KDRB LDC Bond 2025: തിരുവിതാംകൂര്‍ എല്‍ഡിസി റിക്രൂട്ട്‌മെന്റ്; അപേക്ഷയ്ക്ക് ബോണ്ട് വ്യവസ്ഥകള്‍ ബാധകമോ?
KDRB travancore devasom LD Clerk, Sub group Officer Gr II Important Information: തിരുവിതാംകൂര്‍ ദേവസ്വത്തിലെ എല്‍ഡി ക്ലര്‍ക്ക്/സബ് ഗ്രൂപ്പ് ഓഫീസര്‍ തസ്തികയിലേക്ക് ഈ മാസം 30 വരെ അപേക്ഷിക്കാം. 113 ഒഴിവുകളാണുള്ളത്. 26500-60700 ആണ് ശമ്പള സ്‌കെയില്‍. കെഡിആര്‍ബിയുടെ വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയശേഷം ഓണ്‍ലൈനായി അപേക്ഷിക്കാം

പ്രതീകാത്മക ചിത്രം
തിരുവിതാംകൂര്‍ ദേവസ്വത്തിലെ എല്‍ഡി ക്ലര്‍ക്ക്/സബ് ഗ്രൂപ്പ് ഓഫീസര്‍ തസ്തികയില്‍ ബോണ്ട് വ്യവസ്ഥകള്‍ ബാധകമായേക്കും. നിലവില്‍ ബോണ്ട് ബാധകമാക്കിയിട്ടില്ലെങ്കിലും, അത് നടപ്പിലാക്കുന്നതിനുള്ള സാധ്യതകള്‍ ശക്തമാണ്. കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും സര്‍വീസിലുണ്ടാകണമെന്ന് വ്യവസ്ഥ ചെയ്യുന്ന നിര്‍ദ്ദേശം സ്‌പെഷ്യല്‍ റൂളില്‍ ഉള്‍പ്പെടുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടപടികള്‍ സ്വീകരിക്കുന്നതായി കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വ്യക്തമാക്കി. ഇതുപ്രകാരം ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ദേവസ്വം കമ്മീഷണര്‍/ചീഫ് എഞ്ചിനീയറുടെ പേരില്‍ 50,000 രൂപയുടെ ബോണ്ട് നടപ്പിലാക്കാനാണ് നീക്കം.
ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിച്ച് സ്‌പെഷ്യല്‍ റൂള്‍സില്‍ ഭേദഗതി വന്നാല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബോണ്ട് വ്യവസ്ഥകള്‍ ബാധകമാകും. നിലവില്‍ പുറത്തുവിട്ട വിജ്ഞാപനത്തില്‍ ബോണ്ട് നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും, ഭേദഗതി നിലവില്‍ വന്നാല്‍ ഈ വിജ്ഞാപനപ്രകാരം നിയമിക്കപ്പെടുന്നവര്‍ക്ക് പുതിയ വ്യവസ്ഥകള്‍ ബാധകമാകും.
അതേസമയം, തിരുവിതാംകൂര്‍ ദേവസ്വത്തിലെ എല്‍ഡി ക്ലര്‍ക്ക്/സബ് ഗ്രൂപ്പ് ഓഫീസര്‍ തസ്തികയിലേക്ക് ഈ മാസം 30 വരെ അപേക്ഷിക്കാം. 113 ഒഴിവുകളാണുള്ളത്. 26500-60700 ആണ് ശമ്പള സ്‌കെയില്‍. പ്ലസ്ടു, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് കമ്പ്യൂട്ടര്‍ വേഡ് പ്രോസസിങ് സര്‍ട്ടിഫിക്കറ്റ് യോഗ്യതകളുള്ള 18-36 പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം.
കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ kdrb.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. കെഡിആര്‍ബിയുടെ വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയശേഷം ഓണ്‍ലൈനായി അപേക്ഷിക്കാം. ഇതിന് മുമ്പ് രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക് അവരുടെ പ്രൊഫൈലിലൂടെ നേരിട്ട് അപേക്ഷിക്കാം. ജനറല്‍/ഇഡബ്ല്യുഎസ്/ഒബിസി വിഭാഗങ്ങള്‍ക്ക് 500 രൂപയാണ് അപേക്ഷാഫീസ്. എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് 250 രൂപ മതി.