CBSE Board Exams: സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ ഹാള്‍ടിക്കറ്റ് എത്തി; എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം
CBSE 10th 12th Board Exam Admit Card: ഈ വർഷത്തെ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ ടൈംടേബിൾ തയ്യാറാക്കിയിരിക്കുന്നത് ജെഇഇ മെയിൻസ്, നീറ്റ് തുടങ്ങിയ മത്സര പരീക്ഷകളുടെ തീയതികൾ കൂടി പരിഗണിച്ചാണ്.

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള ബോർഡ് പരീക്ഷ 2025ന്റെ അഡ്മിറ്റ് കാർഡുകൾ പുറത്തിറക്കി. പരീക്ഷയ്ക്കായി കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‍സൈറ്റ് വഴി അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം. വിദ്യാർത്ഥിയുടെ പേര്, റോൾ നമ്പർ, പരീക്ഷാ കേന്ദ്രം, തിരഞ്ഞെടുത്ത വിഷയങ്ങൾ, പരീക്ഷാ തീയതികൾ, തുടങ്ങിയ പ്രധാന വിവരങ്ങൾ അഡ്മിറ്റ് കാർഡിൽ ഉൾപ്പെടുന്നു.
44 ലക്ഷം വിദ്യാർത്ഥികൾ ഈ വർഷം 10, 12 ക്ലാസുകളിലെ സിബിഎസ്ഇ ബോർഡ് പരീക്ഷ എഴുതുമെന്നാണ് കരുതുന്നത്. ഈ വർഷം പരീക്ഷയ്ക്ക് ഏകദേശം 86 ദിവസം മുമ്പ് തന്നെ സിബിഎസ്ഇ പരീക്ഷ തീയതികൾ ബോർഡ് പുറത്തുവിട്ടു. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 15 ന് ആരംഭിച്ച് മാർച്ച് 18 ന് അവസാനിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫെബ്രുവരി 15 ന് ആരംഭിച്ച് ഏപ്രിൽ 4 ന് പൂർത്തിയാകും. ഇംഗ്ലീഷ് പരീക്ഷയോട് കൂടിയാണ് പത്താം ക്ലാസ് ബോർഡ് പരീക്ഷ ആരംഭിക്കുക. അതേസമയം, ഈ വർഷത്തെ ടൈംടേബിൾ തയ്യാറാക്കിയിരിക്കുന്നത് ജെഇഇ മെയിൻസ്, യുജി നീറ്റ് തുടങ്ങിയ മത്സര പരീക്ഷകളുടെ തീയതികൾ കൂടി പരിഗണിച്ചാണ്.
ALSO READ: ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് സ്കോളർഷിപ്പ്, ലഭിക്കുക 13000 രൂപ വരെ; അപേക്ഷാ തീയതി നീട്ടി
സിബിഎസ്ഇ ബോർഡ് പരീക്ഷാ അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
- സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in സന്ദർശിക്കുക.
- ഹോം പേജിൽ കാണുന്ന ‘അഡ്മിറ്റ് കാർഡ്’ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- യൂസർ ഐഡി, പാസ്‌വേഡ് എന്നിവ നൽകുക.
- തുടർന്ന്, അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
- അഡ്മിറ്റ് കാർഡ് പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.
പരീക്ഷാ പ്രക്രിയ മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഈ വർഷം സിബിഎസ്ഇ നിരവധി മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. കൂടാതെ, ഇന്റേണൽ അസസ്‌മെന്റുകളുടെ വെയ്റ്റേജ് വർധിപ്പിക്കുകയും ചെയ്തു. അതായത് ഇന്റേണൽ മാർക്ക് 40 ശതമാനവും ബാക്കി 60 ശതമാനം ബോർഡ് പരീക്ഷകളെ അടിസ്ഥാനമാക്കിയുള്ളതും ആയിരിക്കും. മറ്റ് പ്രധാന മാറ്റങ്ങളിൽ ഒന്ന് 75 ശതമാനം ഹാജർ നിർബന്ധമാക്കിയതാണ്. ഇതിന് പുറമെ, പരീക്ഷാ സമയത്തെ സുരക്ഷയും സുതാര്യതയും ഉറപ്പാക്കുന്നതിന് വേണ്ടി എല്ലാ പരീക്ഷാ ഹാളുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കണം എന്നതും സിബിഎസ്ഇ നിർബന്ധമാക്കിയിട്ടുണ്ട്.