KDRB Recruitment 2025: എല്‍ഡി ക്ലര്‍ക്ക് മാത്രമല്ല, ഗുരുവായൂര്‍ ദേവസ്വത്തിലേക്കുള്ള മിക്ക പരീക്ഷകളും ജൂലൈയില്‍; തീയതികള്‍ പുറത്ത്
Kerala Devaswom Board Exam Date 2025: സാനിറ്റേഷന്‍ വര്‍ക്കര്‍/സാനിറ്റേഷന്‍ വര്‍ക്കര്‍ (ആയുര്‍വേദ), ഗാര്‍ഡനര്‍, കൗ ബോയ്, ലിഫ്റ്റ് ബോയ്, റൂം ബോയ്, ലാമ്പ് ക്ലീനര്‍, ആയ (ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍), ഓഫീസ് അറ്റന്‍ഡന്റ് (ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍), സ്വീപ്പര്‍ (ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍) എന്നീ തസ്തികകളിലേക്കുള്ള പരീക്ഷാത്തീയതി പുറത്ത്

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്
ഗുരുവായൂര്‍ ദേവസ്വത്തിലെ വിവിധ തസ്തികകളിലെ നാനൂറിലേറെ ഒഴിവുകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (കെഡിആര്‍ബി) നടത്തുന്ന നിയമനത്തിന്റെ പരീക്ഷാത്തീയതികള്‍ പുറത്ത്. മിക്ക തസ്തികകളിലേക്കുമുള്ള പരീക്ഷ ജൂലൈയില്‍ നടത്തും. കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിച്ച തസ്തികകളിലൊന്നായ എല്‍ഡി ക്ലര്‍ക്ക് വിഭാഗത്തിലെ പരീക്ഷ ജൂലൈ 13ന് നടത്തുമെന്ന് കെഡിആര്‍ബി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് ചില തസ്തികകളിലെ പരീക്ഷാത്തീയതികള്‍ കൂടി പുറത്തുവിട്ടത്.
സാനിറ്റേഷന്‍ വര്‍ക്കര്‍/സാനിറ്റേഷന്‍ വര്‍ക്കര്‍ (ആയുര്‍വേദ), ഗാര്‍ഡനര്‍, കൗ ബോയ്, ലിഫ്റ്റ് ബോയ്, റൂം ബോയ്, ലാമ്പ് ക്ലീനര്‍, ആയ (ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍), ഓഫീസ് അറ്റന്‍ഡന്റ് (ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍), സ്വീപ്പര്‍ (ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍) എന്നീ തസ്തികകളിലേക്ക് ജൂലൈ 20ന് പരീക്ഷ നടത്തും. ഈ തസ്തികകളിലേക്ക് പൊതുപരീക്ഷയാണ് നടത്തുന്നത്.
അഡ്മിറ്റ് കാര്‍ഡ് എന്നു മുതല്‍?
- ജൂണ്‍ അഞ്ച് മുതല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം
- kdrb.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്
ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷ. പൊതുവിജ്ഞാനം, ആനുകാലികം, യുക്തിചിന്ത, മാനസികശേഷി, ലഘുഗണിതം, ജനറല്‍ സയന്‍സ്, പ്രാദേശിക ഭാഷ, ക്ഷേത്രകാര്യങ്ങള്‍, ആചാരനുഷ്ഠാനങ്ങള്‍, ഹൈന്ദവ സംസ്‌കാരം, ദേവസ്വങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് ചോദ്യമുണ്ടാകും. പരമാവധി മാര്‍ക്ക് 100. ചോദ്യങ്ങള്‍ മലയാളത്തിലായിരിക്കും.
കൂടാതെ ഈ തസ്തികളുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമുണ്ടായേക്കാമെന്ന് കെഡിആര്‍ബി അറിയിച്ചു. വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് തുടങ്ങിയ ഏതെങ്കിലും രേഖയുടെ അസല്‍ പരീക്ഷയ്ക്ക് അഡ്മിറ്റ് കാര്‍ഡിനൊപ്പം ഹാജരാക്കണം. അഡ്മിറ്റ് കാര്‍ഡില്‍ വ്യക്തമാക്കിയിട്ടുള്ള സമയത്തിന് മുമ്പ് ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷാഹാളിലെത്തണം. താമസിച്ചെത്തുന്നവര്‍ക്ക് പരീക്ഷയെഴുതാനാകില്ല. മൊബൈല്‍ ഫോണ്‍, കാല്‍ക്കുലേറ്റര്‍ തുടങ്ങിയവയുമായി പരീക്ഷാഹാളില്‍ പ്രവേശിക്കരുത്.