Wonder La : എന്തുകൊണ്ട് വീഗാലാൻഡിൻ്റെ പേര് വണ്ടർ ലാ എന്നാക്കി? വെളിപ്പെടുത്തി അരുൺ കെ ചിറ്റിലപ്പിള്ളി
Veega Land Rename Real Reason : ബെംഗളൂരുവിൽ ആരംഭിച്ച വീഗാ ലാൻഡ് ഗ്രൂപ്പിൻ്റെ അമ്യൂസ്മെൻ്റ് പാർക്കിന് വണ്ടർ ലാ എന്നായിരുന്നു പേര് നൽകിയത്. തുടർന്ന് കൊച്ചി അമ്യൂസ്മെൻ്റ് പാർക്കിനു ഈ പേര് നൽകുകയായിരുന്നു.
മലയാളികൾക്ക് അമ്യൂസ്മെൻ്റ് പാർക്ക് എന്നാൽ വണ്ടർ ലാ ആണ്. കൊച്ചി നഗരത്തിനോട് ചേർന്ന് 2000ത്തിൽ ആരംഭിച്ച വീഗാ ലാൻഡ് എന്ന അമ്യൂസ്മെൻ്റ് പാർക്കിൽ ഒരിക്കൽ എങ്കിലും സന്ദർശിക്കണമെന്ന് ആഗ്രഹിക്കാത്ത മലയാളി ഇല്ല. വീഗാ ലാൻഡ് എന്ന പേര് മലയാളികളുടെ മനസ്സിൽ ഉറച്ച് നിൽക്കുമ്പോഴാണ് അതിൻ്റെ സ്ഥാപകർ അമ്യൂസ്മെൻ്റ് പാർക്കിൻ്റെ പേര് വണ്ടർ ലാ എന്നാക്കുന്നത്. എന്നാലും കൊച്ചിയിലെ വണ്ടർ ലായെ വീഗാ ലാൻഡ് എന്ന് തന്നെ എന്ന് വിളിക്കാനാണ് പലരും ഇഷ്ടപ്പെടുന്നത്.
അതോടൊപ്പം എന്തുകൊണ്ട് വീഗാലാൻഡിൻ്റെ പേര് വണ്ടർ ലാ എന്നാക്കി മാറ്റിയെന്ന സംശയം ഇപ്പോഴും പലർക്കുമുണ്ട്. ആ മാറ്റത്തിന് പിന്നിലെ വാസ്തവമെന്താണ് ഒർജിനലസ് എന്ന യുട്യൂബ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ വ്യക്തമാക്കുകയാണ് വണ്ടർലാ പാർക്ക് ആൻഡ് റിസോർട്ടിൻ്റെ മാനേജിങ് ഡയറക്ടറായ അരുൺ ചിറ്റിലപ്പിള്ളി. 2005ൽ ബെംഗളൂരുവിൽ പുതിയ അമ്യൂസ്മെൻ്റ് പാർക്ക് തുടങ്ങിയതിന് പിന്നാലെയാണ് കേരളത്തിലെ വീഗാ ലാൻഡ് വണ്ടർലാ ആയി മാറിയത്.
“ബെംഗളൂരുവിൽ പാർക്ക് തുടങ്ങിയപ്പോൾ ഡാഡി പറഞ്ഞു പേരിൽ ആരംഭിക്കാൻ. മറ്റൊരു കമ്പനിയായി തുടങ്ങിയാലെ കൂടുതൽ ഗൗരവം ഉണ്ടാകു എന്ന് ഡാഡി പറഞ്ഞു. പിന്നെ വലിയ ഒരു പാർക്കായിട്ടാണ് ബെംഗളൂരവിലേത് ഡിസൈൻ ചെയ്തത്. പുതിയ സംരംഭം പുതിയ പേരിട്ട് തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോൾ വണ്ടർലാ വളർന്നു, വീഗാ ലാൻഡ് നേരത്തെ ഇവിടെ വളർന്നു കഴിഞ്ഞു. രണ്ട് കമ്പനിയായി കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട് വന്നപ്പോഴാണ്, വണ്ടർ ലാ എന്ന് 2010ലാക്കി മാറ്റിയത്” അരുൺ ചിറ്റിലപ്പിള്ളി അഭിമുഖത്തിൽ പറഞ്ഞു.
കമ്പനിയുടെ പേര് വണ്ടർ ലാൻഡിൽ നിന്നുമാണ് വണ്ടർലായ്ക്കിലേക്കെത്തിയത്. വണ്ടർ ലാൻഡ് നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള പേരാണ്. അന്നത്തെ കമ്പനിയുടെ പരസ്യങ്ങൾ കൈകാര്യം ചെയ്യുന്ന ഏജൻസിയാണ് വണ്ടർ ലാ എന്ന പേര് നിർദേശിക്കുന്നത്. പിന്നാലെ മറ്റുള്ളവരുടെ അഭിപ്രായം തേടിയപ്പോൾ വണ്ടർലാ തന്നെ മതി എന്ന് തീരുമാനിച്ചുയെന്ന് അരുൺ ചിറ്റിലപ്പിള്ളി അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.