Silver Rate 2026: രണ്ടും കടന്ന് മൂന്ന് ലക്ഷത്തിലെത്തുമോ? സ്വര്‍ണത്തേക്കാള്‍ സ്പീഡില്‍ വെളളി
Silver Price Forecast 2026: കേരളത്തിലും നിലവില്‍ വെള്ളിവില 2 ലക്ഷത്തിന് മുകളിലാണ്. അന്താരാഷ്ട്ര തലത്തില്‍ വെള്ളിവില 2025ല്‍ 132 ശതമാനം ഉയര്‍ന്ന് ഡിസംബര്‍ 17ന് ഔണ്‍സിന് ഏകദേശം 65 ഡോളറിലെത്തി. 2025ന്റെ തുടക്കത്തില്‍ ഔണ്‍സിന് ഏകദേശം 28 ഡോളറായിരുന്നു വില.

പ്രതീകാത്മക ചിത്രം
2025ല്‍ അസാധാരണമായ കുതിപ്പാണ് വെള്ളി കാഴ്ചവെച്ചത്. 130 ശതമാനത്തിലധികം വരുമാനമാണ് വെള്ളിയില്‍ നിക്ഷേപിച്ചവര്‍ക്ക് ഈ വര്‍ഷം ലഭിച്ചത്. 2026ലും ഇതേസ്ഥിതി തുടരുമോ എന്ന സംശയം ഇതോടെ നിക്ഷേപകരിലും ഇനി നിക്ഷേപിക്കാന്‍ പോകുന്നവരിലുമുണ്ട്. എംസിഎക്‌സില്‍ കിലോയ്ക്ക് 2 ലക്ഷം രൂപയ്ക്ക് മുകളിലേക്കാണ് വെള്ളി വളര്‍ന്നത്. വെള്ളിയുമായി ബന്ധപ്പെട്ട പ്രവചനങ്ങളെല്ലാം തന്നെ പോസിറ്റീവാണെങ്കിലും ചെറിയ ചാഞ്ചാട്ടങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
കേരളത്തിലും നിലവില്‍ വെള്ളിവില 2 ലക്ഷത്തിന് മുകളിലാണ്. അന്താരാഷ്ട്ര തലത്തില്‍ വെള്ളിവില 2025ല്‍ 132 ശതമാനം ഉയര്‍ന്ന് ഡിസംബര്‍ 17ന് ഔണ്‍സിന് ഏകദേശം 65 ഡോളറിലെത്തി. 2025ന്റെ തുടക്കത്തില്‍ ഔണ്‍സിന് ഏകദേശം 28 ഡോളറായിരുന്നു വില.
വിലക്കയറ്റത്തിന് കാരണമെന്ത്?
വെള്ളി വിതരണത്തിലെ നിയന്ത്രണങ്ങളും വ്യാവസായിക ആവശ്യകതയുമാണ് വെള്ളി വില വര്‍ധിക്കുന്നതിന് കാരണമായതെന്നാണ് വിപണി വിശകലന വിദഗ്ധര്‍ പറയുന്നത്. ഭൗതിക ലോഹത്തിന്റെ ആവശ്യങ്ങള്‍, സുരക്ഷിത നിക്ഷേത്തിലെ വര്‍ധനവ്, വെള്ളി ഇടിഎഫുകളിലേക്കുള്ള ശക്തമായ ഒഴുക്ക്, യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ എന്നിവയെല്ലാം വെളളിയിലും പ്രതിഫലിച്ചു. ഇതേതുടര്‍ന്നാണ് ചരിത്രത്തിലാദ്യമായി വെള്ളി ഔണ്‍സിന് 66 ഡോളറിലേക്ക് എത്തിയതെന്ന് കൊട്ടക് സെക്യൂരിറ്റീസിലെ കമ്മോഡിറ്റി റിസര്‍ച്ച് എവിപി കെയ്‌നാത് ചെയിന്‍വാല പറയുന്നു.
