Vande Bharat Sleeper: വന്ദേ ഭാരത് യാത്രക്കാര്‍ക്ക് എട്ടിന്റെ പണി; റീഫണ്ട് കിട്ടണമെങ്കില്‍ ഈ സമയത്തിനുള്ളില്‍ ക്യാന്‍സല്‍ ചെയ്യണം
Vande Bharat Sleeper Train New Ticket Cancellation Rules: നിലവില്‍ പുറത്തുവിട്ട ഉത്തരവ് അനുസരിച്ച് യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുതല്‍ എട്ട് മണിക്കൂര്‍ മുമ്പ് വരെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ 50 ശതമാനം തുക ക്യാന്‍സലേഷന്‍ ചാര്‍ജായി ഈടാക്കും.
വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് മുട്ടന്‍ പണിയൊരുക്കി ഇന്ത്യന്‍ റെയില്‍വേ. ടിക്കറ്റ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ റെയില്‍വേ കടുത്ത നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. കണ്‍ഫേം ടിക്കറ്റുകള്‍ ട്രെയിന്‍ പുറപ്പെടുന്നതിന് 72 മണിക്കൂറുകള്‍ക്കിടയില്‍ റദ്ദാക്കുകയാണെങ്കില്‍, 25 ശതമാനം തുക പിടിച്ച ശേഷം റീഫണ്ട് ലഭിക്കുമെന്നായിരുന്നു നേരത്തെ പുറത്തിറങ്ങിയ ഉത്തരവില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതില്‍ മാറ്റം വരുത്തിയിരിക്കുകയാണ്.
നിലവില്‍ പുറത്തുവിട്ട ഉത്തരവ് അനുസരിച്ച് യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുതല്‍ എട്ട് മണിക്കൂര്‍ മുമ്പ് വരെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ 50 ശതമാനം തുക ക്യാന്‍സലേഷന്‍ ചാര്‍ജായി ഈടാക്കും. എന്നാല്‍ എട്ട് മണിക്കൂറിന് ശേഷമാണ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതെങ്കില്‍ ഒരു രൂപ പോലും ലഭിക്കില്ല.
കണ്‍ഫേം ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യാതിരിക്കുകയും ടിഡിആര്‍ ഒാണ്‍ലൈനായി സമര്‍പ്പിക്കുകയും ചെയ്യാതിരുന്നാല്‍ റീഫണ്ട് ലഭിക്കില്ല. അതേസമയം, വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ ആര്‍എസി ഉണ്ടായിരിക്കില്ല. അതിനാല്‍ തന്നെ ക്യാന്‍സല്‍ ചെയ്ത ടിക്കറ്റ് മറ്റൊരാള്‍ക്ക് ലഭിക്കാനുള്ള സാധ്യതയും കുറവാണ്. മിനിമം ചാര്‍ജ് ഈടാക്കുന്നതിനുള്ള ദൂരം 400 കിലോമീറ്ററാണ്.
തേര്‍ഡ് എസിക്ക് 2,300 രൂപ, സെക്കന്‍ഡ് എസിക്ക് 3,000 രൂപ, ഫസ്റ്റ് എസിക്ക് 3,600 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. എന്നാല്‍ ഗുവാഹത്തി മുതല്‍ ഹൗറ വരെ സര്‍വീസ് ആരംഭിച്ച ആദ്യ വന്ദേ ഭാരത് സ്ലീപ്പറിന്റെ ഏറ്റവും കുറഞ്ഞ നിരക്ക് 960 രൂപയാണ്. 400 കിലോമീറ്ററിന് ശേഷമുള്ള ഒരു കിലോമീറ്ററിനും 2.40 രൂപ വീതം ഈടാക്കും.
16 കോച്ചുകളുള്ള ട്രെയിനില്‍ ആകെ 823 യാത്രക്കാര്‍ക്കാണ് സഞ്ചരിക്കാനാകുക. 11 എസി ട ടയര്‍ കോച്ചുകള്‍, 4 എസി 2 ടയര്‍ കോച്ചുകള്‍, 1 ഫസ്റ്റ് എസി കോച്ച് എന്നിങ്ങനെ ട്രെയിനില്‍ ഉണ്ടായിരിക്കും. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍, ഡ്യൂഡി പാസ് എന്നിവര്‍ക്ക് മാത്രമേ പ്രത്യേക സീറ്റുകള്‍ ഉണ്ടായിരിക്കുക. മറ്റ് റിസര്‍വേഷനുകളൊന്നും തന്നെയില്ലെന്ന് റെയില്‍വേ അറിയിച്ചിരുന്നു.