Supplyco: ഓണത്തിന് സപ്ലൈകോയിൽ നിന്ന് സാധനം വാങ്ങിയോ? സമ്മാനമുണ്ടേ, നറുക്കെടുപ്പ് നാളെ
Supplyco Onam Gift: ഓണക്കാലത്ത് റെക്കോർഡ് വരുമാനമാണ് സപ്ലൈകോ നേടിയത്. വെളിച്ചെണ്ണ ഉൾപ്പെടെ വില കുറവിൽ നൽകിയത് ഗുണമായി.

Supplyco
കൊച്ചി: സപ്ലൈകോ ഓണസമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നാളെ നടക്കും. എറണാകുളം കടവന്ത്രയിലെ സപ്ലൈകോ കേന്ദ്ര കാര്യാലയത്തിൽ നാളെ രാവിലെ 11ന് മണിക്കാണ് നറുക്കെടുപ്പ്. ഒരു പവൻ സ്വർണനാണയമാണ് ഒന്നാം സമ്മാനം.
ഓണക്കാലത്ത് സപ്ലൈകോ വില്പനശാലകളിൽ നിന്നോ ഓണച്ചന്തകളിൽനിന്നോ 1000 രൂപയിൽ കൂടുതൽ ഉത്പന്നങ്ങൾ വാങ്ങിയ ഉപഭോക്താക്കളിൽ നിന്നാണ് വിജയികളെ കണ്ടെത്തുക. രണ്ടാം സമ്മാനമായി ലാപ്‌ടോപ്പും മൂന്നാംസമ്മാനമായി മൂന്നുപേർക്ക് സ്മാർട്ട് ടിവിയും നൽകും. കൂടാതെ എല്ലാ ജില്ലകളിലെയും നറുക്കെടുപ്പ് വിജയിക്ക് സ്മാർട്ട്‌ഫോൺ സമ്മാനമായി ലഭിക്കും.
ഓണക്കാലത്ത് റെക്കോർഡ് വരുമാനമാണ് സപ്ലൈകോ നേടിയത്. വെളിച്ചെണ്ണ ഉൾപ്പെടെ വില കുറവിൽ നൽകിയത് ഗുണമായി. 56.73 ലക്ഷം കാർഡുടമകളാണ് സാധനങ്ങൾ കൈപ്പറ്റിയത്. ആകെ 386 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടായതായി ഭക്ഷ്യവകുപ്പ് മന്ത്രി ജിആർ അനിൽ പറഞ്ഞിരുന്നു.
ALSO READ: വെളിച്ചെണ്ണ ഉൾപ്പെടെ വിലകുറവിൽ, സപ്ലൈകോയിലേക്ക് വിട്ടോ…
180 കോടി സബ്സിഡി വിൽപ്പനയിൽ നിന്നാണ് ലഭിച്ചത്. സബ്സിഡിയേതര ഇനത്തിൽ 206 കോടി നേടി. റേഷൻ കടകൾ വഴി 598 കോടിയുടെ 1.49 ലക്ഷം മെട്രിക് ടൺ അരിയും വിതരണം ചെയ്തിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനവുമാണ് സപ്ലൈകോ നേടിയത്. കഴിഞ്ഞ ഓണത്തിന് ഇത് 163 കോടി രൂപയായിരുന്നു.