5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UPSC Civil Service Examination : സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിച്ചവരോട്; ആപ്ലിക്കേഷനിലെ ഈ മാറ്റം അറിഞ്ഞോ?

UPSC introduces changes in online application: ഫെബ്രു. 18 വരെ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷിക്കാം. നേരത്തെ ഫെബ്രു. 11 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. പിന്നീട് സമയപരിധി നീട്ടുകയായിരുന്നു. യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഇപ്പോഴിതാ, അപേക്ഷയുമായി ബന്ധപ്പെട്ട ചില സുപ്രധാനങ്ങള്‍ മാറ്റങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് കമ്മീഷന്‍

UPSC Civil Service Examination : സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിച്ചവരോട്; ആപ്ലിക്കേഷനിലെ ഈ മാറ്റം അറിഞ്ഞോ?
യുപിഎസ്‌സി പരീക്ഷാകേന്ദ്രം-ഫയല്‍ ചിത്രം Image Credit source: PTI
jayadevan-am
Jayadevan AM | Published: 14 Feb 2025 12:50 PM

സിവില്‍ സര്‍വീസ് പരീക്ഷയുമായി ബന്ധപ്പെട്ടുള്ള ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള വണ്‍ ടൈം രജിസ്‌ട്രേഷനില്‍ ചില മാറ്റങ്ങള്‍ ഏര്‍പ്പെടുത്തി യുപിഎസ്‌സി. ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിൽ ഉദ്യോഗാർത്ഥികൾ ഉന്നയിച്ച ചില ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് തീരുമാനം. ‘ഹാവ് യു എവര്‍ ചേഞ്ചഡ് നെയിം?, ജെന്‍ഡര്‍, മൈനോറിറ്റി സ്റ്റാറ്റസ്, പത്താം ക്ലാസ് ബോര്‍ഡ് എക്‌സാമിനേഷന്‍ റോള്‍ നമ്പര്‍ എന്നീ എന്‍ട്രികള്‍ അപേക്ഷയുടെ ഫൈനല്‍ സബ്മിഷന്‍ വരെയും, അതിനുശേഷം കറക്ഷന്‍ വിന്‍ഡോയിലും എഡിറ്റ് ചെയ്യാന്‍ അനുവദിച്ചതാണ് പ്രധാന മാറ്റം.

എന്നാല്‍ പേര്, ജനനത്തീയതി, മാതാപിതാക്കളുടെ പേര്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നീ എൻട്രികളുമായി ബന്ധപ്പെട്ട കോളങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് ഒരു മാറ്റവും വരുത്താൻ അനുവാദമില്ല. ഉദ്യോഗാര്‍ത്ഥിക്ക് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിക്കാന്‍ പറ്റുന്നില്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഐഡി ഉപയോഗിച്ച് മൊബൈല്‍ നമ്പര്‍ മാറ്റാന്‍ അപേക്ഷിക്കാം. ഈ സാഹചര്യത്തില്‍ രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഐഡിയിലേക്ക് ഒരു ഒടിപി ലഭിക്കും.

അതുപോലെ, രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഐഡി ഉപയോഗിക്കാന്‍ പറ്റുന്നില്ലെങ്കില്‍, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ വഴി ഇമെയില്‍ മാറ്റാനും അപേക്ഷിക്കാം. മൊബൈലില്‍ ലഭിക്കുന്ന ഒടിപി വഴി ഇമെയില്‍ ഐഡി മാറ്റാനാകുമെന്ന് യുപിഎസ്‌സി അറിയിച്ചു.

എന്നാല്‍ രജിസ്റ്റര്‍ ചെയ്ത മൊബൈലും, ഇമെയില്‍ ഐഡിയും ഉപയോഗിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ കമ്മീഷനിലേക്ക് അപേക്ഷ അയക്കണം. മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ്, സാധുവായ തിരിച്ചറിയല്‍ കാര്‍ഡ്, അടുത്തിടെയെടുത്ത പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, നിര്‍ദ്ദിഷ്ട ഫോര്‍മാറ്റിലുള്ള ‘അണ്ടര്‍ടേക്കിങ്’ എന്നിവ സഹിതം otr-upsc@gov.in എന്ന അഡ്രസിലേക്കാണ് അപേക്ഷ അയക്കേണ്ടത്.

Read Also :  നീറ്റ് യുജി പരീക്ഷ 2025; സിലബസ് ഡൗൺലോഡ് ചെയ്യേണ്ടതിങ്ങനെ

ഒരു ഉദ്യോഗാർത്ഥിയുടെ പേര് മാറുകയും മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റിലോ ഉന്നത വിദ്യാഭ്യാസ സർട്ടിഫിക്കറ്റിലോ നൽകിയിരിക്കുന്ന പേരുമായി പൊരുത്തക്കേട് തോന്നുകയും ചെയ്താൽ, ഉദ്യോഗാർത്ഥി അതിനായി ഒരു ഗസറ്റ് നോട്ടിഫിക്കേഷന്‍ സമർപ്പിക്കേണ്ടതുണ്ട്. നിലവിൽ ഗസറ്റ് നോട്ടിഫിക്കേഷന്‍ പക്കൽ ലഭ്യമല്ലെങ്കിൽ, അതിന്റെ പകർപ്പ് അപ്‌ലോഡ് ചെയ്യാം.

ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് ഡിഗ്രി (ബിരുദവും ബിരുദാനന്തര ബിരുദവും) ഉള്ളവർക്ക് അവരുടെ ഗ്രാജ്വേഷന്‍ കോളത്തിലും ഹയര്‍ ക്വാളിഫിക്കേഷന്‍ കോളത്തിലും ഇതേ കോഴ്സ് പൂരിപ്പിക്കാം. അപേക്ഷ സമർപ്പിച്ചതിനുശേഷം, അപേക്ഷാ ഫോമിലെ എൻട്രികളിൽ എന്തെങ്കിലും മാറ്റങ്ങളോ തിരുത്തലുകളോ ഉണ്ടെങ്കിൽ, കമ്മീഷന്‍ അനുവദിക്കുന്ന ഒരാഴ്ച കറക്ഷന്‍ വിന്‍ഡോയില്‍ മാത്രമേ അവ നടപ്പിലാക്കാന്‍ കഴിയൂ.

ഫെബ്രുവരി 18 വരെ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷിക്കാം. നേരത്തെ ഫെബ്രുവരി 11 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. പിന്നീട് സമയപരിധി നീട്ടുകയായിരുന്നു. യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.