AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KDRB: ഗുരുവായൂർ ദേവസ്വം നിയമനങ്ങളിൽ വഴിത്തിരിവ്; കെഡിആര്‍ബി വിജ്ഞാപനങ്ങള്‍ റദ്ദാക്കി; റിക്രൂട്ട്‌മെന്റ് ബോർഡിന് അധികാരമില്ല

Kerala High Court revokes KDRB’s Power Over Guruvayoor Appointments: ഗുരുവായൂര്‍ ദേവസ്വത്തിലെ നിയമനങ്ങള്‍ നടത്താന്‍ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് അധികാരമില്ലെന്ന് ഹൈക്കോടതി. 38 തസ്തികകളിലേക്ക് കെഡിആര്‍ബി പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാകും. ദേവസ്വം മാനേജിംഗ് കമ്മിറ്റി നിയമനം നടത്തും.

KDRB: ഗുരുവായൂർ ദേവസ്വം നിയമനങ്ങളിൽ വഴിത്തിരിവ്; കെഡിആര്‍ബി വിജ്ഞാപനങ്ങള്‍ റദ്ദാക്കി; റിക്രൂട്ട്‌മെന്റ് ബോർഡിന് അധികാരമില്ല
KDRB
Jayadevan AM
Jayadevan AM | Updated On: 09 Jan 2026 | 09:26 PM

ഗുരുവായൂര്‍ ദേവസ്വത്തിലെ വിവിധ നിയമനങ്ങള്‍ നടത്താന്‍ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് (കെഡിആര്‍ബി) അധികാരമില്ലെന്ന് ഹൈക്കോടതി. ഗുരുവായൂർ ദേവസ്വത്തിലെ വിവിധ തസ്തികകളിലേക്കും ദേവസ്വത്തിന് കീഴിലുള്ള എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തസ്തികകളിലേക്കും ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് അനുമതി നൽകുന്ന കെഡിആർബി ആക്ടിലെ സെക്ഷൻ 9 നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.

ഗുരുവായൂര്‍ ദേവസ്വം എംപ്ലോയിസ് യൂണിയന്‍ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ഗുരുവായൂര്‍ ദേവസ്വത്തിലെ നിയമനം നടത്താനുള്ള അധികാരം ദേവസ്വം മാനേജിങ് കമ്മിറ്റിക്കാണെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി, ജസ്റ്റിസ് ശ്യാം കുമാർ വി.എം. എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഇതുപ്രകാരം ഗുരുവായൂര്‍ ദേവസ്വത്തിലെ ക്ലര്‍ക്ക് ഉള്‍പ്പെടെയുള്ള 38 തസ്തികകളിലേക്ക് കെഡിആര്‍ബി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാകും. ഈ വിജ്ഞാപനം പ്രകാരമുള്ള പരീക്ഷ കെഡിആര്‍ബി പൂര്‍ത്തിയാക്കിയിരുന്നു. ഫലപ്രഖ്യാപനം അടക്കമുള്ള നടപടികളിലേക്ക് കടക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ് വന്നിരിക്കുന്നത്.

Also Read: Devaswom Recruitment: ഇതെന്തു പറ്റി? തിരുവിതാംകൂര്‍ ദേവസ്വം എല്‍ഡി തസ്തികയിലേക്ക് അപേക്ഷകര്‍ നന്നേ കുറവ്‌

വിവിധ തസ്തികകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കെഡിആർബി പുറപ്പെടുവിച്ച വിജ്ഞാപനങ്ങള്‍ റദ്ദാകുമെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ കെഡിആര്‍ബി ഇതിനകം നടത്തിയ നിയമനങ്ങളെ ഉത്തരവ് ബാധിക്കില്ല. ഇനി മുതല്‍ കെഡിആര്‍ബി ഗുരുവായൂര്‍ ദേവസ്വത്തിലേക്ക് നിയമനം നടത്തരുതെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.

നിയമനം ഇനി എങ്ങനെ?

റദ്ദാക്കിയ വിജ്ഞാപനങ്ങള്‍ക്ക് പകരം ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റി ഇനി പുതിയതായി നോട്ടിഫിക്കേഷനുകള്‍ പുറത്തുവിടും. വിവിധ തസ്തികകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റിക്ക് നിയമന പ്രക്രിയ ആരംഭിക്കാമെന്ന് കോടതി വ്യക്തമാക്കി.

തുടക്കം മുതൽ അവസാനം വരെ ഈ പ്രക്രിയയുടെ മേൽനോട്ടവും നിയന്ത്രണവും നിര്‍വഹിക്കാന്‍ പ്രത്യേക സമിതിയെയും കോടതി രൂപീകരിച്ചു. ജസ്റ്റിസ് പിഎന്‍ രവീന്ദ്രന്‍ (റിട്ടയേര്‍ഡ്) സമിതിക്ക് നേതൃത്വം നല്‍കും. ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റി അഡ്മിനിസ്‌ട്രേറ്റര്‍, അഡ്വക്കേറ്റ് കെ. ആനന്ദ് എന്നിവരും സമിതിയിലുണ്ടാകും.

ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റി വിവിധ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ ഉടൻ ഏറ്റെടുക്കും. നിയമന പ്രക്രിയയുടെ മേൽനോട്ടത്തിനും നിയന്ത്രണത്തിനുമായി രൂപീകരിച്ച പ്രത്യേക സമിതിയുടെ കാലാവധി ഒരു വർഷത്തേക്കായിരിക്കും. വിശദമായ കോടതി ഉത്തരവ് ഇവിടെ ലഭിക്കും.