Kerala PSC vacancy : അടുത്ത വർഷത്തെ ജോലി ഒഴിവുകൾ ഉടൻ റിപ്പോർട്ട് ചെയ്യണം, കർഷന നിർദ്ദേശവുമായി പിഎസ് സി
PSC Issues Strict Order to Immediately Report Job Vacancies: ഒഴിവുകൾ ഇല്ലെങ്കിൽ ആ വിവരവും അറിയിക്കണം. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നു.
Kerala PSCImage Credit source: Kerala Public Service Commission/ Facebook
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വകുപ്പുകളിൽ 2026 ജനുവരി 1 മുതൽ ഡിസംബർ 31 വരെ ഉണ്ടാകാൻ സാധ്യതയുള്ള പ്രതീക്ഷിത ഒഴിവുകൾ ഡിസംബർ 26-നകം പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് കർശന നിർദേശം നൽകി. ഒഴിവുകൾ ഇല്ലെങ്കിൽ ആ വിവരവും അറിയിക്കണം. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നു.
പ്രധാന നിർദേശങ്ങൾ
- ഒരു തസ്തികയ്ക്ക് നിലവിൽ റാങ്ക് ലിസ്റ്റ് ഉണ്ടെങ്കിൽ, പി.എസ്.സി. വഴി നികത്തേണ്ട എല്ലാ ഒഴിവുകളും ആ ലിസ്റ്റിൽ നിന്നുമാത്രമേ നികത്താവൂ.
- റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകളിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ദിവസക്കൂലി, കരാർ നിയമനം തുടങ്ങിയ താൽക്കാലിക നിയമന രീതികൾ പാടില്ല.
- ഒഴിവുകൾ പി.എസ്.സി.യുടെ ഇ-വേക്കൻസി സോഫ്റ്റ്‌വെയർ വഴി മാത്രമേ റിപ്പോർട്ട് ചെയ്യാവൂ.
- റിപ്പോർട്ട് ചെയ്യുന്ന വിവരങ്ങൾ പൂർണ്ണമായും കൃത്യമാണെന്ന് നിയമനാധികാരികൾ ഉറപ്പുവരുത്തണം.
- ഒരിക്കൽ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്ത ഒഴിവുകൾ റദ്ദാക്കാനോ കുറവ് വരുത്താനോ കഴിയില്ല. കൂടാതെ, ഈ ഒഴിവുകൾ ഉദ്യോഗക്കയറ്റമോ സ്ഥലംമാറ്റമോ വഴി നികത്താനും പാടില്ല.
- ഒഴിവ് നിലവിൽ വരുന്ന തീയതി കൃത്യമായി രേഖപ്പെടുത്തണം.
- ജോലിയിൽ പ്രവേശിക്കാത്തതു മൂലമുള്ള (NJD) ഒഴിവുകൾ, പ്രവേശന സമയം കഴിഞ്ഞ ഉടൻ തന്നെ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യണം. പ്രവേശന സമയം നീട്ടാനുള്ള അപേക്ഷകളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമേ ഇത് ചെയ്യാവൂ.
- ആറു മാസമോ അതിലധികമോ ദൈർഘ്യമുള്ള അവധി ഒഴിവുകൾ , ഡെപ്യൂട്ടേഷൻ ഒഴിവുകൾ എന്നിവ പ്രതീക്ഷിത ഒഴിവുകളായി കണക്കാക്കി റിപ്പോർട്ട് ചെയ്യണം.
- തസ്തികമാറ്റം, അന്തർ ജില്ലാ/അന്തർ വകുപ്പ് സ്ഥലംമാറ്റം, ആശ്രിത നിയമനം തുടങ്ങിയവയ്ക്കായി സ്‌പെഷ്യൽ റൂൾസ് പ്രകാരം അനുവദനീയമായ ഒഴിവുകൾ പ്രതീക്ഷിത ഒഴിവുകൾ കണക്കാക്കുമ്പോൾ മാറ്റിവയ്ക്കണം.
- 2026-ലെ ഡ്രൈവർ/ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് തസ്തികകളിലെ പ്രതീക്ഷിത ഒഴിവുകൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യേണ്ടതില്ല. യഥാർഥ ഒഴിവുകൾ ഉണ്ടാകുമ്പോൾ മാത്രം റിപ്പോർട്ട് ചെയ്താൽ മതി.
- പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്ത ഒഴിവുകളുടെ വിശദാംശങ്ങൾ ഡിസംബർ 30-നകം സെക്രട്ടേറിയറ്റിലെ ബന്ധപ്പെട്ട ഭരണവകുപ്പിനും ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിനും റിപ്പോർട്ട് ചെയ്യണമെന്നും സർക്കുലറിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ കർശന നിർദേശങ്ങൾ പി.എസ്.സി. നിയമന നടപടികൾ കൂടുതൽ വേഗത്തിലാക്കാനും സുതാര്യമാക്കാനും ലക്ഷ്യമിട്ടുള്ളതാണ്.