Year Ender 2025: സ്വര്‍ണം 57,000 ത്തില്‍ നിന്നും 1 ലക്ഷത്തിലേക്കൊരു യാത്ര പോയി; പിന്നെ നടന്നത് ചരിത്രം
Gold Rate in 2025: താന്‍ വിവാഹം കഴിയാറയപ്പോഴേക്ക് സ്വര്‍ണവില റോക്കറ്റ് വിട്ടതുപോലെ ഉയര്‍ന്നുവെന്ന് കാണിച്ച് എത്രയെത്ര വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഇനി വില കുറയാന്‍ പോകുന്നില്ലെന്ന് മനസിലാക്കിയതോടെ പലരും വിവാഹങ്ങളില്‍ നിന്ന് സ്വര്‍ണത്തെ ഗെറ്റ്ഔട്ട് അടിച്ചു.
2025 അവസാനിച്ചു, ലോകത്തെ ഒന്നടങ്കം നടുക്കിയ ഒട്ടനവധി കാര്യങ്ങള്‍ സംഭവിച്ച വര്‍ഷമായിരുന്നു 2025. മറക്കാനാകാത്തതും, ഒരിക്കലും ഓര്‍മയിലേക്ക് വരരുതെന്ന് ആഗ്രഹിക്കുന്നതുമായി പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തിലും 2025ല്‍ സംഭവിച്ചില്ലേ? 2025 ലുണ്ടായ സുപ്രധാന മാറ്റങ്ങളില്‍ ഒന്നാണ് സ്വര്‍ണവില. എന്തൊരു കുതിച്ചുചാട്ടമാണ് ഒരു വര്‍ഷം കൊണ്ട് മാത്രമുണ്ടായത്.
താന്‍ വിവാഹം കഴിയാറയപ്പോഴേക്ക് സ്വര്‍ണവില റോക്കറ്റ് വിട്ടതുപോലെ ഉയര്‍ന്നുവെന്ന് കാണിച്ച് എത്രയെത്ര വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഇനി വില കുറയാന്‍ പോകുന്നില്ലെന്ന് മനസിലാക്കിയതോടെ പലരും വിവാഹങ്ങളില്‍ നിന്ന് സ്വര്‍ണത്തെ ഗെറ്റ്ഔട്ട് അടിച്ചു. റെന്റല്‍ ആഭരണങ്ങളാണ് ഇപ്പോള്‍ അരങ്ങ് വാഴുന്നത്. വലിയ കാശുമുടക്കില്ലാതെ എല്ലാവര്‍ക്കും തങ്ങള്‍ക്ക് ഇഷ്ടമുള്ള ആഭരണമിടാനുള്ള അവസരം റെന്റല്‍ ആഭരണങ്ങള്‍ നല്‍കുന്നുണ്ട്.
2025ലെ സ്വര്‍ണവില
2025 ജനുവരി ഒന്നിന് കേരളത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അതൊരു തുടക്കം മാത്രമായിരുന്നു, പിന്നീട് അവിടന്നിങ്ങോട്ട് ഒരൊറ്റ കുതിപ്പായിരുന്നു ആ മഞ്ഞലോഹം. 57, 58, 59, 60, 61, 62, 63, 64 അങ്ങനെ വില മുന്നോട്ട് നീങ്ങി. അങ്ങനെ ഒടുവില്‍ സ്വര്‍ണം എത്തിനില്‍ക്കുന്നതോ ഒരു ലക്ഷം രൂപയും. വെറും പന്ത്രണ്ട് മാസങ്ങള്‍ കൊണ്ട് 50,000 രൂപയുടെ വളര്‍ച്ചയാണ് സ്വര്‍ണം കൈവരിച്ചത്.
