Student Concession In Kerala: ക്യുആര്‍ കോഡില്‍ എല്ലാം അറിയാം; വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ‘ന്യൂജെനാ’കും
Student concessions in private buses: സ്വകാര്യ ബസുകളിലെ കണ്‍സെഷന്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടപ്പാക്കുന്നതിലൂടെ ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ
തിരുവനന്തപുരം: ഒരു മാസം മുമ്പാണ് കോട്ടയം ജില്ലയിലെ പാലായില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ അപ്രതീക്ഷിതമായി പണിമുടക്കിയത്. ഒരു പ്രമുഖ വിദ്യാര്‍ത്ഥി സംഘടനയിലുള്ളവര്‍ ജീവനക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപിച്ചായിരുന്നു പണിമുടക്ക്. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷനുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്. കേരളത്തെ സംബന്ധിച്ച് ബസ് ജീവനക്കാരും വിദ്യാര്‍ത്ഥികളും കണ്‍സെഷനെച്ചൊല്ലി തര്‍ക്കമുണ്ടാക്കുന്നത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. കണ്‍സെഷന്‍ ആരംഭിച്ചപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ഇത്തരം തര്‍ക്കങ്ങള്‍. അതില്‍ ഒടുവിലത്തേതായിരുന്നു പാലായിലെ സംഭവം.
ഇപ്പോഴിതാ, സ്വകാര്യ ബസുകളിലെ കണ്‍സെഷന്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടപ്പാക്കുന്നതിലൂടെ ഇത്തരം തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. കണ്‍സെഷന്‍ ‘ന്യൂജനാ’കുന്നതിലൂടെ തര്‍ക്കരഹിതമായ ബസ് യാത്ര വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍.
എംവിഡി ലീഡ്‌സ് മൊബൈല്‍ ആപ്ലിക്കേഷന്‍
എംവിഡി ലീഡ്‌സ് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ കണ്‍സെഷന്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റാനാണ് നീക്കം. നിലവില്‍ പദ്ധതി പ്രാരംഭ ഘട്ടത്തില്‍ മാത്രമാണ്. എന്ന് നടപ്പിലാകുമെന്ന് വ്യക്തമല്ല. പ്രാബല്യത്തിലായതിന് ശേഷം ഈ ആപ്ലിക്കേഷനിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷനായി അപേക്ഷിക്കാനാകും.
ഇതിനായി ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യേണ്ടി വരും. തുടര്‍ന്ന് വിദ്യാര്‍ത്ഥി യാത്ര ചെയ്യുന്ന റൂട്ട് വ്യക്തമാക്കി അപേക്ഷ നല്‍കസണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അപേക്ഷയിലെ വിവരങ്ങള്‍ സ്ഥിരീകരിച്ച് ശുപാര്‍ശ നല്‍കണം. തുടര്‍ന്ന് ഇത് പരിശോധിച്ചതിന് ശേഷം അധികൃതര്‍ കണ്‍സെഷന്‍ അനുവദിക്കും.
ക്യുആര്‍ കോഡ് വഴി അറിയാം
ഇതിന് ശേഷം കണ്‍സെഷന്‍ കാര്‍ഡിന്റെ ക്യുആര്‍ കോഡ് പ്രിന്റ് എടുത്ത് ബസ് യാത്രയില്‍ ഉപയോഗിക്കാം. ബസ് കണ്ടക്ടര്‍ ഈ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യും. കണ്‍സെഷന്‍ വിശദാംശങ്ങള്‍ ഇതുവഴി വ്യക്തമാകും.
എന്താണ് ഗുണം?
കണ്‍സെഷനുമായി ബന്ധപ്പെട്ട് ബസ് യാത്രയില്‍ ഉടലെടുക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാനാകുമെന്നതാണ് ഗുണം. തുടക്കത്തില്‍ സര്‍ക്കാര്‍ അംഗീകൃത സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാകും ഈ സേവനം ലഭ്യമാകുകയെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് ഇത് കൂടുതല്‍ സ്‌കൂളുകളിലേക്ക് വ്യാപിക്കും.