Union Budget 2026: ബജറ്റിലെ ആ വാക്കുകളുടെ അർഥം അറിയുമോ? ലളിതമാണ്, പക്ഷെ
കേൾക്കുമ്പോൾ വലിയ വാക്കുകളാണെന്ന് തോന്നുമെങ്കിലും, ലളിതമാണ് ഇവയൊക്കെ, പൊതുവെ എല്ലാ ബജറ്റിലും കേൾക്കുന്ന ആ വാക്കുകളെ പറ്റിയാണ് ഇവിടെ പറയുന്നത്
ധനമന്ത്രി നിർമ്മല സീതാരാമൻ 2026-ലെ ബജറ്റ് അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. ബജറ്റ് പ്രസംഗത്തിൽ സാധാരണ പണപ്പെരുപ്പം, ധനക്കമ്മി, മൂലധനച്ചെലവ്, റവന്യൂ വരുമാനം, കിട്ടാക്കടം തുടങ്ങിയ വാക്കുക എപ്പോഴും ഉണ്ടാവാറുണ്ട്. എന്താണ് ഇവയുടെ അർഥം, ഇതെങ്ങനെ മനസ്സിലാക്കണം തുടങ്ങിയവ നോക്കാം.
വാർഷിക സാമ്പത്തിക റിപ്പോർട്ട് (AFS)
ബജറ്റിനെ വാർഷിക സാമ്പത്തിക റിപ്പോർട്ട് (എഎഫ്എസ്) എന്നും വിളിക്കുന്നു. അടുത്ത സാമ്പത്തിക വർഷത്തെ വരുമാനത്തിൻ്റെയും ചെലവിൻ്റെയും കണക്കുകൾ സഹിതം പാർലമെൻ്റിൽ അവതരിപ്പിക്കുന്നതാണിത്. ഭരണഘടനയുടെ അനുച്ഛേദം 112 അനുസരിച്ച്,എല്ലാ വർഷവും ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെയുള്ള സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക സാമ്പത്തിക റിപ്പോർട്ടിന് പാർലമെൻ്റെ അംഗീകാരം ആവശ്യമാണ്. എല്ലാ വർഷവും ഫെബ്രുവരി 1 നാണ് ഇത് പാർലമെൻ്റിൽ അവതരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് മൂലം ആ തീയതിയിൽ ഇടക്കാല ബജറ്റ് അവതരിപ്പിക്കുകയാണെങ്കിൽ ,അധികാരത്തിൽ വരുന്ന
പുതിയ സർക്കാർ മുഴുവൻ ബജറ്റും പാർലമെൻ്റിൽ അവതരിപ്പിക്കേണ്ടിവരും.
സാമ്പത്തിക സർവേ
എല്ലാ വർഷവും കേന്ദ്ര ബജറ്റിന് മുൻപ് അവതരിപ്പിക്കുന്ന ഒന്നാണ് സാമ്പത്തിക സർവേ. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ സാമ്പത്തിക സർവേയിൽ നൽകുന്നു. സമ്പദ്വ്യവസ്ഥയുടെ നിലവിലെ അവസ്ഥയും സാമ്പത്തിക വീക്ഷണവും സാമ്പത്തിക സർവേ അവതരിപ്പിക്കുന്നു. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സാമ്പത്തിക സര്വേ തയ്യാറാക്കുന്നത്. കേന്ദ്ര ബജറ്റ് അവതരണത്തിന് ഒരു ദിവസം മുമ്പാണ് പാർലമെന്റിന്റെ ഇരുസഭകളിലും ഈ രേഖ സമർപ്പിക്കുന്നത്. 1950-51 ലാണ് ആദ്യത്തെ സാമ്പത്തിക സർവേ അവതരിപ്പിച്ചത്. 1964 വരെ ഇത് കേന്ദ്ര ബജറ്റിനൊപ്പം അവതരിപ്പിച്ചു.
പണപ്പെരുപ്പം
പണപ്പെരുപ്പ നിരക്ക് സാധാരണയായി ശതമാനത്തിലാണ് പ്രകടിപ്പിക്കുന്നത്. ആന്തരികമോ ബാഹ്യമോ ആയ സാമ്പത്തിക ഘടകങ്ങൾ കാരണം പ്രധാന ചരക്കുകളുടെ വില വർദ്ധിക്കുമ്പോൾ, അത് പണപ്പെരുപ്പത്തിലെ വർദ്ധന എന്നറിയപ്പെടുന്നു. പണപ്പെരുപ്പം ഉയരുന്നത് രാജ്യത്തിന്റെ കറൻസിയുടെ വാങ്ങൽ ശേഷി കുറയുന്നതാണ് സൂചിപ്പിക്കുന്നത്.