വെള്ളിയെ നിക്ഷേപമായി പരിഗണിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളി ഇടിഎഫുകള്‍ വാങ്ങുന്നവരുടെ എണ്ണവും ഉയര്‍ന്നു. 2026 മുതല്‍ ചൈന വെള്ളി കയറ്റുമതി നിയന്ത്രിക്കാന്‍ പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വെള്ളിയുടെ വില കുത്തനെ ഉയര്‍ത്തുന്നുണ്ട്. ചൈന കയറ്റുമതി നിയന്ത്രിക്കുകയാണെങ്കില്‍ ആഗോള വിപണിയില്‍ സമ്മര്‍ദം നേരിടും. ഒരു ദശാബ്ദത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലാണ് ചൈനീസ് വെള്ളി ഇന്‍വെന്ററികള്‍ ഉള്ളത്. എന്നാല്‍ കയറ്റുമതി നിയന്ത്രണങ്ങള്‍ വെള്ളിയുടെ ലഭ്യത കുറയ്ക്കുകയും നിലവില വിലക്കയറ്റം കൂടുതല്‍ രൂക്ഷമാക്കുകയും ചെയ്യും.
ഇന്ത്യന്‍ എക്‌സ്‌ചേഞ്ചുകളും വെള്ളി റാലി കൂടുതല്‍ ശക്തമായിട്ടുണ്ട്. എംസിഎക്‌സില്‍ വെള്ളി 10 ഗ്രാമിന് 205,000 രൂപയ്ക്ക് മുകളിലേക്കാണ് ഉയര്‍ന്നത്. ഏകദേശം 134 ശതമാനത്തോളം നേട്ടം വെള്ളി ഈ വര്‍ഷം കൈവരിച്ചുവെന്ന് പറയാം. രൂപയുടെ മൂല്യത്തകര്‍ച്ചയും വെള്ളിയുടെ വില വര്‍ധിക്കുന്നതിന് വഴിയൊരുക്കിയിട്ടുണ്ട്.
Also Read: Silver Price Forecast: വെള്ളി തിളക്കം അവസാനിച്ചോ? വർഷാവസാനം കാത്തിരിക്കുന്നത് വൻ അത്ഭുതം!
2025ല്‍ സ്വര്‍ണവില ഏകദേശം 65 ശതമാനമാണ് വര്‍ധിച്ചത്. ഇതേസമയം, സ്‌പോട്ട് സില്‍വര്‍ 120 ശതമാനത്തിലധികം നേട്ടം കൈവരിച്ചു. യുഎസിലെ നിര്‍ണായകമായ ധാതുക്കളുടെ പട്ടികയില്‍ വെള്ളി ഉള്‍പ്പെടുത്തുന്നത് വിതരണ അപകട സാധ്യതകളും ഉയര്‍ന്ന ഇറക്കുമതി ചെലവും ഉണ്ടാക്കുമെന്ന ആശങ്കയും വിദഗ്ധര്‍ പങ്കുവെക്കുന്നുണ്ട്.
എന്നാല്‍, വീണ്ടും റെക്കോഡ് ഉയരത്തിലേക്ക് കുതിക്കാന്‍ പോകുന്ന വെള്ളി താഴേക്ക് പതിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. വ്യാവസായിക ആവശ്യമാണ് വെള്ളിക്ക് ചൂടുപകരുന്നത്, ഇത് എപ്പോള്‍ വേണമെങ്കിലും നിലയ്ക്കാന്‍ സാധ്യതയുണ്ട്. വെള്ളിയുടെ ലഭ്യത കുറവ്, വ്യാവസായിക ഉപയോഗം, സാമ്പത്തിക പിന്തുണ നല്‍കുന്ന സാഹചര്യങ്ങള്‍ എന്നിവയെല്ലാം 2026ലും വിലയ്ക്ക് അനുകൂലമാകും. എന്നാല്‍ ഈ വിലക്കയറ്റത്തിന് ശേഷം തിരുത്തലിന്റെയോ ഏകീകരണത്തിന്റെയോ സാധ്യത തള്ളിക്കളയാനാകില്ല.