2025ലെ ചരിത്ര നിരക്കുകള്‍
- ജനുവരി 3ന് 58,000
- ജനുവരി 16ന് 59,120
- ജനുവരി 22ന് 60,200
- ജനുവരി 31ന് 61,840
- ഫെബ്രുവരി 4ന് 62,480
- ഫെബ്രുവരി 5ന് 63,240
- ഫെബ്രുവരി 11ന് 64,480
- മാര്‍ച്ച് 14ന് 65,840
- മാര്‍ച്ച് 18ന് 66,000
- മാര്‍ച്ച് 31ന് 67,400
- ഏപ്രില്‍ 1ന് 68,080
- ഏപ്രില്‍ 12ന് 69,960
- ഏപ്രില്‍ 13ന് 70,160
- ഏപ്രില്‍ 17ന് 71,360
- ഏപ്രില്‍ 21ന് 72,120
- ഏപ്രില്‍ 22ന് 74,320
- ജൂലൈ 23ന് 75,040
- ഓഗസ്റ്റ് 30ന് 76,960
- സെപ്റ്റംബര്‍ 1ന് 77,640
- സെപ്റ്റംബര്‍ 3ന് 78,440
- സെപ്റ്റംബര്‍ 6ന് 79,560
- സെപ്റ്റംബര്‍ 9ന് 80,880
- സെപ്റ്റംബര്‍ 10ന് 81,040
- സെപ്റ്റംബര്‍ 16ന് 82,080
- സെപ്റ്റംബര്‍ 23ന് രാവിലെ 83,840 ഉച്ചയ്ക്ക് ശേഷം 84,840
- സെപ്റ്റംബര്‍ 29ന് 85,360
- സെപ്റ്റംബര്‍ 30ന് 86,760
- ഒക്ടോബര്‍ 1ന് 87,000
- ഒക്ടോബര്‍ 6ന് 88,560
- ഒക്ടോബര്‍ 7ന് 89,480
- ഒക്ടോബര്‍ 8ന് 90,320
- ഒക്ടോബര്‍ 9ന് 91,040
- ഒക്ടോബര്‍ 14ന് 94,120
- ഒക്ടോബര്‍ 17ന് 97,360
- ഒക്ടോബര്‍ 18ന് 95,960
- ഡിസംബര്‍ 12ന് 98,400
- ഡിസംബര്‍ 15ന് രാവിലെ 98,800 ഉച്ചയ്ക്ക് ശേഷം 99,280
വില വര്‍ധനവിന് കാരണം
വിവിധ കാരണങ്ങളാണ് സ്വര്‍ണവില ഉയരുന്നതിന് 2025ല്‍ വഴിവെച്ചത്. 2025ല്‍ യൂറോപ്പ്, അമേരിക്ക, ചൈന തുടങ്ങിയ വലിയ സാമ്പത്തിക ശക്തികള്‍ വളര്‍ച്ചാ നിരക്കില്‍ തിരിച്ചടി നേരിട്ടിരുന്നു. സാമ്പത്തികരംഗത്തുണ്ടായ മാറ്റങ്ങള്‍, പ്രത്യേകിച്ച് അമേരിക്കയില്‍, ഇത് ഓഹരി വിപണികളിലും മാറ്റം വരുത്തി. അതിന്റെ ഫലമായി പല നിക്ഷേപകരും സ്വര്‍ണത്തിലേക്ക് തിരിഞ്ഞു.
കൂടാതെ സ്വര്‍ണവിലയും യുഎസ് ഡോളറും തമ്മിലുള്ള ബന്ധവും വലിയൊരു ഘടകമാണ്. സ്വര്‍ണവില നിശ്ചയിക്കുന്നത് ഡോളറിലാണ്. ഡോളര്‍ ദുര്‍ബലമാകുമ്പോള്‍ സ്വര്‍ണം കൂടുതല്‍ ആകര്‍ഷണീയമാകുന്നു. 2025ല്‍ കനത്ത ഇടിവാണ് ഡോളര്‍ നേരിട്ടത്. ഇതിന് പുറമെ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് മൂന്ന് തവണയാണ് 2025ല്‍ പലിശ നിരക്ക് കുറച്ചത്. ഇതോടെ മറ്റ് നിക്ഷേപങ്ങളില്‍ നിന്നും നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് എത്തി.
ചൈന, റഷ്യ, ഇന്ത്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ വലിയ അളവില്‍ സ്വര്‍ണം വാങ്ങിക്കുന്നതും വില വര്‍ധനവിന് കാരണമാകുന്നുണ്ട്. സ്വര്‍ണ ലഭ്യത കുറയുന്നത് വിലവര്‍ധനവിന് വഴിയൊരുക്കും. കൂടാതെ മധ്യേഷ്യയിലുണ്ടായ സംഘര്‍ഷങ്ങളും സ്വര്‍ണവിലയെ സ്വാധീനിച്ചു.