച്ച് വെള്ളിയുടെ വിതരണ ശൃംഖല സുതാര്യത കുറഞ്ഞതാണ്. ആഗോളതലത്തില്‍ വെള്ളിയുടെ ആവശ്യകതയുടെ 55 മുതല്‍ 60 ശതമാനം വരെയും വ്യാവസായിക മേഖലയിലാണ് ഉപയോഗിക്കുന്നത്. ഇലക്ട്രോണിക്, സൗരോര്‍ജം, വൈദ്യുത വാഹനങ്ങള്‍, പ്രതിരോധ ഉപകരണങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഉണ്ടാക്കുന്നതില്‍ വ്യാപകമായി വെള്ളി ഉപയോഗിക്കുന്നു.
Also Read: Gold and Silver Prices: ഒരു പവന് ഒന്നരലക്ഷം കടക്കും; വെള്ളി പിന്നെ പറയേണ്ടല്ലോ
സോളാര്‍ ഫോട്ടോവോള്‍ട്ടെയ്ക് സെല്ലുകളില്‍ വെള്ളിയുടെ പങ്ക് വളരെ വലുതാണ്. ഊര്‍ജ ഉത്പാദനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ വെള്ളിക്ക് സാധിക്കും എന്നതാണ് അതിന് കാരണം. മുറിവ് ഡ്രെസ്സിങുകള്‍, മെഡിക്കല്‍ ഉപകരണ കോട്ടിങുകള്‍ എന്നിവയില്‍ വെള്ളിയുടെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ പ്രയോജനപ്പെടുത്തുന്നു.
വെള്ളിയുടെ ആവശ്യകത നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതിനാല്‍ വില ഇനിയും ഉയരാനാണ് സാധ്യത. 2026ല്‍ തന്നെ വെള്ളി കിലോയ്ക്ക് ഏകദേശം 3 ലക്ഷം രൂപയ്ക്കടുത്തേക്ക് എത്തുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വെള്ളിയുടെ വില ഉയരുന്നത് നിക്ഷേപകരെയും ആകര്‍ഷിക്കുന്നു. നിക്ഷേപം വര്‍ധിക്കുന്നതും വെള്ളിവില ഉയര്‍ത്തും.
നിക്ഷേപകര്‍ എന്ത് ചെയ്യണം?
വെള്ളിയില്‍ നിക്ഷേപിക്കാന്‍ താത്പര്യമുള്ള ആളുകള്‍ക്ക്, ഡിജിറ്റല്‍ സില്‍വര്‍, സില്‍വര്‍ ഇടിഎഫുകള്‍, ബോണ്ടുകള്‍ എന്നിവ വഴി നിക്ഷേപം നടത്താവുന്നതാണ്. ഇവയ്ക്ക് പുറമെ ആഭരണങ്ങളായും വെള്ളി വാങ്ങിക്കാം.