സെസ്
പ്രത്യേക ആവശ്യങ്ങൾക്കായി സർക്കാർ ഈടാക്കുന്ന അധിക നികുതിയാണ് സെസ്. സെസിൽ നിന്ന് ലഭിക്കുന്ന വരുമാനം കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയിൽ സൂക്ഷിക്കും. വിദ്യാഭ്യാസ സെസ്, സെക്കൻഡറി സെസ്, ഉന്നത വിദ്യാഭ്യാസ സെസ്, കൃഷി കല്യാൺ സെസ്, സ്വച്ഛ് ഭാരത് സെസ് എന്നിവയാണ് രാജ്യത്തെ വിവിധ തരം സെസ്.
അധിക ഗ്രാന്റുകൾ
ഗവണ്മെൻ്റിൻ്റെ അധിക ചെലവ് ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നീക്കിവച്ച അധിക ബജറ്റാണ് അധിക ഗ്രാൻ്റ്.ബജറ്റ് വിഹിതത്തിൽ സർക്കാർ ചിലവ് ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെടുമ്പോൾ, അധിക ബജറ്റിനുള്ള ഒരു എസ്റ്റിമേറ്റ് പാർലമെന്റിന് മുന്നിൽ വയ്ക്കുന്നു. ഓരോ സാമ്പത്തിക വർഷത്തിന്റെയും അവസാനം അധിക ഗ്രാന്റുകൾ പാർലമെന്റ് അംഗീകരിക്കുന്നു.
ഓഹരി വിറ്റഴിക്കൽ
പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരികൾ പൂർണമായോ ഭാഗികമായോ കേന്ദ്ര ഗവണ്മെൻ്റ് വില്ക്കുന്ന പ്രക്രിയയാണ് ഓഹരി വിറ്റഴിക്കൽ. ഇത് സർക്കാരിൻ്റെ
നിക്ഷേപ നയത്തിന് വിപരീതമാണ്. വർഷങ്ങളായി പൊതുമേഖലാ സ്ഥാപനങ്ങളിൽ കുമിഞ്ഞുകൂടിയ സ്വത്തുക്കൾ തിരിച്ചുപിടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ധനക്കമ്മി വിടവ് നികത്താൻ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സർക്കാർ ഓഹരി വിറ്റഴിക്കലിനായി സമ്മർദ്ദം ചെലുത്തുന്നു. അതിനായി ബജറ്റിൽഓഹരി വിറ്റഴിക്കലാണ് സർക്കാർ നിർദ്ദേശിക്കാറ്.
സർചാർജ്
നിർദ്ദിഷ്ട വിലയേക്കാൾ കൂടുതൽ ചരക്കുകളിലേക്കോ സേവനങ്ങളിലേക്കോ ചേർക്കുന്ന ഒരു അധിക ഫീസ് അല്ലെങ്കിൽ നികുതിയാണ് സർചാർജ്. സമൂഹത്തിൽ സമത്വം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഇത് സാധാരണയായി സമ്പന്നരിൽ നിന്ന് ശേഖരിക്കുന്നു.
കസ്റ്റംസ് തീരുവ
മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ചില സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് / കയറ്റുമതി ചെയ്യുന്നതിന് ചുമത്തുന്ന നികുതിയാണ് കസ്റ്റംസ് തീരുവ.
റവന്യൂ കമ്മി
ബജറ്റ് വരുമാനവും ചെലവും തമ്മിലുള്ള വ്യത്യാസത്തെ ഇത് സൂചിപ്പിക്കുന്നു. സർക്കാർ ബജറ്റിലെ അറ്റ വരുമാനത്തിലും ചെലവ് എസ്റ്റിമേറ്റിലും ചെലവ് കൂടുതലായിരിക്കുമ്പോഴാണ് റവന്യൂ കമ്മി ഉണ്ടാകുന്നത്. സർക്കാർ സാധാരണ വരുമാനത്തേക്കാൾ കൂടുതൽ ചെലവഴിക്കുന്നുണ്ടോ എന്ന് നിർണ്ണയിക്കുന്നതിനുള്ള ഒരു പ്രധാന സൂചകമായി ഇത് കണക്കാക്കപ്പെടുന്നു.
വരുമാന മിച്ചം
റവന്യൂ മിച്ചം റവന്യൂ കമ്മിയുടെ വിപരീതമാണ്. സർക്കാരിന്റെ അറ്റ വരുമാന എസ്റ്റിമേറ്റ് ചെലവിനേക്കാൾ കൂടുതലായിരിക്കുമ്പോഴാണ് വരുമാന മിച്ചം സൃഷ്ടിക്കുന്നത്.
കറൻ്റ് അക്കൗണ്ട് കമ്മി
ഒരു രാജ്യത്തിന്റെ വ്യാപാര അളവുകോലാണ് കറൻ്റ് അക്കൗണ്ട് കമ്മി (സിഎഡി). ഇറക്കുമതി ചെയ്ത ചരക്കുകളുടെയും സേവനങ്ങളുടെയും മൂല്യം കയറ്റുമതിയുടെ മൂല്യത്തേക്കാൾ കൂടുതലാകുമ്പോഴാണ് ഇതുണ്ടാകുന്നത്. ഇത് രാജ്യത്തിൻ്റെ പേയ്മെന്റ് ബാലൻസിൻ്റെ ഭാഗമാണ്.