SIP: എസ്‌ഐപി തട്ടിപ്പാണെന്ന് തോന്നുന്നുണ്ടോ? ആദ്യ 10 വര്‍ഷം ഇങ്ങനെയാണ്
Why SIP Feels Like a Scam: പലപ്പോഴും നിക്ഷേപം ആരംഭിച്ച് പത്ത് വര്‍ഷത്തിനുള്ളില്‍ ചിലപ്പോള്‍ ഗണ്യമായ നഷ്ടം തന്നെ സംഭവിച്ചെന്നിരിക്കാം. പലര്‍ക്കും ഈ സമയത്ത് എസ്‌ഐപി ഒരു തട്ടിപ്പാണെന്ന് പോലും തോന്നാറുണ്ട്.

എസ്‌ഐപി
മ്യൂച്വല്‍ ഫണ്ടിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപികളില്‍ നിക്ഷേപം നടത്തുമ്പോള്‍ അല്‍പം റിസ്‌ക്കെടുക്കാനുള്ള മനസുണ്ടാകണം. പരസ്യങ്ങളില്‍ പറയുന്നതുപോലെ വിപണിയിലെ ലാഭന-നഷ്ട സാധ്യതകള്‍ക്ക് വിധേയമായാണ് മ്യൂച്വല്‍ ഫണ്ടുകള്‍ പ്രവര്‍ത്തിക്കുന്നത്. നിക്ഷേപിക്കുന്ന തുക പൂര്‍ണമായും നഷ്ടപ്പെടുന്ന സാഹചര്യങ്ങള്‍ പലപ്പോഴും ഉണ്ടാകാം. എന്നാല്‍ ഇതിനെ തരണം ചെയ്ത് മുന്നോട്ടുപോകാനുള്ള മനസാണ് എസ്‌ഐപിയില്‍ വേണ്ടത്.
പലപ്പോഴും നിക്ഷേപം ആരംഭിച്ച് പത്ത് വര്‍ഷത്തിനുള്ളില്‍ ചിലപ്പോള്‍ ഗണ്യമായ നഷ്ടം തന്നെ സംഭവിച്ചെന്നിരിക്കാം. പലര്‍ക്കും ഈ സമയത്ത് എസ്‌ഐപി ഒരു തട്ടിപ്പാണെന്ന് പോലും തോന്നാറുണ്ട്. പൊതുവേ എസ്‌ഐപി വഴി കോടീശ്വരന്മാരായ ആളുകളുടെ കഥയാണല്ലോ നമ്മള്‍ കേള്‍ക്കാറുള്ളത്?
നിങ്ങള്‍ പ്രതിമാസം 10,000 രൂപയുടെ എസ്‌ഐപി നിക്ഷേപം ആരംഭിക്കുന്നുവെന്ന് കരുതുക. അങ്ങനെയെങ്കില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ നിക്ഷേപിക്കുന്നത് 6 ലക്ഷം രൂപയാണ്. പ്രതിവര്‍ഷം 12 ശതമാനം ഇക്വിറ്റി ഫണ്ട് വരുമാനം ലഭിച്ചാല്‍ പോര്‍ട്ട്‌ഫോളിയോ ഏകദേശം 8.11 ലക്ഷം രൂപയായി വളരും. നിക്ഷേപത്തേക്കാള്‍ 2.1 ലക്ഷം രൂപ മാത്രമാണ് ഇവിടെ അധികം ലഭിച്ചത്. ഇവിടെ സ്വഭാവികമായും നിക്ഷേപകന് നിരാശ തോന്നാം.
എന്നാല്‍ നിങ്ങളുടെ നിക്ഷേപം ഓരോ വര്‍ഷവും വര്‍ധിക്കുന്നതിന് അനുസരിച്ച് നേട്ടവും വര്‍ധിക്കുന്നു. പത്ത് വര്‍ഷത്തെ നിക്ഷേപ കാലാവധി ചിലപ്പോള്‍ ഒരുപോലെ പ്രോത്സാഹനജനകവും നിരാശാജനകുവുമായിരിക്കും. അതിന് കാരണം ഇപ്പോള്‍ നിങ്ങളുടെ നിക്ഷേപം 12 ലക്ഷമാണ്, ഇത് 23.2 ലക്ഷം രൂപയായി വളര്‍ന്നിരിക്കുന്നു. മൊത്ത നിക്ഷേപത്തിന്റെ ഇരട്ടിയാണ് കോര്‍പ്പസ്. അഞ്ച്, ഏഴ് വര്‍ഷത്തേക്കാള്‍ പുരോഗതി ഇവിടെ കൈവരിച്ചു. എന്നാല്‍ പത്ത് വര്‍ഷത്തോളം അച്ചടക്കത്തോടെ നിക്ഷേപം നടത്തിയ ഒരാളെ ഈ തുക ഒരിക്കലും തൃപ്തിപ്പെടുത്തില്ല.
ടെസ്റ്റ് മത്സര ഫോര്‍മാറ്റില്‍ ക്രിക്കറ്റ് പോലെയാണ് കോമ്പൗണ്ടിങ് എന്ന് പറയാം. ആദ്യം വളരെ വിരസമായി തോന്നും. എന്നാല്‍ പിന്നീട് അത് ഗംഭീര പ്രകടനം കാഴ്ചവെക്കും. കാരണം 15 വര്‍ഷത്തിനുള്ളില്‍ നിങ്ങളുടെ 18 ലക്ഷം രൂപയുടെ നിക്ഷേപം 50.5 ലക്ഷം രൂപയായി വളരുന്നു. ഇത് നിങ്ങളുടെ നിക്ഷേപത്തിന്റെ മൂന്നിരട്ടിയാണ്. പത്താം വര്‍ഷത്തിനും 15ാം വര്‍ഷത്തിനും ഇടയില്‍ നിങ്ങളുടെ പണം 23.2 ലക്ഷം രൂപയില്‍ നിന്ന് 50.5 ലക്ഷം രൂപയായി വളര്‍ന്നുവെന്ന് വ്യക്തം.
Also Read: SIP: 10 വര്‍ഷം കൊണ്ട് മികച്ച നേട്ടം; സ്‌മോള്‍ ക്യാപ് ഫണ്ടുകള്‍ സൂപ്പറാണ്
20 വര്‍ഷത്തിനുള്ളില്‍ 1 കോടി രൂപ, 25 വര്‍ഷത്തിനുള്ളില്‍ 1.9 കോടി രൂപ, 30 വര്‍ഷത്തിനുള്ളില്‍ 3.52 കോടി രൂപ എന്നിങ്ങനെയും നിങ്ങളുടെ പണം വളരും. അതായത്, ചുരുങ്ങിയ കാലത്തിനുള്ളില്‍ എസ്‌ഐപിയില്‍ നിങ്ങളുടെ പണം വലിയ വളര്‍ച്ച കൈവരിക്കുന്നില്ല, എന്നാല്‍ ദീര്‍ഘകാലത്തേക്ക് പണത്തെ വളരാന്‍ അനുവദിക്കുകയാണെങ്കില്‍ അത് നിങ്ങള്‍ക്ക് കോടികള്‍ തിരികെ നല്‍കും.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.