Without Stepney Cars: പെട്ടു പോകും, സ്റ്റെപ്പിനി ഇല്ലാത്ത കാറുകളുണ്ടേ, പകരം സംവിധാനം വേറെ
എല്ലാ വാഹനങ്ങളിലും ഇത്തരം മാറ്റങ്ങളില്ല മറിച്ച് ഇലക്ട്രിക്, ഹൈബ്രിഡ് കാറുകളിലാണ് ഈ മാറ്റം പ്രത്യേകിച്ചും പ്രകടമാകുന്നത്
ചിലപ്പോൾ നിങ്ങൾ ഞെട്ടിപ്പോയേക്കാം. എങ്കിലും ഇന്ത്യൻ വാഹന വിപണിയിൽ വലിയ മാറ്റങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ഇതിൻ്റെ ഭാഗമായി തന്നെയാണ് ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിലുള്ള വർധന. ഇത്തരത്തിൽ ചില മാറ്റങ്ങളും വാഹനത്തിൽ ഇതിനോടകം നടപ്പാക്കി കഴിഞ്ഞു. അതിലൊന്നാണ്. ഇവികളിൽ ഒഴിവാക്കിയ സ്റ്റെപ്പിനി. മുൻപ് എല്ലാ വാഹനങ്ങളിലും സ്റ്റെപ്പിനി എന്നത് സാധാരണമായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെ അല്ല. എന്താണ് ഇത്തരമൊരു പ്രവണതക്ക് കാരണമെന്ന് നോക്കാം.
ഇലക്ട്രിക്, ഹൈബ്രിഡ് കാറുകളിലാണ്
എല്ലാ വാഹനങ്ങളിലും ഇത്തരം മാറ്റങ്ങളില്ല മറിച്ച് ഇലക്ട്രിക്, ഹൈബ്രിഡ് കാറുകളിലാണ് ഈ മാറ്റം പ്രത്യേകിച്ചും പ്രകടമാകുന്നത്. എന്താണിതിന് പിന്നിലെ കാരണം എന്ന് പരിശോധിക്കാം. വാഹനത്തിൻ്റെ ഭാരം കുറക്കൽ, മൈലേജ് വർദ്ധിപ്പിക്കൽ, ബൂട്ട് സ്പേസ് വർദ്ധിപ്പിക്കൽ എന്നിവ ഉൾപ്പെടെയുള്ള പരിഗണിച്ചാണ് ഇത്തരം വാഹനങ്ങളിൽ നിന്നും സ്റ്റെപ്പിനി അല്ലെങ്കിൽ സ്പെയർ ടയറുകൾ ഒഴിവാക്കുന്നത്. ഇതിന് പകരമായി ടയർ റിപ്പയർ കിറ്റ്, എയർ പമ്പ്, ടിപിഎംഎസ് എന്നിവയാണ് വാഹനങ്ങളിൽ നൽകുന്നത്. നിരവധി പ്രമുഖ മോഡലുകൾ ഇതിൻ്റെ ഭാഗമാണ്. ഏതൊക്കെയാണ് ആ മോഡലുകൾ എന്ന് നോക്കാം.
സ്പെയർ വീൽ ഇല്ലാതെ വരുന്ന ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാറാണ് ടാറ്റ ടിയാഗോ ഇവി. ബാറ്ററിയുടെ സ്ഥലക്കുറവ് കാരണം, സ്പെയർ വീലിന് പകരം ടയർ റിപ്പയർ കിറ്റും എയർ പമ്പും ഇതിൽ നൽകിയിട്ടുണ്ട്. ടാറ്റ പഞ്ച് കോംപാക്റ്റ് ഇലക്ട്രിക് എസ്‌യുവിയിലും, ടാറ്റ ഹാരിയറിന്റെ ബേസ് വേരിയൻ്റിലും സ്റ്റെപ്പിനി ഇല്ല. അതേസമയം ടോപ്പ് വേരിയൻ്റിൽ ഒരു സ്പെയർ ടയർ ഉണ്ട്. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ സ്ട്രോങ് ഹൈബ്രിഡ് വേരിയൻ്റിലും സ്റ്റെപ്പിനി ഇല്ല.
മാരുതി സുസുക്കി വിക്ടോറിസിനും
മാരുതി സുസുക്കി വിക്ടോറിസിൻ്റെ ഒരു വേരിയൻ്റിനും സ്റ്റെപ്പിനി ഇല്ല. വാഹനത്തിൻ്റെ ഭാരം ഇത് വഴി കുറയുകയും ഒപ്പം ഇന്ധനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഏറ്റവും ചെറിയ ഇലക്ട്രിക് കാറായ എംജി കോമറ്റ് ഇവിയിൽ സ്ഥലപരിമിതിയുണ്ട്. അതിനാൽ, ഒരു സ്റ്റെപ്പ്നി നൽകുന്നില്ല, പകരം, ടയർ സീലന്റ് ജെൽ, ഒരു എയർ പമ്പ്, ഒരു ടിപിഎംഎസ് (ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം ) എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. എംജി വിൻഡ്‌സറിലും സ്റ്റെപ്‌നി ഇല്ല. ബാറ്ററിയും ബൂട്ട് സ്‌പേസും കൂട്ടാൻ ഇത് നീക്കം ചെയ്‌തു. ഇപ്പോൾ ടയർ സീലന്റ് ജെൽ, എയർ പമ്പ്, ടിപിഎംഎസ് എന്നിവയാണുള്ളത്.